പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ മനസ്സ് പലപ്പോഴും മടങ്ങിപ്പോകുന്നത് നാട്ടിലെ ആ പഴയ റമദാൻ കാലത്തേക്കാണ്. ബാല്യത്തിലെ നോമ്പുകാലം കേവലം ഒരു ആരാധനാരീതി മാത്രമായിരുന്നില്ല, അതൊരു വലിയ ആഘോഷമായിരുന്നു. ഞങ്ങളുടെ ഗ്രാമമായ ചേറ്റുവയിലെ ‘നാലുമൂല’യിലുള്ള ആ ചെറിയ പള്ളി നോമ്പിന് മുന്നോടിയായി കഴുകി വൃത്തിയാക്കി അലങ്കരിക്കുന്നത് മുതൽ തുടങ്ങും ആവേശത്തിന്റെ നാളുകൾ. വൈകുന്നേരമായാൽ പള്ളിമുറ്റത്ത് ഒരു ഉത്സവ പ്രതീതിയാണ്. മുതിർന്നവർക്കൊപ്പം ഇഫ്താർ വിഭവങ്ങൾ ഒരുക്കാനും പഴങ്ങൾ മുറിക്കാനും മത്സരിക്കുന്ന കുട്ടിക്കൂട്ടങ്ങൾ. ആ ഒത്തുകൂടലുകളിൽ പ്രായഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെ പങ്കുചേർന്നിരുന്നു. ഈ ഓർമകൾക്ക് ഇന്നും തിളക്കം നൽകുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ് അബ്ദുല്ല ദാരിമിയാണ്. 25 വർഷങ്ങൾക്കിപ്പുറവും അതേ വാത്സല്യത്തോടെയും ആവേശത്തോടെയും ആ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ദേഹം തന്നെയാണ്.
കോവിഡ് മഹാമാരിക്ക് ശേഷം പള്ളിയിലെ ഇഫ്താർ സംഗമങ്ങൾക്ക് പഴയ ഉന്മേഷം അല്പം കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണത്തെ റമദാൻ പഴയ പ്രതാപത്തോടെ, കൂടുതൽ സജീവമായി ആഘോഷിക്കണമെന്ന ആഗ്രഹം നാട്ടിലെ കൂട്ടുകാർക്കിടയിൽ സജീവമാണ്. പ്രവാസ ലോകത്തിരുന്ന് ഈ നിമിഷങ്ങൾ ഓർക്കുമ്പോൾ അതൊരു സുന്ദരമായ നോവായി മാറുന്നുണ്ടെങ്കിലും, പിന്നിട്ട ആ നല്ല വഴികളാണ് വരാനിരിക്കുന്ന കാലത്തെ മനോഹരമാക്കാൻ ഞങ്ങൾക്ക് കരുത്തേകുന്നത്. ആ നോമ്പുതുറകളുടെ ഹൃദ്യതയും സ്നേഹവും ഇന്നും മനസ്സിനെ കുളിർപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.