ഒരുമയാണ് സുശക്തമായ സമൂഹത്തിന്റെ അടിത്തറ ഖുതുബകളിലൂടെ ...

ഇസ്‌ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളിൽ പെട്ടതാണ് സമൂഹത്തോടും അവരുടെ നേതൃത്വത്തോടും ചേർന്ന് നിൽക്കുക എന്നത്. ഐക്യം കരുത്തും കാരുണ്യവുമാണ്. ഭിന്നത ദൗർബല്യവും ശിക്ഷയുമാണ്. സംഘടിതമായല്ലാതെ ഇസ്‌ലാമില്ല, നേതൃത്വം ഇല്ലാതെ സംഘടനയുംഉണ്ടാവുകയില്ല, അനുസരണം ഇല്ലാതെ നേതൃത്വവും ഇല്ല. ഇസ്‌ലാം എന്നത് ഒരു കെട്ടിടത്തിന്റെ അടിത്തറ ആണ്. ഭരണാധികാരി അതിന്റെ കാവൽക്കാരനുമാണ്. അടിത്തറയും കാവൽക്കാരനും ഇല്ലെങ്കിൽ അത് തകർന്ന് തരിപ്പണമായിപോകും. "മൂന്ന് കാര്യങ്ങൾ ഒരു വിശ്വാസിയുടെ ഹൃദയത്തിൽ ഉണ്ടായാൽ അവൻ വഞ്ചിക്കപ്പെടുകയില്ല. കർമ്മങ്ങൾ അല്ലാഹുവിനു വേണ്ടി മാത്രം നിഷ്കളങ്കമായി ചെയ്യുക, ഭരണാധികാരിയോട് ഗുണകാംക്ഷ ഉണ്ടാവുക, സമൂഹത്തോട് ചേർന്ന് നിൽക്കുക കാരണം സമൂഹം അവരുടെ പ്രാർത്ഥനയിൽ തങ്ങളുടെ കൂടെയുള്ളവരെയും ചേർത്തുവെക്കുന്നു". (പ്രവാചക വചനം).

ഐക്യം മുറുകെപ്പിടിച്ചു സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും തങ്ങളുടെ ഭരണാധികാരിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴാണ് രാജ്യത്തും സമൂഹത്തിലും സുഗമമായ ജീവിതസാഹചര്യം സംജാതമാവുക. ഇസ്‌ലാമിക ജീവിതക്രമം നടപ്പിലാക്കേണ്ടതും രാജ്യത്തെ പൗരന്മാരുടെ അന്തസും അവകാശങ്ങളും സംരക്ഷിക്കുക എന്നതും ഭരണാധികാരിയുടെ ബാധ്യതകളിൽ പെട്ടതാണ്. അനീതി ഇല്ലായ്മ ചെയ്യുക, നീതിയും സുരക്ഷയും ഉറപ്പ് വരുത്തുക, തർക്കങ്ങൾ പരിഹരിക്കുക, രാജ്യത്തിന്‍റെ അതിർത്തികൾ സംരക്ഷിക്കുക, അക്രമികളെ നിയന്ത്രിക്കുക എന്നതും നേതൃത്വത്തിന്‍റെ ചുമതലയാണ്.

ഭരണാധികാരികളെ നന്മയിൽ അനുസരിക്കുക എന്നത് വിശ്വാസികളുടെ ബാധ്യത ആണെന്ന് പഠിപ്പിക്കുന്ന ധാരാളം പ്രമാണങ്ങൾ ഉണ്ട്.പ്രവാചൻ പറഞ്ഞു " ആര് എന്നെ അനുസരിച്ചുവോ അവൻ അല്ലാഹുവിനെ അനുസരിച്ചു, ആര് എന്നെ ധിക്കരിച്ചുവോ അവൻ അല്ലാഹുവിനെ ധിക്കരിച്ചു. ആർ തന്‍റെ ഭരണാധികാരിയെ അനുസരിച്ചുവോ അവൻ എന്നെ അനുസരിച്ചു, ആർ തന്‍റെ ഭരണാധികാരിയെ ധിക്കരിച്ചുവോ അവൻ എന്നെ ധിക്കരിച്ചു..." (ഹദീസ്) "ഇഷ്ടമുള്ള കാര്യത്തിലും പ്രയാസമുള്ള കാര്യത്തിലും അനുസരണം ഒരു മുസ്‌ലിമിന്റെ ബാധ്യതയാണ്, അല്ലാഹുവെ ധിക്കരിക്കാൻ കല്പിക്കപ്പെടുന്നത് വരെ" (ഹദീസ്).

