രാവിലെ ഉണർന്നപ്പോൾ വണ്ടൂരിലെ ഹൈദരലിയുടെയും മലപ്പുറത്തെ അനിൽ കുറുപ്പന്റെയും മിസ്ഡ് കാൾ ഫോണിൽ കണ്ടപ്പോൾ ആകാരണമായ ഒരു ഭയം അനുഭവപ്പെട്ടു. രണ്ടാളും ഒരേ കാര്യം പറയാനായിരിക്കുമോ വിളിച്ചത് എന്ന് സംശയിക്കാൻ സൂചനകൾ ഒന്നുമില്ലെങ്കിലും എനിക്ക് അങ്ങനെ തോന്നി. ഞാൻ ഹൈദരലിയെ ആദ്യം തിരിച്ചു വിളിച്ചു.ഹൈദരലി മഞ്ചേരിയിലെ മൊണ്ടാഷ് മൂവി ക്ലബിന്റെ പ്രവർത്തകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും അതിലുപരി സമീലിന്റെ ഒരനിയന്റെ ഭാര്യാ പിതാവും ആയിരുന്നു. ഹൈദരലിയുടെ മകളുടെ വിവാഹ ദിനത്തിൽ ഞാൻ സമീലിനെ കണ്ടിരുന്നു. എനിക്ക് സമീലുമായുള്ള സൗഹൃദം ഹൈദരലിക്ക് നന്നായറിയാം.
സമീലിന്റെ തായ്ലൻഡിൽ നിന്ന് സംഭവിച്ച ആകസ്മിക മരണം എന്ന ദുഃഖ വാർത്ത ഹൈദരലി അറിയിച്ചു. കേട്ടപ്പോൾ ഉണ്ടായ ഞെട്ടൽ എന്നെ തളർത്തി.
സമീലിന് ഇപ്പോഴുള്ള ഐഡന്റിറ്റികളൊക്കെ രൂപപ്പെടുന്നതിന്, വളരെ മുമ്പ് തുടങ്ങിയ സൗഹൃദമാണ് എനിക്ക് സമീലുമായുള്ളത്. ഞാൻ പലരോടും ‘ത്രിമൂർത്തികൾ’ എന്ന് പറഞ്ഞിരുന്ന മൂന്നുപേരുണ്ടായിരുന്നു: സമീൽ, സമീർ സി. ബിൻസി, ഹിക്മത്തുല്ല. ഇവരെ മൂന്നുപേരെയും സ്ഥിരമായി കാണുമായിരുന്നു. പിന്നീട് ആ ഗ്രൂപ്പിൽ ജമീൽ അഹമ്മദിനെയും ഇടക്കിടെ കാണാൻ തുടങ്ങി. അന്ന് ഞാൻ മലപ്പുറം രശ്മി ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്നു.
അന്ന് വൈകുന്നേരത്തെ സിനിമാ പ്രദർശനങ്ങൾ സ്ഥിരമായി നടന്നിരുന്നത് ഇന്നത്തെ കോ-ഓപറേറ്റിവ് ഹോസ്പിറ്റലിന്റെ അടുത്തുള്ള എൻ.ജി.ഒ യൂനിയൻ ഹാളിലായിരുന്നു. അന്ന് അവിടെ കോ-ഓപറേറ്റിവ് ഹോസ്പിറ്റലൊന്നും ഉണ്ടായിരുന്നില്ല. സാധാരണയായി വൈകുന്നേരം ആറുമണിക്കാണ് സിനിമാ പ്രദർശനം തുടങ്ങുക. അഞ്ചരയോടെ വളരെ കുറച്ച് ആളുകൾ വരാൻ തുടങ്ങും. അഞ്ചേമുക്കാൽ, ആറുമണിയാകുമ്പോഴേക്കും ഇവർ മൂന്നുപേരും എത്തും.
