അന്തരിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി ചെയര്മാന് രമേശന് പാലേരിയുടെ മൃതദേഹം പൊതു ദര്‍ശനത്തിനായി ടൗണ്‍ ഹാളില്‍ എത്തിച്ചപ്പോള്‍
വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ അതികായനെയാണ് ചെയർമാൻ പാലേരി രമേശന്റെ വിയോഗത്തോടെ നഷ്ടമായത്. കേരളത്തിന്റെ സഹകരണമേഖലയുടെയും തൊഴിലാളികളുടെയും അന്തസ്സും പെരുമയും ലോകത്തോളം വളർത്തിയ സമർപ്പിത സഹകാരിയായിരുന്നു അദ്ദേഹം. ശതാബ്ദി പിന്നിട്ട് വളർച്ചയുടെ പുതുലോകത്തേക്കു ചുവടുവെക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ സമീപകാലവളർച്ചയുടെ കഥതന്നെയാണ് രമേശൻ പാലേരിയുടെ ജീവിതം.
’95ൽ യു.എൽ.സി.സി.എസി. യുടെ പത്താമത്തെ പ്രസിഡന്റായാണ് 35ാം വയസ്സിൽ ചുമതലയേറ്റത്.വടകരയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി സിവിൽ എൻജിനീയറിങ്ങിൽ ഡ്രാഫ്റ്റ്സ്മാൻഷിപ് കോഴ്സ് പൂർത്തിയാക്കിയാണ് യു.എൽ.സി.സി.എസിൽ എത്തുന്നത്. ’84ൽ ഓവർസിയർ ആയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ജോലിയിൽ പ്രവേശിച്ചത്. കമ്പനിയുടെ ചെയർമാൻ സ്ഥാനത്ത് എത്തിയതോടെ
വടകരയിലും സമീപ പ്രദേശങ്ങളിലും ഒതുങ്ങി നിന്നിരുന്ന കരാർ കമ്പനി പിന്നീട് ലോക നിലവാരത്തിലേക്ക് ഉയർന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ഭാവനയും മാർഗദർശനവും കഠിനാധ്വാനവുമാണ് കമ്പനിയെ ഉയരങ്ങളുടെ കൊടുമുടിയിലെത്തിച്ചത്. ഉപഭോക്തൃ സേവന മേഖലയിൽ ലോകത്ത് ഏറ്റവും ഉയർന്ന വിറ്റുവരവുള്ള രണ്ടാമത്തെ സഹകരണസ്ഥാപനമാണ് യു.എൽ.സി.സി.എസ്.
കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി രണ്ടാംസ്ഥാനം ഊരാളുങ്കൽ സൊസൈറ്റിക്കാണ്. ഊരാളുങ്കൽ സൊസൈറ്റിയെ യു.എൻ.ഡി.പി 2013ൽ മാതൃക മാതൃക സഹകരണസംഘമായി തെരഞ്ഞെടുത്ത് ഡോക്യുമെന്ററിയാക്കി ലോകമാകെ പ്രദർശിപ്പിച്ചിരുന്നു. ചെയർമാന് മികച്ച പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയായിരുന്നു ഇത്. ഗുരുതരമായ പ്രതിസന്ധി നേരിട്ട നാളുകളിലാണ് കമ്പനിയുടെ തലപ്പത്ത് അദ്ദേഹം എത്തുന്നത്. പിതാവിന്‍റെ വിയോഗം രമേശൻ പാലേരിയെന്ന യുവാവിന്‍റെ ഗൾഫ് സ്വപ്നത്തിന് തടസമായി മാറിയതോടെ എത്തിയത് ഊരാളുങ്കലിൽ.1984 ൽ ഐ.ടി.ഐ.സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ കോഴ്‌സും കഴിഞ്ഞ് ഗൾഫ്ജീവിതം സ്വപ്നം കണ്ട് സൗദി അറേബ്യയിലേക്ക് പോകാൻ മുംബൈവരെ എത്തിയിരുന്നു രമേശൻ.
സൗദിയിലേക്ക് പുറപ്പെടാനിരിക്കവെ നാട്ടിൽനിന്ന് വിളിവന്നു തിരിച്ച് വീട്ടിലെത്താൻ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-പറേറ്റിവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) പ്രസിഡന്റായിരുന്നു പിതാവ് പാലേരി കണാരൻ മാസ്റ്റർ. പിതാവിന്‍റെ മരണ വിവരമറിഞ്ഞ് രമേശൻ നാട്ടിലേക്ക് മടങ്ങി. അങ്ങനെയാണ് യു.എൽ.സി.സി.എസ്സിലേക്കുള്ള പടവുകൾ കയറുന്നത്.ആദ്യം സൊസൈറ്റിയിൽ ഓവർസിയറായി പത്തുവർഷം ജോലി. 1995 മുതൽ സൊസൈറ്റിയുടെ പ്രസിഡന്റ്.
1925-ൽ സൊസൈറ്റി രൂപവത്കരിച്ച 14 പേരിൽ ഒരാൾ രമേശന്റെ മുത്തച്ഛൻ പാലേരി ചന്തൻമാസ്റ്ററായിരുന്നു. 1931 മുതൽ 18 വർഷം അദ്ദേഹം സംഘത്തെ നയിച്ചു. 1952 മുതൽ 84 വരെ പ്രസിഡന്റായത് രമേശന്റെ അച്ഛനാണ്. 35-ാം വയസ്സിൽ രമേശൻ സ്ഥാനമേറ്റടുത്തു. ആദ്യകാലങ്ങളിൽ സൊസൈറ്റിക്ക്കൈയ്യാല നിർമ്മാണമായിരുന്നു ലഭിച്ചത്. പിന്നീട് സൊസൈറ്റി ഉയർച്ചയിലേക്ക് കുതിക്കുകയായിരുന്നു. 1700 കോടിയുടെ ദേശീയപാതാ പ്രവൃത്തി ഏറ്റെടുക്കുന്ന നിലയിലേക്കത് വളർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.