ഓർമ നഷ്ടപ്പെട്ട് ഏതോ കുഗ്രാമത്തിൽ നരകതുല്യമായ 23 വർഷത്തെ ആടുജീവിതത്തിനൊടുവിൽ പ്രകാശം അമ്മയ്ക്കരികിലെത്തി. ജീവനോടെയുണ്ടെന്ന വാർത്ത കേട്ട നിമിഷം മുതൽ നിലയ്ക്കാത്ത കണ്ണീരുമായി കാത്തിരുന്ന കോയമ്പത്തൂർ സ്വദേശിനി സുന്ദരി, മകനെ കെട്ടിപ്പുണർന്നപ്പോൾ അവിടെ സാക്ഷിയായത് കാലം കാത്തുവെച്ച അപൂർവമായ ഒരു അത്ഭുതത്തിനായിരുന്നു. അമ്മയുടെ നിർത്താതെയുള്ള അന്വേഷണത്തിനും സന്നദ്ധസംഘടനയുടെ അശാന്ത പരിശ്രമത്തിനും ഫലമെന്നോണം പ്രകാശത്തിന് എന്നെന്നേക്കുമായി ആ കഷ്ടജീവിതത്തിൽനിന്ന് മോചനം ലഭിച്ചത്.
2003ലാണ് വീട്ടുകാരോടുള്ള ചെറിയ പിണക്കത്തെത്തുടർന്ന് തമിഴ്നാട്ടിൽനിന്നും പ്രകാശ് വീടുവിട്ടിറങ്ങുന്നത്. പിന്നീട് ചെന്നൈയിലുണ്ടെന്ന് ഫോൺ വഴി അറിയിച്ചെങ്കിലും, നിരവധിയിടങ്ങളിൽ തിരഞ്ഞെങ്കിലും മകനെ കണ്ടെത്താനായിരുന്നില്ല. പിന്നീടങ്ങോട്ട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്നാൽ എങ്ങനെയോ ഓർമ നഷ്ടപ്പെട്ട് യാത്രതുടർന്ന പ്രകാശം ചെന്നെത്തിയത് കഠിനമായ ദുരിതങ്ങളുടെ കയങ്ങളിലേക്കായിരുന്നു. ഇന്ത്യ-പാക് അതിർത്തി ഗ്രാമമായ അജ്നാലയിലെ ഒരു വീട്ടിൽ പ്രകാശ് വർഷങ്ങളോളം ക്രൂരമായ അടിമപ്പണിക്ക് ഇരയായി. പകൽ മുഴുവൻ കന്നുകാലികളെ നോക്കാൻ നിർബന്ധിതനാവുകയും രാത്രികളിൽ കാലികൾക്കൊപ്പം ചങ്ങലയിൽ ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്തു. ക്രൂരമായ ഈ വേലയ്ക്ക് പ്രകാശത്തിന് കിട്ടിയിരുന്നത് ദിവസം രണ്ട് നേരത്തെ ഭക്ഷണം മാത്രം. 18 വർഷത്തോളം തുടർന്ന ഈ മാനുഷികരഹിതമായ പീഡനങ്ങൾ ഒടുവിൽ അവന്റെ മാനസികനില തന്നെ തെറ്റുകയും പൂർവകാല ഓർമകൾ പാടെ മായുകയുംചെയ്തിരുന്നു.
പിന്നീട്, 2022 ജൂലൈയിലാണ് 'അപ്നാ ഫർസ് സേവാ സൊസൈറ്റി' എന്ന സന്നദ്ധസംഘടനയാണ് പ്രകാശിനെ ഈ നരകയാതനയിൽനിന്ന് മോചിപ്പിക്കുന്നത്. അജ്നാലയിലെ ഗ്രാമത്തിൽനിന്നും രക്ഷപ്പെടുത്തിയ അവനെ പട്യാലയിലെ ലച്കാനിയിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റി. ക്രൂരപീഡനങ്ങൾ ഏൽപ്പിച്ച ആഘാതത്തിൽ മാനസിക നില തകരാറിലായ പ്രകാശിന് മാസങ്ങൾ നീണ്ട പരിചരണവും ചികിത്സയുമാണ് സൊസൈറ്റി നൽകിയത്. ആരോഗ്യം വീണ്ടെടുത്തപ്പോഴും ഭാഷയെന്ന വലിയ മതിൽ മുന്നിