ഓരോ വർഷവും റമദാൻ ആഗതമാകുമ്പോൾ ഓർമയിൽ തെളിയുന്നത് സൗദി അറേബ്യയിലെ നോമ്പിന്റെ ദിനരാത്രങ്ങളാണ്, നോമ്പുതുറയും തറാവീഹും കഴിഞ്ഞാൽ റോഡിലെങ്ങും അസാമാന്യ ജനത്തിരക്കാണ് സുബഹി വരെ, ആദ്യത്തെ പത്തിൽ തന്നെ ഉംറ നിർവഹിച്ചുപോരും. രണ്ടാമത്തെ പത്തിലാണ് മദീനയിലേക്കുള്ള യാത്ര. റമദാനിലെ ആദ്യ മദീന യാത്രയാണ് മനസ്സിൽ നിന്നും വിട്ടു പോകാതെ നിൽക്കുന്നത്, അന്നേദിവസം രാവിലെ തന്നെ മദീനാ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി, മറ്റൊരു ഫാമിലിയും കൂടെ ഉണ്ടായിരുന്നു.
യാത്ര ആരംഭിച്ചു, ആദ്യ യാത്ര ആയതുകൊണ്ട് തന്നെ കാണുന്നതെല്ലാം കൗതുകമായിരുന്നു. കണ്ണത്താ ദൂരത്തോളം മരുഭൂമിയിലൂടെയുള്ള യാത്ര. എത്ര മണിക്കൂർ യാത്ര ചെയ്തുവെന്നോ എത്ര ദൂരം താണ്ടി എന്നോ അറിയില്ല മരുഭൂ കാഴ്ചകൾ കണ്ടു കൊണ്ടൊരു യാത്ര. ഏകദേശം മദീന എത്താറായി എന്ന് പറഞ്ഞപ്പോഴാണ് പരിസര ബോധം വന്നത്. നോമ്പു തുറക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ പിന്നെയും ഉണ്ട് ബാക്കി, റോഡിന് ഇരുവശവും ആളുകൾ കൂട്ടംകൂടി നിൽക്കുന്നു പല സ്ഥലങ്ങളിലും. വരുന്ന വണ്ടിക്ക് എല്ലാം അവർ കൈ കാണിക്കുന്നുണ്ട്. ചില വണ്ടികൾ നിർത്തുന്നു ചിലത് നിർത്താതെ പോകുന്നു. അത് നോമ്പുതുറക്ക് സ്വീകരിക്കാൻ നിൽക്കുന്നതാണെന്ന് ഹസ്ബൻഡ് പറഞ്ഞു. ആദ്യം വിശ്വസനീയമായി തോന്നിയില്ല എന്നാൽ നമുക്കു നിർത്താം അതൊന്നു കാണാമല്ലോ എന്ന് ഞങ്ങളും പറഞ്ഞു. അങ്ങനെ അല്പം ദൂരം കൂടി മുന്നോട്ടു പോയപ്പോൾ അവിടെയും ഒരു കൂട്ടർ വണ്ടിക്ക് കൈ കാണിക്കുന്നുണ്ട്. പുറകിലേക്ക് ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അങ്ങനെ അവിടെ നിർത്താമെന്ന് വച്ചു.
വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം എല്ലാം അവർ തന്നെ കാണിച്ചു തന്നു. അവർ ക്ഷണിച്ച സ്ഥലത്തേക്ക് ഞങ്ങൾ ആനയിക്കപ്പെട്ടു. വിഭവസമൃദ്ധമായ ഒരു കല്യാണ പന്തൽ പോലെ കാരക്ക മുതൽ അറേബ്യൻ സുർബ വരെ, എത്ര മനോഹരമായ ഒരു നോമ്പുതുറ, നോമ്പുതുറയും കഴിഞ്ഞ്, അടുത്ത ദിവസം വീണ്ടും വരണമെന്ന് പറഞ്ഞാണ് അവർ യാത്രയാക്കിയത്. റസൂലിനെ സ്വീകരിച്ച ആ നാട് ഇത് ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളൂ എന്നാണ് മനസ്സിൽ പറഞ്ഞത്. മനുഷ്യർ മനുഷ്യരെ പരിഗണിക്കുന്ന ഇത്തരം രീതികൾ എന്നും അത്ഭുതത്തോടെ മാത്രമേ പറയാൻ കഴിയുകയുള്ളൂ. അങ്ങനെ മദീന പള്ളിയിൽ എത്തി തറാവീഹ് നമസ്കാരവും കഴിഞ്ഞു അന്നുതന്നെ ജിദ്ദയിലേക്ക് തിരിച്ചു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.