ആറുമണിക്ക് സിനിമ തുടങ്ങുമ്പോൾ ഒരു പ്രശ്നമുണ്ടായിരുന്നു. മഗ്രിബ് ബാങ്ക് കൊടുക്കുന്നതോടെ ഇവർ മൂന്നുപേരും ‘നിസ്കരിച്ചു വരാം’ എന്നുപറഞ്ഞ് തൊട്ടടുത്തുള്ള പള്ളിയിലേക്ക് പോകും. പള്ളി വളരെ അടുത്തായിരുന്നു. എന്നാൽ, ആറുമണിക്ക് സിനിമ തുടങ്ങിയാൽ അവർക്ക് അത്രയും ഭാഗം നഷ്ടപ്പെടും. അതേ സമയം, മറ്റു കാഴ്ചക്കാർ ഉള്ളതിനാൽ ഈ മൂവർ സംഘത്തിനുവേണ്ടി പ്രദർശനം നിർത്തിവെക്കുന്നതും ശരിയായ നടപടിയല്ല.
പക്ഷേ, ഇവർ സിനിമ കാണാൻ വന്നിരുന്നത് വളരെ സീരിയസായിട്ടായിരുന്നു. ഞാൻ പ്രധാന സംഘാടകനും സെക്രട്ടറിയുമായിരുന്നെങ്കിലും മറ്റു സംഘാടകരും അവിടെ ഉണ്ടാകുമല്ലോ. അപ്പോൾ ഞാൻ ഒരു പോംവഴി കണ്ടെത്തി. “നമുക്ക് ഒരു കാര്യം ചെയ്യാം. മഗ്രിബ് ബാങ്ക് കൊടുത്ത് അവർ നമസ്കരിച്ചു വന്നശേഷം സിനിമ തുടങ്ങിയാൽ മതി.” അങ്ങനെ, പലപ്പോഴും അവർ വന്ന ശേഷമാണ് സിനിമ തുടങ്ങിയത്. അന്ന് ഇവരാരും ജോലിയിലായിരുന്നില്ല. ഹിക്മത്ത് പിന്നെയും കുറെക്കാലം പഠിച്ചു. സമീൽ പിന്നീട് മാധ്യമത്തിലേക്ക് റിപ്പോട്ടർ ആയി വരുകയായിരുന്നു. അന്നുമുതൽ തുടങ്ങിയ സൗഹൃദമാണത്.
സമീൽ മാധ്യമത്തിൽ വന്നതിനുശേഷം ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്ത സൗഹൃദം രൂപപ്പെട്ടു. അന്ന് മലപ്പുറം രശ്മി ഫിലിം സൊസൈറ്റിയുമായി എനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. പിന്നീട് ഞാൻ മലപ്പുറത്തുനിന്ന് മാറിത്താമസിക്കുകയും മഞ്ചേരി മോണ്ടാഷ് മൂവി ക്ലബുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങുകയും ചെയ്തു. പെരിന്തൽമണ്ണ ഡെസ്കിൽ ജോലി ചെയ്യുമ്പോൾ ബൈക്കിൽ വീട്ടിലേക്ക് പോകും വഴി ഇടക്ക് എന്റെ അങ്ങാടിപ്പുറത്തുള്ള വീട്ടിൽ കയറും, കുട്ടികൾക്ക് ചോക്ലറ്റുമായാണ് വരുക. അതുകൊണ്ട് എന്റെ വീട്ടിൽ എല്ലാവർക്കും സമീൽ പരിചിതനാണ്.
സമീലിനോടുള്ള എന്റെ ബന്ധം സൗഹൃദം മാത്രമല്ല; ഒരു തരത്തിലുള്ള കമ്മിറ്റ്മെന്റും കൂടിയായിരുന്നു. പിന്നീട് പല ഘട്ടങ്ങളിലും, ഞാൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്നപ്പോൾ, ചില എക്സ്ക്ലൂസിവ് വാർത്തകൾ സമീലിനെ വിളിച്ചാണ് പറയാറുണ്ടായിരുന്നത്. അത് മാധ്യമത്തിൽ പ്രധാനപ്പെട്ട ന്യൂസായി വരും. അങ്ങനെ ചില അഴിമതികൾ തന്നെ നിർത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
പിന്നീട് ഓർമ വരുന്ന ഒരു കാര്യം ജമാഅത്തെ ഇസ്ലാമിയുടെ സംഘാടനത്തിൽ നടന്ന ഒരു ഫിലിം ഫെസ്റ്റിവൽ ആണ്. സമീൽ ആയിരുന്നു മുഖ്യ ചുമതലക്കാരൻ. മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രിയനന്ദനൻ, ജി.പി. രാമചന്ദ്രൻ, ഞാൻ എന്നിവരാണ് അതിഥികൾ ആയി പങ്കെടുത്തത്.
