ജീവിതത്തെ മാറ്റിപ്പണിയുന്ന വിശുദ്ധ ഗ്രന്ഥം

ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഖുർആനാണ്. അറബിഭാഷ അൽപവും അറിയാത്ത അനേക കോടി മനുഷ്യർ ഒരു തെറ്റും വരുത്താതെ അത് പാരായണംചെയ്യുന്നു. ഹൃദിസ്ഥമാക്കുന്നു. അനേക കോടികൾ അതിൽനിന്ന് അൽപമെങ്കിലും പാരായണംചെയ്യാത്ത ഒരൊറ്റ ദിവസവുമില്ല.

ഖുർആൻ സമഗ്രമായ ഒരു ജീവിതവ്യവസ്ഥ സമർപ്പിക്കുന്നു. വിശ്വാസം, ജീവിതവീക്ഷണം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം തുടങ്ങിയവയിലെല്ലാം അത് മാറ്റമുണ്ടാക്കുന്നു. വികാരം, വിചാരം, സ്വപ്നം, സങ്കൽപം സകലതിനെയും സ്വാധീനിക്കുന്നു. മനസ്സിനെ സംസ്കൃതവും ആത്മാവിനെ ഉൽകൃഷ്ടവും ചിന്തയെ പക്വവും വികാരത്തെ വികസിതവുമാക്കുന്നു. വിജയത്തിന്റെയും വിട്ടുവീഴ്ചയുടെയും വികാരങ്ങൾ വളർത്തുന്നു.

സ്ഥൈര്യത്തിന്റെയും ക്ഷമയുടെയും പാഠങ്ങൾ അഭ്യസിപ്പിക്കുന്നു. വിശ്വാസത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്നു. വാക്കുകളെയും കർമങ്ങളെയും കോർത്തിണക്കുന്നു. വിപ്ലവത്തെയും വിമോചനത്തെയും വിളക്കിച്ചേർക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയിൽ പെട്ടുഴലുന്ന മനുഷ്യന്റെ മുമ്പിൽ അഭൗതിക ജ്ഞാനത്തിന്റെ അറകൾ തുറന്നുവെക്കുന്നു.

വ്യക്തിജീവിതം, കുടുംബഘടന, സമൂഹസംവിധാനം, സാമ്പത്തിക സമീപനം, രാഷ്ട്രീയക്രമം, ഭരണനിർവഹണം തുടങ്ങിയ മുഴുവൻ മേഖലകളെയും അത് പുനഃസംവിധാനിക്കുന്നു. അതിനാവശ്യമായ നിയമങ്ങളും ക്രമങ്ങളും അധ്യാപനങ്ങളും നിർദേശങ്ങളും തത്ത്വങ്ങളും വ്യവസ്ഥകളും സമർപ്പിക്കുന്നു. അങ്ങനെ സത്യാസത്യ സരണികൾ കാണിച്ചുതരുന്നു. അനുവദനീയതയുടെയും നിഷിദ്ധതയുടെയും അതിരടയാളങ്ങൾ നിർണയിക്കുന്നു. സ്വർഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴികൾ കാണിച്ചുതരുന്നു.

ഇന്നും ലോകത്തിന്റെ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ അത് സമൂലമായി സ്വാധീനിക്കുന്നു. സമഗ്രമായി പരിവർത്തിപ്പിക്കുന്നു. വ്യക്തിജീവിതത്തെ വിശുദ്ധമാക്കുന്നു. കുടുംബഘടനയെ ഭദ്രമാക്കുന്നു. സമൂഹത്തെ സുരക്ഷിതവുമാക്കുന്നു. സാമൂഹികനീതി പുലരുന്ന പുതുലോകം പണിയാൻ ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. അങ്ങനെ ഇരുലോക വിജയവും ഉറപ്പുവരുത്തുന്നു.

Tags:    
News Summary - The Holy Book That Changes Lives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.