പശ്ചിമേഷ്യയിലെ അശാന്തിയും അസ്ഥിരതയും തുടരുന്നതിനിടയിലാണ് പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാൻ അവസാന പത്തിലേക്ക് കടന്നിരിക്കുന്നത്. വിശ്വാസികൾ ഏറെ പ്രതീക്ഷയോടെയായിരുന്നു ഈ അനുഗ്രഹീത മാസത്തെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. അതിനിടയിലാണ് ഒരശനിപാതം കണക്കെ ഫെബ്രുവരി 28ന് യുദ്ധം പൊട്ടിപുറപ്പെട്ടത്. ആകാശത്തുണ്ടാവുന്ന സ്ഫോടന ശബ്ദങ്ങളും സൈറൺ മുഴക്കങ്ങളും ഫോണിലൂടെ വരുന്ന സുരക്ഷാ മുന്നറിയിപ്പുകളും ഇപ്പോൾ പ്രവാസികളെ ഏറെ ആശങ്കപ്പെടുത്തികൊണ്ടിരിക്കുന്നുണ്ട്.
ഓരോ പ്രതിസന്ധികളും വിശ്വാസികൾക്ക് പുതിയ അവസരങ്ങളുടെ വാതിലുകളാണ് തുറന്നു നൽകുക. തന്നെ കുറിച്ചും തന്‍റെ ചുറ്റുപാടുകളെ കുറിച്ചുമുള്ള തിരിച്ചറിവുകളുടെ നിരവധി പാഠങ്ങളും ഇത്തരം അവസ്ഥകളിൽ നിന്നാണ് അവന് ലഭ്യമാവുന്ന. അവനെ നാഥനിലേക്ക് കൂടുതൽ അടുക്കാനും അവനുമായി പൂർവോപരി ചേർന്ന് നിൽക്കാനുമുള്ള നിർണായഘട്ടം കൂടിയാണിത്. ആ അർത്ഥത്തിലാണ് അവർ റമദാനിലെ അവസാന ദിനങ്ങളെയും കാണുന്നത്. പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് പുറമെ പ്രത്യേകമായ രാത്രി നമസ്കാരങ്ങൾക്കുള്ള സംവിധാനങ്ങളും ഈ ദിവസങ്ങളിൽ ഉണ്ടാവും. നിലവിലുള്ള പ്രത്യേകസാഹചര്യം പരിഗണിച്ചു കൊണ്ട് ഈ വർഷം ഇതിനുള്ള സമയം ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്.
അവസാനപത്ത് ഓരോ വിശ്വാസിയെ സംബന്ധിച്ചും ഏറെ പ്രാധാന്യം നിറഞ്ഞതും നിർണായകവുമാണ്. മുഹമ്മദ് നബിയും അനുചരന്മാരും ഈ ദിവസങ്ങളിൽ പ്രത്യേകമായി ഒരുങ്ങുകയും അതിനു വേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. "നബി (സ) അവസാന പത്തിൽ അതല്ലാത്ത സമയത്ത് നടത്തിയതിനേക്കാൾ കൂടുതൽ പരിശ്രമിച്ചിരുന്നു." (ഹദീസ്). "നിശ്ചയം നാമാണ് ലൈലത്തുൽ ഖദ്‌റിൽ (വിധിനിർണയ രാവ്) ഖുർആനിനെ അവതരിപ്പിച്ചത്. ലൈലത്തുൽ ഖദ്ർ എന്തെന്ന് നിനക്കറിയാമോ? ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമാണ് ലൈലത്തുൽ ഖദ്ർ. മാലാഖമാരും ജിബ്‌രീലും ആ രാവിൽ എല്ലാ കാര്യങ്ങളിലുമുള്ള തീരുമാനങ്ങളുമായി തങ്ങളുടെ നാഥന്റെ അനുമതിയോടെ ഇറങ്ങിവരും. പ്രഭാതോദയം വരെ അത് സമാധാനമാണ്" (ഖുർആൻ). ഇനിയുള്ള ദിവസങ്ങളിലെ ഒറ്റയായ രാവുകളിലാണ് വിശ്വാസികൾക്ക് ഈ മഹത്തായ പുണ്യവും പ്രതിഫലവും കരസ്ഥമാക്കാൻ സാധിക്കുക എന്നാണു പ്രവാചകൻ പഠിപ്പിക്കുന്നത്. മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് അദ്ദേഹം ഈ ദിവസങ്ങളിൽ പള്ളിയിൽ ഭജനമിരിക്കാറുണ്ടായിരുന്നു. പത്ത് ദിവസം മുഴുവനായി ഇതിന് സൗകാര്യപ്പെടാത്തവർക്ക് സാധ്യമാകുന്നത്ര സമയം പള്ളിയിൽ ചെലവഴിക്കാവുന്നതാണ്.