കുറച്ചുനാൾ മുമ്പ് ഞാൻ സമീലുമായി ഒന്നോ രണ്ടോ പ്രാവശ്യം ഫോണിൽ സംസാരിച്ചിരുന്നു. ചിലപ്പോഴൊക്കെ സമീൽ തന്നെ ചില ആവശ്യങ്ങൾക്കായി എന്നെ വിളിക്കും. ചില എക്സ്ക്ലൂസീവ് വാർത്തകൾക്ക് വേണ്ടിയുള്ള ഡീറ്റെയിൽസ് ചോദിക്കും. ഞാൻ ചലച്ചിത്ര അക്കാദമിയിൽ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം ചില വലിയ വാർത്തകൾക്കായി സഹായം ചോദിച്ചിരുന്നു. അതിൽ ചിലതൊന്നും എനിക്ക് സഹായിക്കാൻ കഴിയുന്നതായിരുന്നില്ല. പക്ഷേ ആ ബന്ധവും കോൺടാക്ടും നിലനിന്നിരുന്നു. അടുത്തിടെ ഞാൻ എന്റെ ഒരു പുസ്തകവുമായി ബന്ധപ്പെട്ട് സമീലിനെ വിളിച്ചു. ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ട ഒരു കാര്യമായിരുന്നു അത്. മലപ്പുറത്ത് ഒരിക്കൽ നടത്തിയ ഇറാൻ സിനിമാ ഫെസ്റ്റിവലിനെക്കുറിച്ചുള്ള ഓർമ.
അന്ന് വി.എച്ച്.എസ് കാസറ്റുകളുടെ കാലമാണ്. 16mm, 35mm പ്രിന്റുകളും വി.എച്ച്.എസ് കാസറ്റുകളും ഉപയോഗിച്ചിരുന്ന കാലം. സീഡിയുടെ കാലം വന്നെത്തിയിട്ടില്ല.അതുവരെ ആരും കാണിക്കാത്ത കുറച്ച് എക്സ്ക്ലൂസീവ് ഇറാനിയൻ സിനിമകളുടെ കാസറ്റുകൾ ഏതോ വഴിയിൽ ഡൽഹിയിലെ ഇറാൻ എംബസിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. അഞ്ച് കാസറ്റുകൾ. ആ സിനിമകൾ ചേർത്ത് ഞങ്ങൾ ഒരു ചെറിയ ഫെസ്റ്റിവൽ നടത്തി.
അന്നത്തെ സാഹചര്യത്തിൽ വിഡിയോ പ്രോജക്ടറുകൾ ലഭ്യമല്ല. വി.സി.ആർ കൊണ്ടുവന്ന് കാസറ്റ് ഇട്ട് ടി.വിയിൽ മാത്രമേ പ്രദർശിപ്പിക്കാൻ കഴിയൂ. സാമാന്യം വലുപ്പമുള്ള ഒരു കളർ ടി.വി സുഹൃത്തായ എം.ബി. ജെയിംസിന്റെ വേവ്സ് എന്ന ഹോം അപ്ലയൻസ് ഷോപ്പിൽ നിന്ന് എടുത്തുകൊണ്ടുവന്നു. ഇന്നത്തെ എൽ.സി.ഡി ടിവികളൊന്നുമല്ല. സാധാരണ ടിവികളേക്കാൾ കുറച്ച് വലുപ്പമുള്ള ഒരു സാംസങ് അല്ലെങ്കിൽ സാൻസൂയി പോലെയുള്ള കളർ ടിവി. അതിലാണ് ഫെസ്റ്റിവൽ നടത്തിയത്.
എൻ.ജി.ഒ യൂനിയൻ ഹാളിൽ സ്റ്റേജിൽ ഒരു മേശപ്പുറത്ത് ടി.വി വെക്കും. ആളുകൾ മുന്നിലിരുന്ന് സിനിമ കാണും. അത് മികച്ച വ്യൂവിങ് അനുഭവമൊന്നുമല്ല. ഒരു വീട്ടിലെ സ്വീകരണമുറിയിൽ കാണാൻ ഉദ്ദേശിക്കുന്ന ഉപകരണമാണല്ലോ ടി.വി. പക്ഷേ, ഞങ്ങളുടെ ആവേശം കൊണ്ടാണ് അത്തരം കാര്യങ്ങൾ ചെയ്തിരുന്നത്.
