സു​റാ​ബ്

വയസ്സ് 70; സുറാബിന് പുസ്തകങ്ങളും 70

കാസർകോട്: എഴുത്തുകാരൻ സുറാബിന്റെ പുസ്തകങ്ങളുടെ എണ്ണം അദ്ദേഹത്തിന്റെ വയസ്സിനോടൊപ്പം വളരുകയാണ്. പ്രണയദിനമായ ഫെബ്രുവരി 14ന് എഴുപത് തികയുന്ന സുറാബിന്റെ എഴുത്തിനോടുള്ള പ്രണയം പുസ്തകങ്ങളായി 70 ഓളം വളർന്നു. ആറ് പുസ്തകങ്ങൾ ഉടൻ പുറത്തിറങ്ങുന്നതോടെ എണ്ണം പൂർത്തിയാകും. മലയാളത്തിൽ ഏറ്റവും കൂടുതൽ പുസ്തകമിറക്കിയ ആൾ എന്ന ബഹുമതിയിലേക്കാവും അതിന്റെ യാത്ര എന്ന് അനുമാനിക്കാം.

പ്രവാസിയായിരുന്ന സുറാബിന്റെ എഴുത്തുജീവിതം പ്രവാസലോകത്തുന്നിന്ന് ബേക്കലിലേക്ക് പറിച്ചുനട്ടു. ഏറെക്കാലം കുടുംബസമേതം ഷാർജയിൽ ആയിരുന്നു. നീലേശ്വരത്ത് ജനിച്ച സുറാബിന്റെ ശരിയായ പേര് അബൂബക്കർ അഹമ്മദ്. കുണ്ടംകടവത്ത് അഹമ്മദും നാലുപുരപ്പാട്ടിൽ ആയിഷയുമാണ് മാതാപിതാക്കൾ ആനുകാലികങ്ങളിൽ കഥ, കവിത, നോവൽ, അനുഭവം എന്നിവ എഴുതുന്നു.

കവിതക്ക് മലയാള മനോരമ യുവ അവാർഡ്, മഹാകവി കുട്ടമത്ത് അവാർഡ്, കാസർകോട് പബ്ലിക് സെർവെന്റ്സ് അവാർഡ്, അബൂദബി ശക്തി അവാർഡ്, കഥക്ക് കമലാസുറയ്യ അവാർഡ്, നോവലിന് കൈരളി ബുക്സ‌് അവാർഡ്, തിരക്കഥക്ക് സെവൻ ആർട്ട്സ് ചി ത്രഭൂമി അവാർഡ്, 2005 ലെ അറേബ്യ അക്ഷരശ്രീ പുരസ്കാരം, 2025-26 ലെ മലയാള സാഹിത്യ അക്കാദമി റിസർച്ച് സെന്ററിന്റെ കവിതക്കുള്ള കൃതി ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. 2017ലെ ഭരണഭാഷാവാരാചര ണത്തോടനുബന്ധിച്ച് ജില്ലഭരണകൂടം ആദരിച്ചിരുന്നു.

'അരയാക്കടവിൽ' എന്ന സിനിമക്ക് ഗാനരചന നിർവഹിച്ചു. തബല, പൂക്കളോടു മാത്രം വർത്തമാനം പറയുന്നു, അവിടെ മഴ പെയ്യാറില്ല, ബസാർ, തെരഞ്ഞെടുത്ത കവിതകൾ, ഓരോരോ വഴികൾ, അപ്പൂപ്പൻ തെരുവ്, അഞ്ചില്ലം, ഷാർജ, മടങ്ങിവന്നവന്റെ വർത്തമാനങ്ങൾ തുടങ്ങി കൃതികളുടെ പട്ടിക നീളുന്നു. ഭാര്യ: ഖൈറുന്നിസ. മക്കൾ: സവാദ്, സജാദ്, ഫിദ. മരുമക്കൾ: സെയ്ഫുദ്ദീൻ, ഫമീന.

Tags:    
News Summary - At 70, Zurab Marks Milestone with 70 Books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.