വാങ് ജിബിങ് 

കടലാസ് കഷ്ണങ്ങളിൽ കുത്തിക്കുറിച്ച വരികൾക്ക് ലോകോത്തര അംഗീകാരം; ചൈനയിലെ പരമോന്നത സാഹിത്യ പുരസ്കാരം സ്വന്തമാക്കി ഡെലിവറി റൈഡർ

ഭക്ഷണം വിതരണം ചെയ്യാൻ പോകുന്നതിനിടയിൽ കടലാസ് കഷ്ണങ്ങളിൽ കുത്തിക്കുറിച്ച കവിതകൾക്ക് ഒടുവിൽ ചൈനയിലെ പരമോന്നത സാഹിത്യ പുരസ്കാരങ്ങളിലൊന്ന് തേടിയെത്തിയിരിക്കുകയാണ്. 'ഡെലിവറി റൈഡർ' ആയി ജോലി ചെയ്യുന്ന 56കാരനായ വാങ് ജിബിങ് ആണ് രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരമായ ലു ഷുൻ ലിറ്റററി പ്രൈസ് സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹം രചിച്ച 'ലോ ഫ്ലൈറ്റ്' എന്ന കവിതാസമാഹാരത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.

ചൈനയിലെ സാധാരണക്കാരായ തൊഴിലാളികളുടെ നിത്യജീവിതത്തിലെ യാതനകളും ബുദ്ധിമുട്ടുകളും ലോകത്തിന് മുന്നിലെത്തിച്ച വ്യക്തിയാണ് വാങ് ജിബിങ്. തന്റെ ജോലിയുടെ ഭാഗമായി ഭക്ഷണവിതരണക്കാർ ദിനംപ്രതി നേരിടുന്ന വെല്ലുവിളികളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് 2024ൽ വാങ് ജിബിങ് 'ലോ ഫ്ലൈറ്റ്' (താഴ്ന്ന് പറക്കൽ) പ്രസിദ്ധീകരിച്ചത്.

ഇതിലെ കവിതകൾക്കായി ഇരുനൂറോളം മറ്റ് ഡെലിവറി റൈഡർമാരുമായി അദ്ദേഹം നേരിട്ട് സംസാരിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ചിറകുവിരിക്കുക എന്നാൽ ഉയർന്നു പറക്കുക എന്ന് ആരാണ് പറഞ്ഞത്? താഴ്ന്നു പറക്കുന്നതും പറക്കൽ തന്നെയാണ്... എന്നത് ഈ സമാഹാരത്തിലെ ശ്രദ്ധേയമായ ഒരു വരിയാണ്. ജിയാങ്‌സു പ്രവിശ്യയിലാണ് വാങ് ജനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കൗമാരപ്രായത്തിൽ തന്നെ അദ്ദേഹത്തിന് സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു.

കുടുംബം പോറ്റുന്നതിനായി പിന്നീട് അദ്ദേഹം ചെയ്യാത്ത ജോലികളില്ല. നിർമാണത്തൊഴിലാളിയായും, പാഴ്വസ്തുക്കൾ പെറുക്കി വിൽക്കുന്നയാളായും, തെരുവ് കച്ചവടക്കാരനായുമൊക്കെ ജീവിച്ചു. ഒടുവിൽ 2019ലാണ് അദ്ദേഹം ഭക്ഷണവിതരണ മേഖലയിലേക്ക് തിരിയുന്നത്. എന്നാൽ ഈ കഠിനാധ്വാനങ്ങൾക്കിടയിലും വായനയോടും എഴുത്തിനോടുമുള്ള തന്റെ പ്രണയം വാങ് കൈവിട്ടില്ല. ഡെലിവറിക്കിടെ കിട്ടുന്ന വിശ്രമവേളകളിലായിരുന്നു എഴുത്ത്. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം തന്റെ കവിതകളും ലേഖനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.

2022ൽ വാങ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച 'മാൻ ഇൻ എ ഹറി' (തിരക്കുള്ള മനുഷ്യൻ) എന്ന കവിത ഇന്റർനെറ്റിൽ വലിയ രീതിയിൽ വൈറലായിരുന്നു. 2019ൽ വാങ്ങിന് നേരിടേണ്ടി വന്ന ഒരു ദുരനുഭവമായിരുന്നു ആ കവിതക്ക് പിന്നിൽ. തെറ്റായ വിലാസം നൽകിയതിനെ തുടർന്ന് മണിക്കൂറുകളോളം ആ പ്രദേശം മുഴുവൻ ഭക്ഷണവുമായി അലയേണ്ടി വന്ന നിരാശയിൽ നിന്നാണ് വാങ് ആ വരികൾ കുറിച്ചത്. ആ കവിതയ്ക്ക് ലഭിച്ച വമ്പൻ സ്വീകാര്യതക്ക് ശേഷം, 2023ൽ 'മാൻ ഇൻ എ ഹറി: പോയംസ് ഓഫ് എ ഫുഡ് ഡെലിവറി റൈഡർ' എന്ന പേരിൽ അദ്ദേഹം തന്റെ ആദ്യ കവിതാസമാഹാരം പുറത്തിറക്കി.

