നമ്മുടെ കുട്ടിക്കാലവും നോമ്പുമാണ് ആദ്യം മനസ്സിലേക്ക് വന്നതെങ്കിലും ഇപ്പോഴത്തെ മക്കളുടെ നോമ്പുമായി ബന്ധപ്പെടുത്തി എഴുതാം എന്ന് തോന്നി. അതിനൊരു കാരണവും ഉണ്ട്. ഇപ്രാവശ്യത്തെ നോമ്പിന് നാട്ടില്‍നിന്ന് ഉപ്പാപ്പയും ഉമ്മയും വന്നിട്ടുണ്ട്. എല്ലാരും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കുന്നതുതന്നെ ഒരു രസമാണ്. പടച്ചവന് സകല സ്തുതിയും. ഇന്ന് നമ്മൾ നോമ്പ് തുറക്കാന്‍ ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കുന്ന കൂട്ടത്തിൽ ആണല്ലോ.
മക്കള്‍ക്ക് എന്താണ് വേണ്ടത് അതാണ് നമ്മള് ഉണ്ടാക്കുന്നത്. അങ്ങനെയിരിക്കെയാണ് ഉപ്പാപ്പന്റെ കാലത്തെ നോമ്പുതുറ വിശേഷം പറഞ്ഞുതുടങ്ങുന്നത്. നിങ്ങള്‍ക്കൊക്കെ ഇതൊക്കെ ഇല്ലേ, ഞങ്ങളുടെ കാലത്ത് ഒരു പത്തിരി വരെ കിട്ടില്ല. കുട്ടികളെ നോമ്പ് തുറക്കുന്ന നേരത്ത് അങ്ങോട്ട് അടുപ്പിക്ക പോലുമില്ലായിരുന്നു. പത്തിരി ചുടുന്ന ആൾ കാണാതെ പത്തിരിയെടുത്ത് ഓടുമായിരുന്നു അന്ന്. പിന്നെ ഉപ്പാപ്പന്റെ ഉപ്പാ 25 പൈസക്ക് ഇലയിൽ പൊതിഞ്ഞ് ഇറച്ചി കൊണ്ടുവരും. അത് കറിവെക്കും. എന്നിട്ടോ അതിലെ കഷണം ഇല്ലാത്ത വെറും കറി ഉണ്ടാവെള്ളൂ. നോമ്പ് തുറന്ന് അത് കഴിച്ചുകഴിഞ്ഞാല്‍ പിന്നെ പുഴയില്‍ പോയി മീന്‍ പിടിച്ചുകൊണ്ടുവന്ന് അതിനെ കറിവെച്ച് വേണം അത്താഴത്തിന് കഴിക്കണമെങ്കിൽ. അത്താഴം നേരത്തേ കഴിക്കും. ഇന്നത്തെപോലെ ബാങ്ക് വിളി ഒന്നുമില്ല.
പെരുമീന്‍ നക്ഷത്രം ഉദിച്ചോ നോക്കി വേണം സമയം തിട്ടപ്പെടുത്താൻ. അത്താഴത്തിന് എണീറ്റാൽ ആദ്യം അപ്പുറത്തെ വീട്ടിലേക്ക് ടോർച്ച് അടിക്കും, അവരെക്കൂടി എഴുന്നേല്പിക്കാൻ. ഇങ്ങനെ കുറച്ച് തിന്നും കുടിച്ചും കഴിഞ്ഞിരുന്ന അന്ത കാലത്തെ പറ്റി കേട്ട് നമ്മൾ ഒക്കെയിരുന്നു. ഭക്ഷണം വയര്‍ നിറയെ കഴിക്കാന്‍ ഇല്ലാത്ത കഥകളൊക്കെ. ഇന്നിപ്പോ എല്ലാവർക്കും വേണ്ടത് വേണ്ടപോലെ കൃത്യസമയത്ത് മേശപ്പുറത്ത് എത്തുന്നില്ലേ. ഉണ്ടാക്കാന്‍ പോലും നിക്കണ്ട. എല്ലാം ഒരു ഫോൺ വിളിയിൽ നമുക്ക് മുന്നില്‍ റെഡി.
അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെ വില അറിയില്ല. പട്ടിണിയുടെ ചൂടും അറിയില്ല. പുറത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ എത്രയോ ആളുകൾ ഉണ്ടെന്ന് ഓര്‍ക്കാതെ എത്രയോ ഭക്ഷണം ഉണ്ടാക്കുന്നു, അത് കളയുന്നു, ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കി ഫോട്ടോ എടുത്തു സ്റ്റാറ്റസ് വെക്കുന്നു. മക്കള്‍ക്ക് മാതൃക കാണിച്ചുകൊടുക്കേണ്ട നമ്മുടെ അവസ്ഥയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.