കൊട്ടിയം: ഡ്യൂട്ടിക്കിടയിലായാലും കഴിഞ്ഞാലും സഹജീവികളുടെ ജീവന് കരുതലേകുകയാണ് നൗഷാദിന് ഏറ്റവും പ്രിയം. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായ പള്ളിമൺ സ്വദേശിക്ക് രക്തദാനം ഇടവേളകളിലെ മറ്റൊരു ‘ഡ്യൂട്ടിയാണ്’. 50 വയസ്സിനിടയിൽ 50ലേറെ തവണ രക്തം നൽകിയ കൊല്ലം പള്ളിമൺ എൻ.എസ്. കോട്ടേജിൽ നൗഷാദ് കൊല്ലത്തെ ജനനായകൻ ആകുന്നത് കാക്കി യൂണിഫോമിനുള്ളിലെ കരുണയുടെ നിറം കൊണ്ടാണ്. നൗഷാദ് എന്ന് പേരുള്ളവരുടെ കൂട്ടായ്മയായ നൗഷാദ് അസോസിയേഷന്‍റെ ജില്ല പ്രസിഡന്‍റ് കൂടിയാണ് കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജോലി നോക്കുന്ന അദ്ദേഹം.
ഇരുപതാമത്തെ വയസ്സിൽ കൂട്ടുകാരന്‍റെ സഹോദരിക്ക് രക്തം നൽകിയാണ് തുടങ്ങിയത്. ഇപ്പോൾ മുടങ്ങാതെ 90 ദിവസം കൂടുമ്പോൾ രക്തദാനം നടത്തും. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള ‘ട്രാക്ക്’ എന്ന സംഘടനയിലും അംഗമാണ്. തങ്ങളുടെ കൂട്ടായ്മയിൽ ഉള്ള നിരവധി നൗഷാദുമാരെ സംഘടിപ്പിച്ച് പലപ്പോഴായി ജില്ലയിലെ വിവിധ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളജ്, റീജനൽ കാൻസർ സെൻറർ, മലപ്പുറം പെരിന്തൽമണ്ണ താലുക്ക് ആശുപത്രി എന്നിങ്ങനെ വിവിധ ആശുപത്രികളിലും രക്തദാനം നടത്തി. സ്വന്തം രക്തം കൊണ്ട് മറ്റൊരാളുടെ ജീവൻ നിലനിർത്താൻ ആയാൽ അതിൽപരം മറ്റൊന്നില്ല എന്നാണ് നൗഷാദ് പറയുന്നത്.
കഴിഞ്ഞ ഓണ നാളുകളിൽ മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ റോഡ് സുരക്ഷ ബോധവത്കരണ പരിപാടിയിൽ മാവേലി വേഷത്തിൽ പങ്കെടുക്കവേ രക്തദാനത്തിന് വിളിയെത്തി. മാവേലി വേഷത്തിൽ ആശുപത്രിയിൽ എത്തിയാണ് അന്ന് രക്തദാനം നടത്തിയത്. ഭാര്യ ഷീബയും മകൾ ഷാഹിനയും പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.