ഡോ. സജി ഉതുപ്പാൻ
ഇസ്ലാമിക കലണ്ടറിലെ ഏറ്റവും വിശുദ്ധമായ മാസമാണ് പരിശുദ്ധ റമദാൻ. ആത്മശുദ്ധിയും ആത്മപരിശോധനയും സഹനവും ദാനധർമ്മവും ഒരുമിച്ച് വളർത്തുന്ന ആത്മീയ കാലഘട്ടമാണിത്. പകൽ മുഴുവൻ ഉപവാസം അനുഷ്ഠിച്ച് വൈകുന്നേരം നോമ്പുതുറക്കുന്ന ആ നിമിഷം വിശ്വാസിയുടെ ജീവിതത്തിൽ പ്രത്യേക അനുഭവമായി മാറുന്നു. ഈ പുണ്യ റമദാനിൽ എന്റെ വിവിധ വിഭാഗങ്ങളിലെ പൊലീസ് വിദ്യാർഥികളോടും സുഹൃത്തുക്കളോടും ഒപ്പം പങ്കെടുത്ത നിരവധിയായ നോമ്പുതുറ അനുഭവം എന്നെ ആത്മീയമായും മാനസികമായും സമ്പന്നനാക്കിയിട്ടുണ്ട്.
റമദാൻ മനുഷ്യനെ സ്വയം നിയന്ത്രണത്തിലേക്കും വിനയത്തിലേക്കും നയിക്കുന്ന മാസമാണ്. വിശപ്പും ദാഹവും സഹിക്കുന്നതിലൂടെ മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ നമുക്ക് കഴിയുന്നു. ദാനധർമത്തിന്റെ മഹത്വം ഈ പുണ്യ മാസത്തിൽ കൂടുതൽ ഊന്നിപ്പറയപ്പെടുന്നു. സമത്വവും സഹോദരത്വവും മനുഷ്യസ്നേഹവും റമദാനിന്റെ പ്രധാന സന്ദേശങ്ങളാണ്.
എന്റെ പോലീസ് വിദ്യാർഥികളോടൊപ്പം നടത്തിയ നോമ്പുതുറ ചടങ്ങ് സ്നേഹവും ഐക്യവും നിറഞ്ഞ സുന്ദരമായ അനുഭവങ്ങളാണ്. വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാവരും ഒരേ മേശക്ക് ചുറ്റും കൂടിയിരുന്ന് ആദ്യം പ്രാർഥന നടത്തി. തുടർന്ന് ഈത്തപ്പഴവും വെള്ളവും കൊണ്ട് നോമ്പുതുറ നടത്തുന്ന ആ നിമിഷം എല്ലാവരുടെയും മുഖത്ത് തെളിയുന്ന സന്തോഷവും സമാധാനവും എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളോടൊപ്പമുള്ള സംവാദങ്ങൾ ഈ അനുഭവത്തെ കൂടുതൽ മനോഹരമാക്കി. പരിശുദ്ധ റമദാന്റെ ആത്മീയതയും ജീവിത മൂല്യങ്ങളും സംബന്ധിച്ച് ചർച്ചകൾ നടത്താൻ അവസരവും ലഭിച്ചു.
അങ്ങനെ പരസ്പര ബഹുമാനവും സൗഹൃദവും കൂടുതൽ ശക്തിപ്പെട്ടതായി ഞാൻ പലപ്പോഴും മനസിലാക്കിയിട്ടുണ്ട്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വേർതിരിവ് കാണിക്കാതെ ഏവരെയും പരസ്പരം ചേർത്തുപിടിച്ചുകൊണ്ടുള്ള ഈ നോമ്പ് കാലം എന്നും ജീവിതത്തിന്റെ ഭാഗമായി മാറട്ടെ. അങ്ങനെ ഈ പ്രവൃത്തികൾ നമ്മെ കൂടുതൽ മാനവികതയിലേക്ക് നയിക്കട്ടെ.
നോമ്പുതുറ ഒരു ഭക്ഷണസമ്മേളനം മാത്രമല്ല; അത് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആത്മീയ സംഗമമാണ് എന്ന് നമ്മൾ തിരിച്ചറിയുമ്പോൾ അതിന്റെ വ്യാപ്തി നമ്മളിൽ ഓരോരുത്തരിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല.
സഹനവും പരസ്പരമുളള പങ്കിടലും പഠിപ്പിക്കുന്ന ഈ പുണ്യ മാസത്തിന്റെ മഹത്വം ഞാൻ ഇങ്ങനെയുള്ള അനുഭവത്തിലൂടെ കൂടുതൽ മനസ്സിലാക്കി.
അവസാനമായി, പുണ്യ റമദാൻ നമ്മെ ആത്മീയമായ വളർച്ചയിലേക്ക് നയിക്കുന്ന ഒരു അനുഗ്രഹ മാസമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ഓഫിസർമാർക്കും സുഹൃത്തുക്കൾക്കുമൊപ്പം പങ്കെടുത്ത ഈ നോമ്പുതുറ അനുഭവങ്ങൾ ജീവിതത്തിൽ എന്നും ഓർമിക്കപ്പെടുന്ന ഒരു സുന്ദര അനുഭവമായി തുടരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.