മനശ്ശാന്തി നിറഞ്ഞ ജീവിതം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. മനുഷ്യജീവിതത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന സമ്പത്താണത്. കുറേ ഘടകങ്ങൾ ഒത്തുവരുമ്പോഴാണ് അത് സാധ്യമാകുന്നത്. എന്നാൽ അതിനുള്ള ആദ്യ ചുവടുകൾ ഓരോരുത്തരുടെ ഉള്ളിലുമുണ്ട്. അനാവശ്യ കോപം നിയന്ത്രിക്കുക, കയ്യിലുള്ളതിൽനിന്ന് മറ്റുള്ളവർക്ക് പങ്ക് നൽകുക, വിട്ടുവീഴ്ച ചെയ്യുക, മ്ലേച്ഛതയും അന്യായവും പ്രവർത്തിക്കാതിരിക്കുക, തെറ്റുകളിൽ പശ്ചാത്താപ മനസ്സ് ഉണ്ടാവുക, കൃതജ്ഞത കാണിക്കുക, അസൂയ വെടിയുക, മനസ്സിന്റെ കുടുസ്സിൽനിന്ന് മുക്തനാവുക, മിതത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ മനസ്സമാധാനത്തിന്റെ താക്കോലുകളാണ്.
ധാരാളം സമ്പത്തും വിഭവങ്ങളുമുണ്ടാകുന്നത് നല്ലത് തന്നെ. പക്ഷേ അവ ഐശ്വര്യത്തിന്റെ അവസാന അളവുകോലല്ല. മനസ്സിന് ശാന്തിയും ജീവിതത്തിൽ സമാധാനവും ഉണ്ടെങ്കിൽ അതാണ് യഥാർഥ ഐശ്വര്യം.നിർഭയത്വവും ശാരീരിക ആരോഗ്യവും ജീവിക്കാനാവശ്യമായ ഭക്ഷണവുമുണ്ടെങ്കിൽ അത് ഏറ്റവും വലിയ അനുഗ്രഹങ്ങൾ ലഭിച്ചതിന് തുല്യമാണെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.
മരണാനന്തര ജീവിതത്തിലെ സ്വർഗ്ഗത്തെ കുറിച്ച് ഖുർആൻ അവതരിപ്പിക്കുന്നത് സമ്പൂർണ ശാന്തിയും സമാധാനവും നിറഞ്ഞ ഒരിടമായിട്ടാണ്. ആകാശവും ഭൂമിയും പോലെയുള്ള വിശാലത സ്വർഗത്തിന്റെ പ്രത്യേകതയാണ്. സമൃദ്ധിയുള്ളപ്പോഴും ഇല്ലാത്തപ്പോഴും സമ്പത്ത് ചിലവഴിക്കുന്നവർ, കോപത്തെ നിയന്ത്രിക്കുന്നവർ, വിട്ടുവീഴ്ചയും മാപ്പ് നൽകലും കൈമുതലാക്കിയവർ, സ്വന്തത്തിന്റെ വീഴ്ചകൾ മനസ്സിലാക്കി തിരുത്തുന്നവർ തുടങ്ങിയവർ ആ സ്വർഗ്ഗത്തിന് അർഹരാണെന്ന് ഖുർആൻ മൂന്നാം അധ്യായം 133-136 വചനങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ഇഹലോകത്ത് ഈ ഗുണങ്ങൾ ഉള്ളവർക്ക് മനസ്സമാധാനം ലഭിക്കുന്നത് പോലെ തന്നെ, മരണാനന്തരവും സമ്പൂർണ സമാധാനമുള്ള സ്വർഗ്ഗം അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.