ആലിക്കുട്ടി മുസ്ലിയാർ
ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തോടെ നഷ്ടപ്പെടുന്നത് ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനെ മാത്രമല്ല, സങ്കീർണമായ വിജ്ഞാനത്തെ മലബാറിന്റെ ലളിതമായ ഭാഷാശൈലിയിലേക്ക് ആവാഹിച്ച്, തലമുറകൾക്ക് ഹദീസിന്റെ ആത്മാവ് പകർന്നുനൽകിയ മഹാജ്ഞാനിയെയാണ്
ജാമിഅ നൂരിയ്യയിലെ പ്രഭാതങ്ങൾക്ക് എപ്പോഴും പ്രത്യേക ഗാംഭീര്യവും ശാന്തതയുമുണ്ടായിരുന്നു. അതിരാവിലെ, കാമ്പസിനെ പുതഞ്ഞുനിൽക്കുന്ന മഞ്ഞിൻപടലങ്ങളെ കീറിമുറിച്ച് ക്ലാസ് മുറിയിലേക്കോ ചീനിച്ചുവട്ടിലേക്കോ നടന്നുവരുന്നൊരു രൂപമുണ്ട്. വെളുത്ത തനിമയുള്ള വസ്ത്രവും സൗമ്യമായ പുഞ്ചിരിയുമായി, തിങ്ങിനിറഞ്ഞ കുറിപ്പുകളുള്ള സ്വഹീഹുൽ ബുഖാരിയുടെ വലിയ ഗ്രന്ഥവും ചേർത്തുപിടിച്ചുവരുന്ന ആലിക്കുട്ടി മുസ്‍ലിയാർ. സമസ്തയുടെ ജനറൽ സെക്രട്ടറി, അന്താരാഷ്ട്ര ഇസ്‍ലാമിക സമ്മേളനങ്ങളിലെ തിളങ്ങുന്ന സാന്നിധ്യം, ഇസ്‌ലാമിക പഠനവേദികളിലെ അക്കാദമിക് പണ്ഡിതൻ അങ്ങനെ പുറംലോകത്തിന് അദ്ദേഹം പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരായിരുന്നു. എന്നാൽ, ജാമിഅയുടെ ഇടനാഴികളിലും ബുഖാരി ദർസുകളിലും ഇരുന്ന ആയിരക്കണക്കിന് ഫൈസിമാർക്ക് അദ്ദേഹം അറിവിന്റെ ആഴം തൊട്ടറിഞ്ഞ സ്നേഹനിധിയായ ഗുരുനാഥനായിരുന്നു.
ആലിക്കുട്ടി മുസ്‌ലിയാരുടെ ദർസുകളെ വേറിട്ടുനിർത്തിയത് അദ്ദേഹത്തിന്റെ അത്ഭുതകരമായ അധ്യാപനശൈലിയാണ്. പരമ്പരാഗതമായ വിവർത്തനങ്ങൾക്കപ്പുറം, അറേബ്യൻ നാടുകളായ ഹിജാസിലെയും നജ്ദിലെയും കുന്നുകളെയും നദികളെയും ചരിത്രപശ്ചാത്തലങ്ങളെയും കുറിച്ച് പറയുമ്പോൾ, അദ്ദേഹം അവയെ മലബാറിന്റെ ഭൂപ്രകൃതിയോട് കൂട്ടിയിണക്കുമായിരുന്നു. മണ്ണാർമലയും നെന്മിനി മലയും നാടുകാണി ചുരവും ഭാരതപ്പുഴയും കുന്തിപ്പുഴയുമൊക്കെ ആ ഹദീസ് ക്ലാസുകളിൽ അറേബ്യൻ ഭൂപടങ്ങൾക്ക് കൂട്ടായി വന്നു. ഹദീസിലെ സാധാരണക്കാരായ മനുഷ്യരെ പച്ചയായ നാടൻഭാഷയിൽ ‘അയമുട്ട്യാക്ക’യെന്നും ‘പോക്കരാക്ക’യെന്നും വിളിച്ച് പരിചയപ്പെടുത്തുമ്പോൾ, നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആ ചരിത്രസംഭവങ്ങൾ വിദ്യാർഥികളുടെ കൺമുന്നിൽ ജീവസ്സുറ്റതായി മാറുമായിരുന്നു.
