ഇബ്രാഹിംകുട്ടി സഹോദരി ആമിനക്കും ഉമ്മ ഫാത്തിമക്കുമൊപ്പം

ഉമ്മയില്ലാത്ത വീട്

വേമ്പനാട്ട് കായലി​ന്‍റെ അരികിലായിരുന്നു തറവാട് വീട്. അഞ്ചു മണി കഴിഞ്ഞാൽ ഘടികാരത്തിലെ സൂചികൾ ചലിക്കുന്നില്ലെന്ന് തോന്നും. സമയം പോകുന്നില്ലെന്ന് തോന്നുമ്പോൾ മഗ്രിബ് ബാങ്ക് കൊടുക്കുന്നതും കാത്ത് കായൽക്കാറ്റേറ്റിരിക്കും ഞങ്ങൾ. ഒരു നോമ്പ് തുറന്നു കഴിഞ്ഞാൽ അടുത്ത ദിവസത്തെത് പിടിക്കാനുള്ള ഒരുക്കം മനസ്സിൽ തുടങ്ങുകയായി. ഒരു റുട്ടീൻ ആയി കാര്യങ്ങളങ്ങനെ പോകും. നോമ്പുപിടിച്ച് വൈകീട്ട് സ്കൂളിൽനിന്ന് തളർന്നുവരുമ്പോൾ വീട്ടിൽ ആർക്കും പ്രത്യേക പരിഗണനയൊന്നുമില്ല

തൊഴിൽ അഭിനയമാണ് എന്നുവെച്ച് ആ സ്റ്റാർഡത്തിൽ ജീവിക്കുന്നവരല്ല ഞങ്ങൾ. സാധാരണക്കാരെ പോലെയാണ് ഞങ്ങളുടെ ജീവിതവും ചിന്തകളും. നോമ്പും പെരുന്നാളുമൊക്കെ അങ്ങനെത്തന്നെ. ​സിനിമയിൽ മാത്രമാണ് അഭിനയം. മതപരമായ ചിട്ടകളോടെയും വിശ്വാസത്തോടെയും തന്നെയാണ് അന്നും ഇന്നും ഞങ്ങൾ ജീവിച്ചു പോരുന്നത്. വിശ്വാസത്തി​ന്‍റെയും അനുഷ്ഠാനങ്ങളുടെയും പരിധിവിട്ട് ജീവിതത്തിൽ ഒന്നും ചെയ്യാറില്ല. വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തിലാണ് ബാല്യവും കൗമാരവും. പുഴയും കായലും പാടവും നിറഞ്ഞ ദേശം. ഞങ്ങളുടെ ജീവിതത്തിലെ എല്ലാം ആ ഗ്രാമവുമായി ഇഴചേർന്നു കിടക്കുന്നതാണ്. അവിടത്തെ സാമൂഹിക-സാംസ്കാരിക പരിതസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഞങ്ങളുടെ ആഘോഷങ്ങൾ പോലും.

നോമ്പ് വരുമ്പോൾ പ്രത്യേകിച്ച് ഞങ്ങൾ കുട്ടികൾക്ക് വലിയ സന്തോഷമാണ്. കുട്ടിക്കാലത്ത് ഞങ്ങൾ സ​ഹോദരങ്ങൾ തമ്മിൽ വീട്ടിൽ നോമ്പുപിടിക്കാൻ മത്സരമാണ്. ചെറിയ പ്രായമല്ലേ, ചിലപ്പോൾ നോമ്പ് പൂർത്തിയാക്കാൻ പറ്റിയെന്നൊന്നും വരില്ല. അപ്പോൾ ആരാണ് ഏറ്റവും കൂടുതൽ സമയം നോമ്പ് പിടിക്കുക എന്ന കാര്യത്തിലാകും മത്സരം. എല്ലാ വീട്ടിലും ഇങ്ങനെയൊക്കെ തന്നെയാകും. കുട്ടികളാണെങ്കിലും നോമ്പി​ന്‍റെ ചിട്ടകളൊക്കെ ഞങ്ങൾക്കും ബാധകമാണ്. അത്താഴത്തിന് കൃത്യമായി മുതിർന്നവരോടൊപ്പം എഴുന്നേൽക്കും. സാധാരണ ചോറും കറികളും തന്നെയായിരിക്കും അത്താഴത്തിന്. അതി​ന്‍റെ ഒപ്പം തേങ്ങാപ്പാലും അവിലും പഴവും ശർക്കരയും ചേർത്ത ഒരു വിഭവമുണ്ടായിരിക്കും. ഇപ്പോഴത്തെ അവിൽ മിൽക്ക് തന്നെ. ​ഒരു ​ഹെൽത്തി ഡ്രിങ്ക് എന്ന രീതിയിൽ അത് എല്ലാവരെയും കുടിപ്പിക്കും.

