വിജയങ്ങൾ എപ്പോഴും സംഭവിക്കുന്നത് വലിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ ആകണമെന്നില്ല. മറിച്ച്, സ്ഥിരതയോടെ ചെയ്യുന്ന ചെറിയ കാര്യങ്ങളിലൂടെയായിരിക്കും. ഇതുപോലെ തന്നെയാണ് മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന വലിയ മാറ്റങ്ങളും. ഒരു നേരത്തെ അത്യാവേശമല്ല, ദിനംപ്രതി ആവർത്തിക്കുന്ന സൂക്ഷ്മശീലങ്ങളാണ് വൻ വിജയങ്ങളുടെ ചുവടുകളായി മാറുന്നത്.
ഒരാൾ പ്രവാചക പത്നി ആയിശയോട് അവിടുത്തെ കർമ രീതിയെ കുറിച്ച് ചോദിച്ചു. അവർ പറഞ്ഞു: ‘പ്രവാചകൻ കർമങ്ങളിൽ സ്ഥിരതയും നൈരന്തര്യവും (consistency) പാലിച്ചിരുന്നു’. നൈമിഷികമായ ആവേശത്താൽ ഉണ്ടാകുന്ന കർമോത്സുകതയല്ല, മറിച്ച് ക്രിയാത്മക മാറ്റങ്ങൾ ഉണ്ടാക്കുന്ന കർമങ്ങളാണ് വേണ്ടത്. ഇവിടെ പ്രവർത്തനത്തിന്റെ വലുപ്പത്തിലല്ല കാര്യം, അതിനെ സ്ഥിരതയോടെ ചെയ്യുന്നതിലാണ്. പ്രവാചകൻ ഉപദേശിച്ചു: ‘കർമങ്ങളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് പതിവായി ചെയ്യുന്നവയാണ്, അവ ചെറുതാണെങ്കിലും’.
ശരിയായ ആത്മീയ വളർച്ചയും ആരാധനകളിൽ നിത്യ ശ്രദ്ധയും ലഭിക്കുന്നതിന് ഈ കർമരീതി ഉപകരിക്കും. അതുപോലെ പഠനം, ജോലി, കച്ചവടം, പരസ്പര ബന്ധങ്ങൾ തുടങ്ങിയ ഏതൊരു കാര്യത്തിലും സൽഫലങ്ങളുളവാക്കുന്ന മാറ്റങ്ങളുണ്ടാക്കാൻ ഈ രീതിയിലൂടെ സാധിക്കുന്നു.റമദാൻ മാസം അതിനുള്ള പരിശീലന കളരിയാണ്. ഈ പവിത്ര ദിവസങ്ങൾ നമ്മെ ചെറുതും കാമ്പുള്ളതുമായ ശീലങ്ങളിലേക്ക് നയിക്കുന്നു. ആരാധനകളിലെ ശ്രദ്ധ, ദിനേനയുള്ള ഖുർആൻ പാരായണം, സംസാരത്തിലെ സൂക്ഷ്മത, ദാനധർമം, ക്ഷമ, സഹനം തുടങ്ങിയവ അവയിൽ ചിലത് മാത്രം. ആവേശത്തോടെ ചെയ്യുന്ന വലിയ പ്രവർത്തനത്തേക്കാൾ, നിരന്തരമായി ചെയ്യുന്ന ചെറിയ നന്മകൾ ജീവിതത്തെ സർഗാത്മകമായി മാറ്റിപ്പണിയുന്നു. റമദാനിന്റെ തണലിൽ നല്ല ശീലങ്ങളുടെ വിത്തുകൾ നട്ടുവളർത്താം, റമദാനാനന്തരം അവയെ സംരക്ഷിച്ച് നിർത്തുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.