വിജയികളുടെ പേരുവിവരങ്ങൾ പ്രഖ്യാപിക്കുന്നതുവരെ ഞാൻ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയായിരുന്നു. വലിയ പരിഭ്രാന്തി ഉണ്ടായിരുന്നു. പ്രഖ്യാപനം വന്നതോടെ വലിയ ഒരാശ്വാസം തോന്നി. തനിക്ക് ലഭിച്ച വലിയ മാധ്യമശ്രദ്ധ മാനസിക സമ്മർദം ഉണ്ടാക്കിയെന്നും വാങ് പറഞ്ഞു. എങ്കിലും ഇത്രയും വലിയൊരു പുരസ്കാരം ലഭിച്ചിട്ടും തന്റെ ഡെലിവറി ജോലി ഉപേക്ഷിക്കാൻ താൻ തയാറല്ലെന്നാണ് വാങ് പറയുന്നത്. 60 വയസ്സ് തികയുന്നതുവരെ ഈ ജോലി തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ജീവിക്കാൻ വേണ്ടി മാത്രമല്ല, ഈ ജോലിയുടെ സ്വഭാവം തനിക്ക് ഏറെ ഇഷ്ടമാണെന്നും, അത് തന്നെ എപ്പോഴും ശാരീരികക്ഷമതയോടെ ഇരിക്കാൻ സഹായിക്കുന്നുണ്ടെന്നും വാങ് പറയുന്നു.

 

എനിക്കെന്നും ഒരു സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹം. ഈ പുരസ്കാരം എന്നെ ഒരിക്കലും മാറ്റില്ല വാങ് വ്യക്തമാക്കി. ലു ഷുൻ പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയാണെന്ന് നിലവിൽ ഔദ്യോഗികമായി പ്രഖ്യാപിക്കാറില്ല. എങ്കിലും 2014ലെ കണക്കുകൾ പ്രകാരം ഇത് ഒരു ലക്ഷം ചൈനീസ് യുവാൻ (ഏകദേശം 14,800 ഡോളർ / 12 ലക്ഷം രൂപ) ആയിരുന്നു. ആധുനിക ചൈനീസ് സാഹിത്യത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 20-ാം നൂറ്റാണ്ട് എഴുത്തുകാരൻ 'ലു ഷുൻ'ന്റെ പേരിലാണ് ഈ പരമോന്നത പുരസ്കാരം നൽകപ്പെടുന്നത്. പരമ്പരാഗത ചൈനീസ് സമൂഹത്തെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യ നോവലുകൾ ഏറെ പ്രശസ്തമാണ്.

മുൻപ് കൊറിയർ സർവീസ് തൊഴിലാളിയായിരുന്ന ഹു അന്യൻ 2023ൽ പുറത്തിറക്കിയ 'ഐ ഡെലിവർ പാഴ്സൽസ് ഇൻ ബീജിങ്' എന്ന പുസ്തകം ചൈനയിൽ വലിയ ബെസ്റ്റ് സെല്ലറായിരുന്നു. വിദേശ മാധ്യമങ്ങളുടെ വരെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ഓർമക്കുറിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷ കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. അതുപോലെ 2017ൽ കുടിയേറ്റ തൊഴിലാളിയായ ഫാൻ യുസു എന്ന വനിതയുടെ ജീവിതപോരാട്ടങ്ങൾ വരച്ചുകാട്ടുന്ന 'ഐ ആം ഫാൻ യുസു' എന്ന ലേഖനവും ചൈനീസ് ഇന്റർനെറ്റിൽ തരംഗമായി മാറിയിരുന്നു. അന്ന് മാധ്യമങ്ങളുടെ നിരന്തരമായ ഇടപെടൽ കാരണം അവർക്ക് കുറച്ചുകാലം വീടുവിട്ട് മാറിനിൽക്കേണ്ടി വരെ വന്നിട്ടുണ്ട്.

Tags:    
News Summary - ചൈനയിലെ പരമോന്നത സാഹിത്യ പുരസ്കാരം ഡെലിവറി റൈഡറിന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.