മുന്നൂര് എളമ്പിലാശ്ശേരി-ചെറുതടം റോഡിന്റെ ഉദ്ഘാടനം ജഫ്രി അമൻ നിർവഹിക്കുന്നു
പാഴൂർ: സെറിബ്രൽ പാൾസി ബാധിച്ച ജഫ്രി അമൻ എന്ന ജെറിമോന് ഇനി സ്കൂളിലേക്കുള്ള യാത്ര കഠിനമാകില്ല. മാത്രമല്ല, ഏറെ നാളത്തെ കാത്തിരിപ്പിനും ഓഫിസുകൾ കയറിയിറങ്ങിയുള്ള രക്ഷിതാക്കളുടെ നെട്ടോട്ടത്തിനും അറുതിയുമായി. മുന്നൂര് പാറക്കാംതൊടി ആദിൽ നസീഹിന്റെയും ജസ്നയുടെയും മകൻ ജെഫ്രി അമൻ (ഏഴ്) ചിറ്റാരി പിലാക്കൽ പ്രതീക്ഷ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ്. സ്കൂളിലേക്ക് എത്താൻ, മെയിൻ റോഡ് വരെ വല്യുമ്മ ഹഫ്സത്തോ ഉമ്മയോ എടുത്തുകൊണ്ടു പോവുകയാണ് പതിവ്. ഇതിനായി മാതാവ് ജസ്നക്ക് ജോലി രാജിവെക്കേണ്ടിവന്നു.
വീട്ടുപടിക്കൽ വാഹനം എത്തുന്ന റോഡ് നിർമിച്ചുതരണമെന്നാവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. എളമ്പിലാശ്ശേരി- ചെറുതടം റോഡിന് ഒരുപാട് ശ്രമങ്ങൾക്കുമൊടുവിൽ സ്ഥലം വിട്ടുകിട്ടിയെങ്കിലും യാഥാർഥ്യമാകാൻ ഏറെ കടമ്പകൾ കടക്കേണ്ടിവന്നു. ഭിന്നശേഷിക്കാരുടെ പരാതികൾക്കും ആവശ്യങ്ങൾക്കും മുൻഗണന കിട്ടുമെന്ന ധാരണയിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നിരന്തരം കണ്ടു. പഞ്ചായത്തിലേക്ക് വിളിപ്പിച്ച് ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.
തുടർന്ന് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ല കലക്ടർ, വനിത കമീഷൻ, ശിശുക്ഷേമ കമ്മീഷൻ, എം.എൽ.എ, എം.പി തുടങ്ങിയവർക്ക് പരാതികൾ നൽകി. അദാലത്തിലേക്ക് വിളിപ്പിച്ചെങ്കിലും റോഡ് ഉണ്ടാക്കേണ്ടത് പഞ്ചായത്താണെന്ന് പറഞ്ഞ് കൈയൊഴിയാനായിരുന്നു ശ്രമം. ഏറെ ശ്രമത്തിനൊടുവിൽ, മന്ത്രി എം.ബി. രാജേഷുമായി സംസാരിച്ച് നിർമാണാനുമതി ലഭ്യമാക്കിയെങ്കിലും വീണ്ടും കാലതാമസമുണ്ടായി. നിരന്തര സമ്മർദത്തിനു ശേഷമാണ് ഫണ്ട് അനുവദിച്ചതും റോഡായതും.
ഇവരെ അവഗണിച്ച് ഇതിനിടെ ചിലർ ഉദ്ഘാടനവും നടത്തി. ഇതിൽ പ്രതിഷേധിച്ച് ഞായറാഴ്ച ജെഫ്രി നാട്ടുകാരുടെ സാന്നിധ്യത്തിൽ റോഡിന്റെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.