ജോയ്സി ഫ്രാൻസിസ്

നോമ്പിന്റെ രണ്ടു ഹൃദയാനുഭവങ്ങൾ

നോമ്പിന്റെ വൈയക്തിക അനുഭവവും ആത്മീയ അനുഭവവും ഒരുപോലെ ആസ്വദിക്കാൻ കഴിഞ്ഞ ഒരാളാണ് ഞാൻ. ക്രിസ്ത്യൻ വിശ്വാസിയായിരുന്ന എന്റെ ജീവിതത്തിലെ ആദ്യ നോമ്പ് കഴിഞ്ഞവർഷമായിരുന്നു.

ആദ്യ നോമ്പിന്റെ തലേന്ന് എന്റെ ഉള്ളിൽ ആവേശവും ഒപ്പം ആശങ്കയും ചേർന്നു നിന്നു. ‘എനിക്ക് സാധിക്കുമോ?’ എന്ന ചോദ്യം മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങി. എനിക്കറിയുന്ന വാക്കുകളിൽ നോമ്പിനായി നിയ്യത്ത് ചെയ്തു. ആ രാത്രി, എന്റെ സ്നേഹനിധിയായ അമ്മ വെളുപ്പിന് എഴുന്നേറ്റ് എനിക്കായി അത്താഴം ഒരുക്കി തന്നു. അത് വെറും ഭക്ഷണമല്ലായിരുന്നു എനിക്ക് വേണ്ടി രാത്രിയുടെ യാമങ്ങളിൽ ഉണർന്നിരുന്ന ഒരു മാതാവിന്റെ മൗന സ്നേഹപ്രാർഥനയായിരുന്നു.

ആദ്യ ദിവസങ്ങൾ നോമ്പ് പിടുത്തം ശരീരത്തിന് എളുപ്പമല്ലായിരുന്നു. ക്ഷീണം, തലവേദന, വിശപ്പ് , കഠിനമായ ദാഹം എല്ലാം മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. “ഇത് സാധിക്കുമോ?” എന്ന സംശയം പിന്നെയും തല പൊക്കി. പക്ഷേ, ഇനി പിന്നാക്കമില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു. അന്ന് നോമ്പു തുറന്നപ്പോൾ ലഭിച്ച അനുഭൂതി പറഞ്ഞറിയിക്കാനാവില്ല.

ഓരോ നോമ്പ് തുറക്കുന്ന സമയവും അമ്മയുടെ സ്നേഹം ഒരു ആശ്വാസമായി എന്റെ മുന്നിൽ വിരിഞ്ഞു. ‘ഇന്ന് എങ്ങനെയുണ്ട്?’ എന്ന അമ്മയുടെ ദിവസേനയുള്ള ചോദ്യം ഒരു പ്രാർഥന പോലെ തോന്നി. എനിക്ക് വേണ്ടി പ്രത്യേകം വാങ്ങിത്തന്നിരുന്ന ഭക്ഷണം അമ്മയുടെ ഹൃദയത്തിന്റെ അംഗീകാരം പോലെ തോന്നി. റമദാൻ അവസാനിക്കുമ്പോൾ പഴയ എന്നെ ഞാൻ കണ്ടില്ല. പകരം ക്ഷമയുടെ മൃദുത്വം, വിശപ്പിന്റെ വില, പ്രാർഥനയുടെ ശക്തി... ഇവയെല്ലാം ഞാൻ അനുഭവിച്ചു.

പിന്നീട് കഴിഞ്ഞ ജൂണിലാണ് ഇസ്‍ലാം ആശ്ലേഷിക്കുന്നത്. അത് ഒരു മത മാറ്റം മാത്രമായിരുന്നില്ല. പഠിച്ചറിഞ്ഞ അറിവിലൂടെ ഹൃദയം സത്യം കണ്ടെത്തുകയായിരുന്നു. വിശ്വാസം പാരമ്പര്യമായി കിട്ടുന്നൊരു കാര്യമല്ലെന്നും ഹൃദയം ബോധ്യത്തോടെ സ്വീകരിക്കുന്നൊരു സമർപ്പണമാണെന്നുമാണ് എന്റെ അനുഭവബോധ്യം. ആ ബോധ്യത്തിന്റെ തുടക്കമായിരുന്നു ഈ വർഷത്തെ എന്റെ നോമ്പ്.

ഈ വർഷത്തെ റമദാനിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. ജോലിക്കിടയിലെ ഇടവേളകളിൽ നോമ്പിനെയും ഇസ്‌ലാമിനെയും കുറിച്ച് പഠിക്കാൻ ഞാൻ സമയം കണ്ടെത്തി. അറബി അറിയാത്തതിനാൽ ഖുർആൻ മലയാളം പരിഭാഷയിൽ വായിച്ചു. ചില വാചകങ്ങൾ എന്റെ ഹൃദയത്തെ നിശ്ശബ്ദമായി തൊട്ടു, ചിന്തിപ്പിച്ചു.

അന്ന് ഞാൻ പ്രാർഥിച്ച കാര്യങ്ങൾ ഇന്ന് എന്റെ ജീവിതത്തിൽ സഫലമായി നിൽക്കുമ്പോൾ എനിക്ക് പറയാൻ കഴിയുന്നത്, ഇത്ര മാത്രം സഹനത്തോടെയും വിശ്വാസത്തോടെയും ചെയ്ത പ്രാർഥനകൾ ശരിയായ സമയത്ത് അല്ലാഹു ഏറ്റവും മനോഹരമായി നൽകുന്നു എന്നാണ്. ഇസ്‌ലാം സ്വീകരിച്ച ശേഷം ആദ്യ നോമ്പ് ഇപ്പോൾ ഞാൻ ഈ വെളിച്ചത്തിലേക്ക് വരാൻ കാരണക്കാരനായ എന്റെ പ്രിയപ്പെട്ടവനോടും കുടുംബത്തോടും ഒപ്പമിരുന്ന് ആസ്വദിക്കുന്നു. അത്താഴവും നോമ്പ് തുറയും ഖുർആൻ പാരായണവും അറബി പഠനവും ജോലിയുമെല്ലാം സന്തുലിതമായി മുന്നോട്ട് പോകുന്നു. രണ്ടു നോമ്പുകാലം... രണ്ട് അനുഭവ തലങ്ങൾ...പടച്ചവനു സ്തുതി !

Tags:    
News Summary - Two heart-felt experiences of fasting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.