നസ്റുദ്ദീൻ മണ്ണാർക്കാടും സുഹൃത്തുക്കളും ചൈനയിലെ റസ്റ്റാറന്റിൽ നോമ്പുതുറക്കുന്നു
മറ്റു നാടുകളെ അപേക്ഷിച്ച് വ്യത്യസ്തമാണ് ചൈനയിലെ റമദാൻ. ഇഫ്താറും ഉദ്ബോധന ക്ലാസുകളും ഖുർആൻ പാരായണങ്ങളുമൊക്കെയുള്ള സാമൂഹിക അനുഷ്ഠാനമാണ് നമ്മുടെ നാട്ടിലെ നോമ്പെങ്കിൽ സ്വന്തത്തിൽ മാത്രം ഒതുങ്ങുന്ന വ്യക്തിഗതമായ കർമമാണ് ചൈനയിലെ വ്രതാനുഷ്ഠാനം. ഈ റമദാനിൽ ചൈന സന്ദർശിക്കുന്ന നസ്റുദ്ദീൻ മണ്ണാർക്കാട് ചൈനയിലെ വ്യത്യസ്തമായ നോമ്പനുഭവങ്ങൾ പങ്കുവെക്കുന്നു
നോമ്പു തുറക്കാനുള്ള വിഭവങ്ങൾ മുന്നിൽ നിരത്തിവെച്ച്, ഒരു കാരക്കച്ചീന്തുമായി തൊട്ടടുത്ത പള്ളിയിൽ നിന്നുള്ള ബാങ്കൊലിക്കുവേണ്ടി എല്ലാവരും കാതോർത്ത് കാത്തിരിക്കുന്ന നമ്മുടെ പതിവ് നോമ്പനുഭവമല്ല ചൈനയിലെ വിശ്വാസികളുടെ നോമ്പുകാലം. റമദാൻ മാസപ്പിറവി മുതൽ പെരുന്നാൾദിന പ്രഖ്യാപനം വരെ നീളുന്ന ഒരു മാസക്കാലത്തെ രാത്രി നമസ്കാരങ്ങളും ഇഫ്താറും ഉദ്ബോധന ക്ലാസുകളും അത്താഴ സമയം വിളിച്ചറിയിക്കാനുള്ള ഖുർആൻ പാരായണങ്ങളുമൊക്കെയുള്ള സാമൂഹിക അനുഷ്ഠാനമാണ് നമ്മുടെ നാട്ടിലെ നോമ്പെങ്കിൽ സ്വയം സമയം മനസ്സിലാക്കി പാലിച്ച്, സ്വന്തത്തിൽ മാത്രം ഒതുക്കി അനുഷ്ഠിക്കുന്ന വ്യക്തിഗതമായ കർമമാണ് ചൈനയിലെ വിശ്വാസികളുടെ വ്രതാനുഷ്ഠാനം.
യാത്രക്കാർക്ക് നോമ്പ് ഒഴിവാക്കാനുള്ള ഇളവുകൾ മതപരമായി ഉണ്ടെങ്കിലും ഞാനടക്കം രണ്ട് ഇന്ത്യക്കാരും നാലു ജോർഡാനികളുമടങ്ങുന്ന ആറംഗ സന്ദർശക സംഘം വ്രതമനുഷ്ഠിക്കാൻ തീരുമാനിച്ചതിനു പിന്നിൽ ചൈനയിലെ നോമ്പനുഭവങ്ങൾ നേരിട്ടറിയുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. ലോകപ്രശസ്തമായ കാന്റൺ വ്യാപാര മേളയിൽ പങ്കെടുക്കാനാണ് റമദാൻ ആദ്യ വാരത്തിൽ ഞങ്ങൾ ചൈനയിലെ അതി പ്രധാന തുറമുഖ പട്ടണമായ ഗോങ് ചൗവിലെത്തിയത്. ചില ചൈനീസ് വിശ്വാസമനുസരിച്ച് മരണപ്പെട്ടുപോയ പൂർവികർ കണ്ണീർവാർക്കുന്ന മഴക്കാലമാണ് ഇവിടത്തെ ഇപ്പോഴത്തെ കാലാവസ്ഥ.
തണുത്തുവിറച്ച്, ഒരു കുടയും ചൂടി തൊട്ടടുത്ത യമനി, തുർക്കിഷ്, അറബിക് റസ്റ്റാറന്റുകളിലേക്ക് അത്താഴ ഭക്ഷണം കഴിക്കാൻ പോകുന്നതോടെയാണ് ഇവിടെയെത്തുന്ന സന്ദർശകർക്ക് ഓരോ ദിവസത്തെയും നോമ്പ് ആരംഭിക്കുന്നത്. അപൂർവം ചില ചൈനക്കാരെ കാണാമെങ്കിലും റസ്റ്റാറന്റുകളിലെത്തുന്നവർ അധികവും അറബികളും ഇന്ത്യക്കാരുമാണ്. ചൈനീസ് ഭക്ഷണ സംസ്കാരത്തോട് മനസ്സിണങ്ങാത്ത വിവിധ രാജ്യക്കാരായ സന്ദർശകർക്ക് ആശ്രയമാവാറുള്ളത് ഈ റസ്റ്റാറന്റുകളാണ്. നടത്തിപ്പുകാർ ഏതെങ്കിലും അറബ് വംശജർ ആണെങ്കിലും ചൈനക്കാരായ ചിലർ തൊഴിലാളികളായി സജീവമാണ്. അവരിൽ മഫ്ത്ത ധരിച്ച മുസ്ലിംകളായ ചൈനീസ് സ്ത്രീകളും അപൂർവമല്ല. തങ്ങളുടേതായ ഒരു സ്വത്വം കൈവിടാതെ അവർ ഈ രാജ്യത്തിന്റെ പൊതുസമൂഹത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു.
