തിച്ചൂർ സുരേന്ദ്രൻ

മരുമണ്ണിലേക്ക് കടൽ കടന്നെത്തിയ പഞ്ചവാദ്യത്തിന്റെ ആശാൻ മടങ്ങുന്നു

മസ്കത്ത്: തൃശൂർ വരവൂർ നെല്ലുവായ്ക്കടുത്ത തിച്ചുർ എന്ന കലാഗ്രാമം കഥകളിയും വാദ്യകലകളും നാടകങ്ങളുമൊക്കെയായി സജീവമായ ദേശമാണ്. കലകളെയും കലാകാരന്മാരെയും വേണ്ടുവോളം പ്രോൽസാഹിപ്പിച്ച കൊടക്കാട്ട് കളത്തിൽ തറവാട്ടിൽ ബാലകൃഷ്ണമേനോന്റെയും ചിന്നമണിയമ്മയുടെയും മകനായി തിച്ചൂരിൽ പിറന്ന സുരേന്ദ്രന് കല രക്തത്തിലേ പടർന്നതായിരുന്നു.

തന്റെ നാലാം വയസ്സിലേ പിതാവിന്റെ വിയോഗം തീർത്ത അനാഥത്വത്തിൽനിന്ന് സുരേന്ദ്രന് കരകയറാനായതും ചെറുപ്പത്തിലേ കലയുടെ വഴിയിലേക്ക് തിരിഞ്ഞതുകൊണ്ടായിരിക്കണം. എല്ലാത്തിനും പ്രോൽസാഹനവുമായി അമ്മ ചിന്നമണിയമ്മ വാൽസല്യത്തോടെ കൂടെ നിന്നു.

കൊട്ടും മേളവും അഭിനയവുമെല്ലാം അഭിനിവേശമായി മനസ്സിൽ കയറിക്കൂടി. പ്രശസ്ത നാടകകൃത്തായ സി.എൽ. ജോസിന്റെ ‘സ്വപ്നം’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച ബാലനടനായി തെരഞ്ഞെടുക്കപ്പെടുമ്പോൾ തനിക്ക് വയസ്സ് വെറും പന്ത്രണ്ടായിരുന്നെന്ന് തിച്ചൂർ സുരേന്ദ്രൻ ഓർക്കുന്നു.

പതിനാറ് വയസ്സുള്ളപ്പോഴായിരുന്നു പഞ്ചവാദ്യത്തിലെ അരങ്ങേറ്റം. കീർത്തികേട്ട കുട്ടനെല്ലൂർ രാജൻ മാരാർ, അന്നമനട പമേശ്വരൻ മാരാർ എന്നിവരായിരുന്നു ഗുരുക്കന്മാർ. വരവൂർ, പാലക്കൽ, കാട്ടകാമ്പാൽ പൂരം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കൊട്ടാനായത് ജീവിതത്തിലെ ഭാഗ്യമായാണ് കരുതുന്നത്. നാട്ടിൽ ഉൽസവവും മേളവും പഞ്ചവാദ്യവുമൊക്ത്‍യായി ജോറായി നടക്കുന്ന കാലത്താണ്, 1980 കളിലെ ശരാശരി മലയാളി യുവാവിനെ പോലെ സുരേന്ദ്രന്റെയും മനസ്സിൽ ഗൾഫ് മോഹം മൊട്ടിടുന്നത്.

മസ്കത്തിന്റെ മണ്ണിലേക്ക്

നാട്ടിലെ കൊട്ട് നിർത്തി, 1984 നവംബറിൽ മസ്കത്തിൽ വന്നിറങ്ങുമ്പോൾ വയസ്സ് 23. സീബിലെ ‘അലി ബിൻ സാബിർ ബിൻ അബ്ദുല്ല’ സൂപ്പർമാർക്കറ്റിൽ മൂന്നര വർഷത്തോളം ജോലി ചെയ്തു. പിന്നെ അജിത് കിംജി ഗ്രൂപ്പിൽ ജോലിയിൽ പ്രവേശിച്ചു. 30 വർഷത്തിലേറെ അതായിരുന്നു തട്ടകം. 2017 മുതൽ സ്വന്തമായി ഫാബ്രിക്കേഷൻ, ഇന്റീരിയർ ഡെക്കറേഷൻ ബിസിനസിലേക്ക് തിരിഞ്ഞു. തൊഴിൽ കാലത്തൊക്കെയും കലയെയും കൂടെ കൂട്ടിയ തിച്ചൂർ സുരേന്ദ്രൻ, ഗൾഫ് നാടുകളിൽ ആദ്യമായി പഞ്ചവാദ്യത്തിന് വിത്തുപാകിയെന്ന അപൂർവ നേട്ടത്തിനുടമയാണ്. അതിന് നിമിത്തമായതാകട്ടെ, വാദ്യ കുലപതികളിലൊരാളായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ ഉപദേശമായിരുന്നു.