ഈ ദിവസങ്ങളിൽ ഖുർആൻ പാരായണം, രാത്രിനമസ്കാരങ്ങൾ, ദാനധർമ്മങ്ങൾ, മറ്റിതര സൽക്കർമ്മൾ എന്നിവയും വർധിപ്പിക്കേണ്ടതുണ്ട്. ജീവിതത്തിൽ സംഭവിച്ചുപോയ പാപങ്ങൾ ലോകരക്ഷിതാവിനോട് ഏറ്റുപറയാനുള്ള അവസരം കൂടിയാണിത്. ഓരോ നമസ്കാരവും വിശ്വാസിക്ക് തന്‍റെ നാഥനുമായുള്ള കൂടിക്കാഴ്ചയും വർത്തമാനം പറച്ചിലുമാണ്. ജീവിതയാത്രയിലെ സകലകാര്യങ്ങളുടെയും ഭാണ്ഡക്കെട്ടുകൾ അഴിച്ചുവെക്കാനുള്ള അത്താണിയാണ് കാരുണ്യവാനായ പടച്ചതമ്പുരാൻ.
വിട്ടുവീഴ്ചയുടെ ദിവസങ്ങൾ കൂടിയാണിത്. പരസ്പരമുള്ള വെറുപ്പും വിദ്വേഷവും മനതാരിൽ നിന്നും പൂർണമായും മാറ്റിവെച്ചതിന് ശേഷമാണ് നാം റമദാനിനെ വരവേറ്റത്. ഇനിയും ആരോടെങ്കിലും എന്തെങ്കിലും അനിഷ്ടമോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അതൊക്കെയും മറക്കാനും പൊറുക്കാനും നമുക്ക് കഴിയണം. അനാവശ്യമായ വാശിയും വൈരാഗ്യവും ഒഴിവാക്കാനും മറ്റുള്ളവരെ ചേർത്ത് പിടിക്കാനും സാധിക്കണം. ഈ ദിവസങ്ങളിൽ പ്രാർത്ഥിക്കാൻ വേണ്ടി നിർദേശിക്കപ്പെട്ട വചനങ്ങളിൽ പോലും വിട്ടുവീഴ്ചയെ ആണ് പ്രത്യേകം എടുത്തു പറയുന്നത്. "അല്ലാഹുവെ, നീ മാപ്പ് നൽകുന്നവനും മാപ്പ് നൽകുന്നതിനെ ഇഷ്ടപ്പെടുന്നവനുമാണ്, എനിക്കും നീ മാപ്പ് നൽകുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യേണമേ." (ഹദീസ്).
സമസൃഷികളോട് വിട്ടുവീഴ്ച ചെയ്യുന്നവർക്ക് മാത്രമേ യഥാർത്ഥത്തിൽ അല്ലാഹുവിനോട് മാപ്പ് ചോദിക്കാൻ അർഹതയുള്ളൂ. തന്നോടൊപ്പം തന്റെ കൂടെയുള്ള കുടുംബത്തെയും സമൂഹത്തെയും കൂടി അനുഗ്രഹങ്ങളുടെ പറുദീസയിലേക്ക് നയിക്കാനും ഈ സന്ദർഭത്തെ ഉപയോഗപ്പെടുത്തണം.
നമസ്‌കാര സമയങ്ങളിൽ ക്രമീകരണം
രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് പള്ളികളിലെ നമസ്‌കാര സമയങ്ങളിൽ സുന്നി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിർദ്ദേശ പ്രകാരം തറാവീഹ് നമസ്‌കാരം പരമാവധി 25 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. ഇശാ ബാങ്കിന് ശേഷം 10 മിനിറ്റ് കഴിഞ്ഞാലുടൻ നമസ്‌കാരം ആരംഭിക്കണം. ഇഷാ നമസ്‌കാരത്തിന് തൊട്ടുപിന്നാലെ തന്നെ തറാവീഹ് നമസ്‌കാരവും നിർവഹിക്കേണ്ടതാണ്. ഖിയാമുല്ലൈൽ നിസ്കാരങ്ങൾ ഒരു മണിക്കൂറിനകം പൂർത്തീകരിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.