മനസ്സിന്റെ ശുദ്ധീകരണം കൂടിയാണ് റമദാനിലൂടെ ലക്ഷ്യമാക്കുന്നത്. പ്രവാചകൻ മനസ്സിനെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞതായി നമുക്ക് കാണാം: ‘‘അറിയുക, മനസ്സ് നന്നായാൽ ശരീരം മുഴുവൻ നന്നായി; മനസ്സ് ദുഷിച്ചാൽ ശരീരം മുഴുവൻ ദുഷിച്ചു’’ (ബുഖാരി). മനസ്സിന്റെ കടുപ്പവും പാരുഷ്യവും ഒരുതരം ആത്മീയ രോഗവും മനുഷ്യ നിർഭാഗ്യത്തിന്റെ അടയാളവുമാണ്.
തീർച്ചയായും റമദാനിൽ നാം നിർവഹിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളിലൂടെ മനസ്സുകളെ നിർമലമാക്കാനാവും. അബൂഹുറൈറ (റ) വിവരിക്കുന്നു: പ്രവാചകനോട് ഒരു വ്യക്തി തന്റെ മനസ്സിന്റെ കാഠിന്യത്തെക്കുറിച്ച് ആവലാതിപ്പെട്ടു. പ്രവാചകൻ പറഞ്ഞു: ‘‘നീ അനാഥരുടെ ശിരസ്സിൽ തടവുകയും അഗതികൾക്ക് ആഹാരം നൽകുകയും ചെയ്യുക’’ (അഹ്മദ്). അനാഥരെ തലോടലും അഗതികൾക്ക് ഭക്ഷണം നൽകലും കാരുണ്യത്തിന്റെ പ്രതിഫലനമാണ്. ഹൃദയത്തിൽ കാരുണ്യം അനുഭവപ്പെടാത്ത ഒരാൾ മനപ്പൂർവം ഈ പ്രവൃത്തികൾ ചെയ്താൽ, അവന്റെ മനസ്സിൽ കാരുണ്യം ഉണ്ടായിത്തീരുമെന്നാണ് ഈ പ്രവാചകവചനം നമ്മെ പഠിപ്പിക്കുന്നത്.
‘‘സ്വർഗാവകാശിയായ ഒരാൾ ഇപ്പോൾ നിങ്ങൾക്ക് മുന്നിലേക്ക് വരും’’ -ചുറ്റുമിരുന്ന ശിഷ്യന്മാരോട് തുടർച്ചയായി മൂന്നുദിവസം പ്രവാചകൻ പറഞ്ഞു. മൂന്നുദിവസവും ആകാംക്ഷയോടെ ശിഷ്യന്മാർ കാത്തിരുന്നപ്പോൾ അവർ കണ്ടത് സാധാരണക്കാരനായ ഒരു അൻസാരി സഹാബിയെയായിരുന്നു. സ്വർഗാവകാശി എന്ന് പ്രവാചകൻ സാക്ഷ്യപ്പെടുത്താൻ മാത്രം എന്ത് പുണ്യകർമങ്ങളാണ് ഈ മനുഷ്യൻ ചെയ്യുന്നത് എന്നറിയാനുള്ള ആകാംക്ഷയാൽ പ്രവാചക ശിഷ്യൻ അബ്ദുല്ലാഹിബ്നു അംറ് (റ) ഈ അൻസാരിയുടെ വീട്ടിൽ അതിഥിയായി എത്തി. സാധാരണ ജനങ്ങളിൽ കാണുന്ന പതിവ് ആരാധനകളല്ലാതെ മറ്റൊരു വലിയ കർമവും ആ സ്വഹാബിയിൽ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല. ഒടുവിൽ തന്റെ വരവിന്റെ ലക്ഷ്യം അബ്ദുല്ലാഹിബ്നു അംറ് വെളിപ്പെടുത്തി. അൻസ്വാരി സഹാബി പറഞ്ഞു: ‘‘നിങ്ങൾ കണ്ടതല്ലാത്ത മറ്റൊരു കർമവും എനിക്കില്ല. പക്ഷേ, എന്റെ മനസ്സിൽ ഒരു മനുഷ്യനോടും ഒരു തരത്തിലുള്ള ദേഷ്യമോ അസൂയയോ പകയോ വിദ്വേഷമോ ഇല്ല.’’ പ്രവാചകന്റെ വാക്കുകളുടെ കാരണം കണ്ടെത്തിയതിൽ അബ്ദുല്ലാഹിബ്നു അംറിന് വലിയ സന്തോഷമായി. അദ്ദേഹം പറഞ്ഞു: ‘‘ഒരാളോടും മനസ്സിൽ ഒരു വിരോധവുമില്ലാതെ ജീവിക്കുക; ഇത് തന്നെയാവും അങ്ങ് സ്വർഗാവകാശിയാവാൻ കാരണം. മനുഷ്യരിൽ പലർക്കും നേടിയെടുക്കാൻ കഴിയാത്തതും ഈ ഗുണമാണ്’’ (മുസ്നദ് അഹ്മദ്).
മഹാനായ പ്രവാചക ശിഷ്യൻ അബൂദുജാന (റ) രോഗിയായി കിടക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖം പ്രകാശം പരത്തുന്നതായി ആളുകൾ കണ്ടു. അതിന്റെ കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘എന്റെ ഹൃദയം മറ്റുള്ളവരെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതവും ശുദ്ധവുമാണ്.’’ ആരോടും മനസ്സിൽ ശത്രുത കൊണ്ടുനടക്കുന്നില്ല എന്നാണ് അദ്ദേഹം അർഥമാക്കിയത്.
റമദാൻ ചൈതന്യത്തിലൂടെ നമ്മുടെ മനസ്സിനെ നിർമലവും വിശുദ്ധവുമാക്കാൻ നമുക്ക് സാധിക്കണം. കാപട്യം, അസൂയ, ലോകമാന്യം (പ്രദർശനപരത), പരസ്പര വിദ്വേഷം, അഹങ്കാരം എന്നിവയിൽനിന്നെല്ലാം അകന്ന് മനസ്സിനെ സ്ഫുടം ചെയ്തെടുക്കാൻ റമദാനിലെ പുണ്യകർമങ്ങൾ നമുക്ക് പ്രചോദനമാവട്ടെ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.