2002 ൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിങ്ങിന്റെ ‘കേരളോൽസവം’ ആദ്യമായി അരങ്ങേറുന്നസമയം. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കു പുറമെ, പ്രഗൽഭ കലാകാരന്മാരായ പോരൂർ ഉണ്ണികൃഷ്ണൻ, വെള്ളിനേഴി അച്യുതൻ, കലാമണ്ഡലം ഈശ്വരനുണ്ണി തുടങ്ങിയവരും കേരളോൽസവം കൊഴുപ്പിക്കാനെത്തിയിരുന്നു. അന്ന് അവർക്കൊപ്പം പങ്കുചേർന്ന തിച്ചൂർ സുരേന്ദ്രൻ, പിന്നീട് സംഘാടകനായി മാറി.

തിച്ചൂർ സുരേന്ദ്രൻ കുടുംബത്തോടൊപ്പം

 മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ പിറവി

മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ ഉപദേശം ഉൾ​ക്കൊണ്ട് തിച്ചൂർ സുരേന്ദ്രൻ മസ്കത്തിൽ പഞ്ചവാദ്യ പഠനത്തിന് വാതിൽ തുറന്നിട്ടു. 2003-04 കാലഘട്ടത്തിൽ ഒന്നും രണ്ടും പേരെ മാത്രമായിരുന്നു അഭ്യസിപ്പിച്ചിരുന്നത്. 2005ൽ മസ്കത്ത് പഞ്ചവാദ്യ സംഘം ഔദ്യോഗികമായി രൂപീകൃതമായി. അക്കാലത്ത് മറ്റു ഗൾഫ് രാജ്യങ്ങളിൽ മേളങ്ങളുടെ സംഘങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിലും പഞ്ചവാദ്യം ഒരു ഉപാസന പോലെ തുടങ്ങിയത് മസ്കത്തിലാണെന്ന് തിച്ചൂർ സുരേന്ദ്രൻ പറഞ്ഞു. അവിടുന്നിങ്ങോട്ട് വർഷത്തിൽ ഒന്നും രണ്ടും ബാച്ചുകൾ വാദ്യപഠനം പൂർത്തിയാക്കി. ഇതുവരെ 360 ലേറെ പേർ പഠിച്ചിറങ്ങി.

പ്രവാസ മണ്ണിലെ സാർഥകമായ കലാ ജീവിതത്തിന് വിരാമമിട്ട് തിച്ചൂർ സുരേന്ദ്രൻ ആഗസ്റ്റ് നാലിന് നാട്ടിലേക്ക് മടങ്ങുകയാണ്. നാലു പതിറ്റാണ്ടിലേറെ കാലത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരികെ മടങ്ങുമ്പോൾ ഇനി വിശ്രമകാലമാണോ എന്ന ചോദ്യത്തിന്, ‘വിശ്രമിച്ചാൽ അസുഖം വരും; കലാസപര്യ തുടരും’ എന്നായിരുന്നു തിച്ചൂർ സുരേന്ദ്രന്റെ മറുപടി. മസ്കത്തിലെ ദാർസൈത്തിൽ വീട്ടിൽ ഭാര്യ വിജയ​ശ്രീക്കും (വിജി) മക്കളായ ഉദയശ്രീ, ശ്രീചന്ദ് എന്നിവർക്കുമൊപ്പമായിരുന്നു താമസം. കലാതുടർച്ചയായി മകൻ ശ്രീചന്ദും വാദ്യ രംഗത്തുണ്ട്.

Tags:    
News Summary - The master of the Panchavadyam, who crossed the sea to Marumon, returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.