പകൽ സമയങ്ങളിൽ ഞങ്ങൾ കുട്ടികൾ സ്കൂളിലായിരിക്കും. ആ ഒരു മാസം മദ്റസ അവധിയായിരിക്കും. ചുറ്റുവട്ടത്ത് മുസ്‍ലിം വീടുകൾ കുറവായിരുന്നു. ഞങ്ങളുടേതടക്കം രണ്ടുവീടുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. വേമ്പനാട്ട് കായലി​ന്‍റെ അരികിലായിരുന്നു ഞങ്ങളുടെ തറവാട് വീട്. സമയം പോകുന്നില്ലെന്ന് തോന്നുമ്പോൾ മഗ്രിബ് ബാങ്ക് കൊടുക്കുന്നതും കാത്ത് കായൽക്കാറ്റേറ്റിരിക്കും ഞങ്ങൾ. ഒരു നോമ്പ് തുറന്നു കഴിഞ്ഞാൽ അടുത്ത ദിവസത്തെ നോമ്പ് പിടിക്കാനുള്ള ഒരുക്കം മനസ്സിൽ തുടങ്ങുകയായി. ഒരു റുട്ടീൻ ആയി കാര്യങ്ങളങ്ങനെ പോകും . നോമ്പു പിടിച്ച് വൈകീട്ട് സ്കൂളിൽ നിന്ന് തളർന്നുവരുമ്പോൾ വീട്ടിൽ ആർക്കും പ്രത്യേക പരിഗണനയൊന്നുമില്ല. എല്ലാവരും നോമ്പെടുക്കണം. കുട്ടികൾക്ക് വിട്ടുവീഴ്ചകളൊന്നുമില്ല. തറവാട്ടിൽ നിന്ന് കുറച്ചു ദൂരമുണ്ട് പള്ളിയിലേക്ക്. അതിനാൽ വൈകീട്ട് പള്ളിയിൽ നിന്നുള്ള നോമ്പുതുറ പതിവില്ല. സ്കൂൾ വിട്ടുവന്നാൽ പിന്നെ നോമ്പുതുറക്കാനുള്ള കാത്തിരിപ്പാണ്. അഞ്ചു മണി കഴിഞ്ഞാൽ ഘടികാരത്തിലെ സൂചികൾ ചലിക്കുന്നില്ലെന്നു തോന്നും. ആറരയാകാനൊക്കെ ഒരുപാട് സമയമെടുക്കുന്നത് പോലെയാണ് തോന്നുക.

മുതിർന്നപ്പോഴും ഞങ്ങൾ തമ്മിലെ ബന്ധത്തിന് ഇന്നും ആ പഴയ കെട്ടുറപ്പുണ്ട്. മൂന്നു സഹോദരിമാരും മൂന്ന് സ​ഹോദരൻമാരുമടക്കം ആറുപേരാണ് ഞങ്ങൾ . ആമിന എന്ന സഹോദരി കഴിഞ്ഞവർഷം ​ഞങ്ങളെ വിട്ടുപോയി. മനസ്സിലിപ്പോഴും വിങ്ങലായി നിൽക്കുന്ന കാര്യമാണത്. ഉമ്മയും കഴിഞ്ഞ വർഷം തന്നെയാണ് ഞങ്ങളെ വിട്ടുപോയത്. 90 കഴിഞ്ഞിരുന്നു മരിക്കുമ്പോൾ ഉമ്മാക്ക്. എത്ര പ്രായം ചെന്നായാലും വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അതൊരു തീരാ നഷ്ടവും വേദനയുമാണ്. എ​ന്‍റെയും ജ്യേഷ്ഠ​ന്‍റെയും (മമ്മൂട്ടി) ഇടക്കുള്ള ആളായിരുന്നു ആ പെങ്ങൾ. എടാ... എന്നേക്കാൾ ഇളയതല്ലേ അവൾ എന്ന് മൂപ്പരിപ്പോഴും ആ വേർപാടി​ന്‍റെ സങ്കടം പറയും.

ആ സഹോദരിയും ഞാനും തമ്മിലായിരുന്നു ഏറ്റവും കൂടുതൽ അടുപ്പം. പഠിക്കുമ്പോൾ സ്കൂളിൽ ഞങ്ങളൊന്നിച്ചാണ് പോയിരുന്നതും വന്നിരുന്നതും. ഇപ്പോഴും ഞങ്ങൾ സഹോദരങ്ങൾക്ക് പരസ്പരം കാണണം എന്ന് തോന്നുമ്പോൾ ഞങ്ങൾ ഒന്നിച്ചുകൂടും. സിനിമയുടെ കളർ, ജീവിതത്തിലേക്ക് കലർത്തിയിട്ടില്ലാത്തതിനാൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ അത്രമേൽ സ്നേഹത്തോടെ ഇന്നും ഞങ്ങൾ കഴിയുന്നു.

ഇപ്പോൾ മക്കളും മരുമക്കളും പേരക്കുട്ടികളുമായി കുടുംബം വളർന്നു. എല്ലാവരും കൂടുമ്പോൾ 30 ദിവസത്തെ നോമ്പും ആഘോഷത്തി​ന്‍റെ പ്രതീതിയിലാകുന്നു. സ്വന്തം കുടുംബത്തോടൊപ്പം ചിട്ടയനുസരിച്ച് നോമ്പ് തുറക്കുന്നതി​ന്‍റെ സന്തോഷം മറ്റൊരിടത്തും കിട്ടില്ലല്ലോ.

Tags:    
News Summary - Home with out Mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.