അക്കാദമിക് ഭാഷയുടെ ഗൗരവങ്ങൾക്കിടയിലും, ‘കുഞ്ഞൂച്ചിക്കുട്ടികൾ’, ‘കച്ചറക്കമ്പനി’, ‘എടങ്ങേറ്’ എന്നിങ്ങനെ മലബാറിന്റെ തനതു പ്രയോഗങ്ങളും ശൈലികളും അദ്ദേഹം ക്ലാസുകളിൽ നിറച്ചു. അറബി വ്യാകരണത്തിലെ സങ്കീർണമായ പദവ്യാഖ്യാനങ്ങളും കേവലം അഭ്യാസക്കളികളല്ലാതെ തികച്ചും ലളിതമായി വിദ്യാർഥികളുടെ ഹൃദയത്തിലേക്ക് പകർന്നുനൽകാൻ ആ ശൈലിക്ക് സാധിച്ചു. വെറുമൊരു പാഠപുസ്തക വായനയായിരുന്നില്ല അദ്ദേഹത്തിന്റെ അധ്യാപനശൈലി. ക്ലാസുകൾക്കിടയിൽ അദ്ദേഹം ഈണത്തിൽ ആലപിക്കുന്ന അറബി കവിതകൾ കാമ്പസിലെ കാറ്റിൽ അറിവിന്റെ മണം പരത്തുമായിരുന്നു. ക്ലാസ് കഴിഞ്ഞ ശേഷം വിദ്യാർഥികളുടെ കൈകൾ ചേർത്തുപിടിച്ചു നടക്കുമ്പോഴും ആ ചുണ്ടുകളിൽനിന്ന് അറബി സാഹിത്യത്തിന്റെ വരികൾ ഒഴുകിയെത്തുമായിരുന്നു. ഇ.കെ. അബൂബക്കർ മുസ്‍ലിയാർ, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയ മുൻഗാമി മഹാരഥന്മാരുമൊത്തുള്ള ഓർമകൾ അദ്ദേഹം ക്ലാസിൽ അയവിറക്കുമായിരുന്നു.
സംഘടനയുടെ വലിയ തിരക്കുകൾക്കും യാത്രകൾക്കുമിടയിലും തന്റെ വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ അദ്ദേഹം കാണിച്ച ആവേശം ചെറുതായിരുന്നില്ല. സുബ്ഹിക്ക് മുമ്പേ തുടങ്ങുന്ന ആരാധനകളും നമസ്കാരങ്ങളിലെ കൃത്യതയും സ്വന്തം മക്കളോടെന്ന പോലെയുള്ള വാത്സല്യത്തോടെയുള്ള ഇടപെടലുകളും ജാമിഅയിലെ വിദ്യാർഥികൾ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തോടെ നഷ്ടപ്പെടുന്നത് ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനെ മാത്രമല്ല, സങ്കീർണമായ വിജ്ഞാനത്തെ മലബാറിന്റെ ലളിതമായ ഭാഷാശൈലിയിലേക്ക് ആവാഹിച്ച്, തലമുറകൾക്ക് ഹദീസിന്റെ ആത്മാവ് പകർന്നുനൽകിയ മഹാജ്ഞാനിയെയാണ്. പട്ടിക്കാട്ടെ ആ ക്ലാസ് മുറികളിലും മരച്ചുവട്ടിലും ഇനി ബുഖാരി വായനകൾ തുടരുമായിരിക്കും...
പക്ഷേ, ആ നാടൻമൊഴികളിലൂടെ അറിവിന്റെ പുതിയ ലോകം തുറന്നുതന്ന ‘ആലിക്കുട്ടി ഉസ്താദി’ന്റെ ആ ശബ്ദവും വാത്സല്യവും ഇനി മായാത്ത ഓർമകളിൽ മാത്രം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.