അന്ന് ഈ ഇറാൻ ഫെസ്റ്റിവലിന് പത്രങ്ങളിൽ ഗംഭീര കവറേജ് വന്നു. “മലപ്പുറത്ത് അഞ്ചു ദിവസത്തെ ഇറാൻ ഫെസ്റ്റിവൽ” എന്ന തരത്തിൽ വലിയ വാർത്തകൾ വന്നു. മാധ്യമത്തിൽ വലിയ വലുപ്പത്തിലുള്ള തലക്കെട്ടോടെ അഞ്ച് കോളം ന്യൂസ് വന്നെന്നാണ് എന്റെ ഓർമ. ആ വാർത്ത കണ്ടിട്ട് ഞങ്ങൾ തന്നെ ഞെട്ടി.
ഫെസ്റ്റിവൽ തുടങ്ങി രണ്ടാമത്തെ ദിവസമോ മൂന്നാമത്തെ ദിവസമോ ആയിരിക്കണം. പെട്ടെന്ന് ഒരു വിവരം കിട്ടി. സമീൽ തന്നെയായിരിക്കും പറഞ്ഞതെന്ന് തോന്നുന്നു; കൃത്യമായി ഓർമയില്ല. ഇറാനിലെ തെഹ്റാനിൽ നിന്ന് വന്ന കൾചറൽ അറ്റാഷെ കോഴിക്കോട് എത്തിയിട്ടുണ്ട്. അദ്ദേഹം ഈ ഫെസ്റ്റിവലിനെക്കുറിച്ചുള്ള വാർത്ത കണ്ടിട്ട് വെന്യൂ സന്ദർശിക്കാനാഗ്രഹം പ്രകടിപ്പിച്ചു.അന്ന് മാധ്യമം പത്രത്തിന് മലപ്പുറം എഡിഷൻ ഇല്ല. കോഴിക്കോട് എഡിഷനാണ്. മലപ്പുറത്തും കോഴിക്കോട്ടും ഒരേ പേജാണ് പോകുന്നത്. ആ വാർത്ത കണ്ടാണ് അദ്ദേഹം വരാൻ ആഗ്രഹിച്ചത്.
അദ്ദേഹത്തെ വൈകുന്നേരം ആറരയോടെ കൊണ്ടുവരാമെന്ന് പറഞ്ഞു. സിനിമ തുടങ്ങിയിരുന്നു. സമീലും ഉണ്ടായിരുന്നുവെന്നാണ് എന്റെ ഓർമ. അദ്ദേഹം വന്നു നോക്കുമ്പോൾ അമ്പരന്നു. വലിയ വാർത്ത കണ്ടപ്പോൾ ഭീമമായ ഒരു തിയറ്ററിലൊക്കെയായിരിക്കും ഫെസ്റ്റിവൽ നടക്കുന്നത് എന്ന് കരുതിയിട്ടുണ്ടാകാം. പക്ഷേ, ചെറിയൊരു ഹാളിൽ ഒരു ടി.വി വെച്ച് പത്ത്, ഇരുപത്തഞ്ച് ആളുകൾ ഇരുന്ന് സിനിമ കാണുകയാണ്. അതിനിടയിൽ കറന്റും പോയി. അന്ന് അരമണിക്കൂർ പവർകട്ട് ഉണ്ടായിരുന്ന കാലമാണ്. പവർകട്ടിന്റെ സമയത്ത് ഞങ്ങൾ ഒരു എമർജൻസി ലാമ്പ് വെച്ച് അദ്ദേഹത്തോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം സംസാരിച്ചു. ഭയങ്കര സന്തോഷം പ്രകടിപ്പിച്ചു. പിന്നെ തിരിച്ചുപോയി. അങ്ങനെ ഒരു സംഭവം ഉണ്ടായി.
