റമദാൻ അവസാനത്തെ പത്തിെൻറ
ആദ്യ ദിനത്തിൽ നിറഞ്ഞു കവിഞ്ഞ മക്ക മസ്ജിദുൽ ഹറാം
മക്ക: വിശുദ്ധ ഹറമിലെ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ കർമങ്ങൾ ഉറപ്പാക്കുന്നതിനും പുതിയ മാർഗനിർദേശങ്ങളുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. മസ്ജിദുൽ ഹറാമിലെ പ്രധാന പ്രദക്ഷിണ മേഖലയായ മത്വാഫ് നിലവിൽ ഉംറ തീർഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. തീർഥാടകർ എല്ലാവരും അധികൃതർ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതകൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം കർശന നിർദേശം നൽകി.
മത്വാഫിനുള്ളിലെ തിരക്ക് കുറക്കാനും തീർഥാടകർക്ക് തടസ്സങ്ങളില്ലാതെ ശാന്തമായി കർമങ്ങൾ നിർവഹിക്കാനും ലക്ഷ്യമിട്ടാണ് ഈ ക്രമീകരണം. താഴത്തെ നിലയിലെ തിരക്ക് ഒഴിവാക്കാൻ മുകളിലത്തെ നിലകളിലും ത്വവാഫ് ചെയ്യാനുള്ള സൗകര്യമുണ്ടെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. നിശ്ചിത പാതകളിലൂടെയുള്ള സഞ്ചാരം തീർഥാടകരുടെ പോക്കുവരവ് കൂടുതൽ വ്യവസ്ഥാപിതമാക്കാൻ സഹായിക്കും.
ത്വവാഫ് വേളയിൽ പാലിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് മന്ത്രാലയം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ഹജ്റുൽ അസ്വദിന് അരികിൽ നിന്ന് തന്നെ ത്വവാഫ് ആരംഭിക്കുക, മറ്റ് തീർഥാടകർക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ നിൽക്കുകയോ ഒഴുക്കിന് വിപരീതമായി സഞ്ചരിക്കുകയോ ചെയ്യരുത്.
ഇങ്ങനെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിലൂടെ എല്ലാവരുടെയും സുരക്ഷ വർധിപ്പിക്കാൻ സാധിക്കും. മത്വാഫ്, സഫ-മർവ (മസ്അ) എന്നിവിടങ്ങളിലെ ജനസാന്ദ്രത തത്സമയം അറിയാൻ ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. കൂടാതെ, തീർഥാടകർക്കായി പുറത്തിറക്കിയ ‘ഉംറ ആൻഡ് വിസിറ്റ് ഗൈഡ്’ പൂർണമായും വായിച്ചു മനസ്സിലാക്കുന്നത് സുരക്ഷിത തീർഥാടനത്തിന് സഹായിക്കും. ഹറമിലെത്തുന്ന വിശ്വാസികളുടെ ആത്മീയ യാത്ര കൂടുതൽ ആയാസരഹിതമാക്കുന്നതിനുള്ള വിപുല ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഗൈഡ് തയാറാക്കിയിട്ടുള്ളതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.