റമദാനിൽ രാത്രി മാത്രം പ്രവർത്തിക്കുന്ന യമനി ഭക്ഷണശാല ഇഫ്താർ സമയം മുതൽ അത്താഴ സമയം വരെ സജീവമായിരിക്കും. മദ്ഫൂനും മന്തിയും ഷവർമയും ഖുബ്ബൂസും കഹ്വയും ഐറാനും മറ്റു സവിശേഷ അറബിക് വിഭവങ്ങളുമായി ആളൊഴിയാത്ത തീൻമേശകൾക്ക് ചുറ്റും റസ്റ്റാറന്റ് ജീവനക്കാർ ഓടിനടക്കുന്നത് കാണാം. അത്താഴ സമയം കഴിഞ്ഞാൽ ആളൊഴിയുന്ന ഈ റസ്റ്റാറന്റുകളിലേക്ക് പിന്നീട് ആളുകൾ എത്തുന്നത് മഗ്രിബ് സമയത്ത് മാത്രമായിരിക്കും. നോമ്പുതുറക്കെത്തുന്നവർക്ക് ഒരേസമയം അവരവരുടെ ഇഷ്ടപ്രകാരം ഭക്ഷണം എത്തിക്കുക പ്രയാസമായതിനാൽ ഇഫ്താർ സമയത്ത് ബുഫെ രീതിയാണ് കൂടുതലും കണ്ടുവരുന്നത്.
പള്ളികളുണ്ടെങ്കിലും സാധാരണഗതിയിൽ പള്ളികൾ നാട്ടിലെ പോലെ സജീവമല്ല. നമസ്കാര സമയത്ത് മാത്രം തുറക്കപ്പെടുന്ന പള്ളികളിൽ പ്രാർഥന മുടങ്ങാതെ കൊണ്ടുപോകാനുള്ള ചുമതല ഇമാമിനു മാത്രമാണെന്ന് തോന്നിപ്പോകും. പലപ്പോഴും ഏകാംഗനായി നമസ്കരിച്ച് പള്ളി പൂട്ടിപ്പോവുക എന്ന ദൗത്യം മാത്രമാണ് ഇമാമിന് നിർവഹിക്കാനുള്ളത്. പക്ഷേ, റമദാനിൽ മഗ്രിബോടെ പള്ളികൾ നിറഞ്ഞുകവിയാറുണ്ട്. പ്രാദേശിക ചരിത്രമനുസരിച്ച് പ്രവാചകന്റെ അനുയായികളിൽ പ്രമുഖനായിരുന്ന സഅദ് ബ്നു അബീ വഖാസിന്റെ ഖബറിടമടങ്ങുന്ന ഒരു പള്ളി ഗോങ് ചൗവിലുണ്ട്. ഇസ്ലാംമത പ്രചാരണാർഥം ചൈനയിലെത്തിയ അദ്ദേഹം ഇവിടെ വെച്ച് മരണപ്പെടുകയും മറവു ചെയ്യപ്പെടുകയും ചെയ്തുവെന്നാണ് ചൈനീസ് മുസ്ലിം വിശ്വാസം.
അദ്ദേഹത്തെ മദീനയിലാണ് മറവുചെയ്തത് എന്ന ഭൂരിപക്ഷ മുസ്ലിം വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധമാണ് ഈ പ്രാദേശിക ചരിത്രമെങ്കിലും അതി പ്രാധാന്യത്തോടെ അദ്ദേഹത്തിന്റേതെന്ന് അവകാശപ്പെടുന്ന ഒരു ഖബർ ഇവിടെ സംരക്ഷിച്ചുപോരുന്നു. ഈ പള്ളിയിൽ തറാവീഹ് നമസ്കാരം വളരെ സജീവവുമാണ്. മതനിരാസം വേരോടിയ സമൂഹമാണ് ചൈനയിലുള്ളത് എന്ന നമ്മുടെ പൊതുധാരണയ്ക്ക് വിരുദ്ധമായ അനുഭവങ്ങളാണ് പൊതുവെ ചൈനക്കാരിൽനിന്ന് അനുഭവപ്പെട്ടിട്ടുള്ളത്. എടുത്തുപറയാൻ ഒരു വിശ്വാസ മാർഗം ഇല്ലാത്തവർ പോലും പേരെടുത്തുപറയാൻ കഴിയാത്ത ഒരു സ്പിരിച്വൽ ശക്തിയിൽ തങ്ങളുടെ വിശ്വാസത്തെ ബന്ധപ്പെടുത്തിയതായി അവരോട് സംവദിക്കുമ്പോൾ ബോധ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.