യുദ്ധത്തിന്റെയും പ്രയാസത്തിന്റെയും സന്ദർഭങ്ങളിൽ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുക എന്നതും ഭരണാധികാരിക്ക് പൂർണ പിന്തുണ നൽകുക എന്നതും വിശ്വാസികൾക്ക് ഏറെ അനിവാര്യമാണ്. ഐക്യവും കൂട്ടായ്മയുമാണ് ഏതൊരു സമൂഹത്തെയും വിജയത്തിലേക്ക് നയിക്കുക. പരസ്പരമുള്ള ഛിദ്രതയും ഭിന്നതയും സമൂഹത്തിന്റെ പരാജയത്തിനും അപമാനത്തിനും കാരണമായിത്തീരും.

നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന ഈ നിർണായകഘട്ടത്തെ തരണം ചെയ്യാൻ ഭരണാധികാരികളും സുരക്ഷാ ഉദ്യോഗസ്ഥന്മാരും വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് സുരക്ഷയും സമാധാനവും നിലനിർത്താൻ അവർ കഠിനാദ്ധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. അവർക്ക് വേണ്ടി പ്രാർത്ഥനാപൂർവമുള്ള പിന്തുണ എന്നത് നമ്മുടെ ബാധ്യത ആണ്.

നോമ്പിൽ സംഭവിക്കുന്ന അബദ്ധങ്ങൾക്കുള്ള പരിഹാരമാണ് സകാത്തുൽ ഫിത്വർ. പെരുന്നാളിന്റെ സാമൂഹികപരത കൂടി പ്രതിനിധാനം ചെയ്യുന്ന ഒരു ആരാധന കൂടിയാണിത്. പെരുന്നാൾ ദിവസം ഒരാളും പട്ടിണി കിടക്കരുത് എന്നാണ് അതിന്റെപൊരുൾ. പെരുന്നാൾ നമസ്കാരത്തിന് മുമ്പായി ഓരോ വ്യക്തിയും അവരവർക്ക് വേണ്ടിയും താൻ ചെലവ് നൽകാൻ ബാധ്യതപ്പെട്ടവർക്കും വേണ്ടിയാണ് ഇത് നൽകേണ്ടത്.

പെരുന്നാൾ നമസ്കാരം എന്നത് ഇസ്‌ലാമിന്റെ പ്രധാന ചിഹ്നങ്ങളിൽ പെട്ട ഒന്നാണ്. അല്ലാഹുവിന്റെ മഹത്വം വാഴ്ത്തികൊണ്ട് തക്ബീർ ധ്വനികളുമായിട്ടാണ് നാം പള്ളികളിലേക്ക് പുറപ്പെടേണ്ടത്. രാവിലെ 6 മണിക്കാണ് പള്ളികളിൽ വെച്ചുള്ള പെരുന്നാൾ നമസ്കാരം നിർവ ഹിക്കപ്പെടുക. ലഘുഭക്ഷണം കഴിച്ച് പുതുവസ്ത്രങ്ങൾ അണിഞ്ഞു സുഗന്ധം പൂശി പുറപ്പെടുക എന്നത് പ്രവാചകാധ്യാപനങ്ങളിൽ പെട്ടതാണ്.പരസ്പരമുള്ള സ്നേഹാന്വേഷങ്ങളും സന്ദർശനങ്ങളും കൊണ്ട് പെരുന്നാളുകൾ സന്തോഷം നിറഞ്ഞതും ആമോദഭരിതവുമാവട്ടെ.

Tags:    
News Summary - ramadan talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.