അവസാനമായി ഞാൻ സമീലിനെ വിളിച്ചത് അതുമായി ബന്ധപ്പെട്ടാണ്. എന്റെ പുസ്തകത്തിൽ ഈ സംഭവം എഴുതാൻ വേണ്ടിയായിരുന്നു. പക്ഷേ, അന്ന് വന്ന ഇറാൻ കൾചറൽ അറ്റാഷെയുടെ പേര് എനിക്ക് ഓർമ കിട്ടുന്നില്ലായിരുന്നു. സമീലിന് ഓർമയുണ്ടാവുമോ എന്ന് അറിയാനാണ് വിളിച്ചത്. സമീലിനും ഓർമയില്ലായിരുന്നു. അപ്പോൾ സമീൽ പറഞ്ഞു: “മേലാറ്റൂരിലുള്ള സി. ഹംസയോട് ചോദിച്ചാൽ പേര് കിട്ടും. ആ ഇറാനിയുടെ പരിപാടികൾ കോഓഡിനേറ്റ് ചെയ്തതും കൊണ്ടുവന്നതും അദ്ദേഹമാണ്. നമുക്ക് ഒരുദിവസം പോകാം, മധുവേട്ടാ.”
എന്റെ എഴുത്ത് ആ ഭാഗത്തെത്തിയില്ല. പിന്നീട് പോകാം എന്ന് വിചാരിച്ച് ഞാൻ തന്നെ അത് നീട്ടിവെച്ചു. അങ്ങനെ ആ പോകൽ നടന്നില്ല. അതാണ് ഇപ്പോൾ ഭയങ്കര സങ്കടമായി തോന്നുന്നത്.
വിഭിന്നമായ രാഷ്ട്രീയ കക്ഷികളിൽ പെട്ടവരാണ് ഞങ്ങൾ രണ്ടുപേരുമെങ്കിലും ഞങ്ങളുടെ രാഷ്ട്രീയ പരിപ്രേക്ഷ്യം ഒന്നാണ് എന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാമെന്നതായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന സ്നേഹബന്ധത്തെ സജീവമാക്കി നിർത്തിയത്.
ഒരു മനുഷ്യൻ എങ്ങനെ ജീവിച്ചു എന്ന് നമ്മൾ പലപ്പോഴും വിശകലനം ചെയ്യുന്നത് അയാൾ മരിച്ചശേഷമാണ്. അതാണ് നമ്മുടെ പരിമിതി. അത് ഒരു ട്രാജഡിയുമാണ്, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച്. സമീലിന് കിട്ടേണ്ട ശ്രദ്ധ ഒരു പക്ഷേ കിട്ടിയിട്ടുണ്ടാകാം. എങ്കിലും ഒരു മനുഷ്യനെ, ഒരു ആക്ടിവിസ്റ്റിനെ, ഒരു ജേണലിസ്റ്റിനെ, ഒരു ഹ്യൂമൻ ബീയിങ്ങിനെ, അയാൾ ജീവിച്ചിരിക്കുമ്പോൾ തന്നെ തിരിച്ചറിയാനും വിലമതിക്കാനും നമുക്ക് കഴിയുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. സമീലിന്റെ മരണം വലിയൊരു നഷ്ടമാണ്. സമീലിനെ നമ്മൾ മിസ്സ് ചെയ്യും. പല സുഹൃത്തുക്കളുമായും, ജി.പി. രാമചന്ദ്രനെ പോലുള്ളവർ ഞാൻ സമീലിനെക്കുറിച്ചു സംസാരിച്ചിരുന്നു. എന്തായാലും, ജീവിക്കുന്ന കാലത്ത് ധാർമികതയോടെ ജീവിക്കുക, സത്യസന്ധമായി ജീവിക്കുക എന്നൊരു കടമയും ദൗത്യവും സമീൽ നിറവേറ്റി. എങ്കിലും സമീൽ, ഇത്ര ധിറുതി വേണ്ടിയിരുന്നോ മടക്കയാത്രക്ക്? ഇതെഴുതുമ്പോഴും എന്റെ കണ്ണുകൾ നനയുകയാണ്, ഈ അസാന്നിധ്യത്തെക്കുറിച്ച് ഓർത്തിട്ട്. മറ്റെന്തു പറയാൻ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.