ചെറുവത്തൂർ: മനുഷ്യസ്നേഹത്തിന്റെ നല്ലപാഠം പകർന്ന് അർബുദത്തെ തോൽപിക്കുകയാണ് ഓട്ടോ ഡ്രൈവർ യു. ഭാസ്കരൻ (61). അർബുദരോഗികൾക്ക് തന്റെ ഓട്ടോയിൽ സൗജന്യ യാത്ര ഒരുക്കിക്കൊണ്ടാണ് ചീമേനി നിടുംബയിലെ ഭാസ്കരൻ ഗ്രാമത്തിൽ നന്മയുടെ പ്രകാശം പരത്തുന്നത്. അർബുദരോഗികൾക്ക് 10 കിലോമീറ്റർ സൗജന്യമായി ഭാസ്കരന്റെ ഓട്ടോയിൽ യാത്ര ചെയ്യാം.
നാലുവർഷം മുമ്പാണ് താനൊരു അർബുദരോഗിയാണെന്ന് ഭാസ്കരൻ തിരിച്ചറിയുന്നത്. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ തീരുമാനിച്ചു. ഒരു ഓട്ടോ വാങ്ങി. അർബുദരോഗികളെയും ഒപ്പം നിർത്തണമെന്ന് തോന്നി. അങ്ങനെയാണ് വാഹനത്തിൽ സൗജന്യ യാത്രയൊരുക്കിയത്.
പരിചയമുള്ളവരും അല്ലാത്തവരുമായ രോഗികൾ മിക്കപ്പോഴും യാത്ര ചെയ്യാറുണ്ട്. ആശുപത്രിയിലേക്ക് പോകുന്നതിനായി കൂടുതലാളുകളും ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലേക്കാണ് ഓട്ടോ വിളിക്കാറ്. 40 വർഷം ചീമേനിയിൽ ചുമട്ടുതൊഴിലാളിയായിരുന്നു.
2015ൽ ജോലിയിൽനിന്ന് വിരമിച്ചു. മൂന്നു വർഷം മുമ്പാണ് ഓട്ടോ വാങ്ങിയത്. നിടുംബ സ്റ്റാൻഡിലാണ് ഓട്ടോ വെക്കുന്നത്. ഒഴിവുസമയം നാടൻപണികളിലും സജീവമാകും. ‘ഇനി മംഗളൂരുവിലെ ആശുപത്രിയിൽ ആറുമാസത്തിലൊരിക്കൽ പരിശോധനക്ക് ചെന്നാൽ മതി’ -ഭാസ്കരൻ പറഞ്ഞു. ഭാര്യ: കെ. ഷീബ. മക്കൾ: സിബിത് ലാൽ, സിബിന, അഭിനവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.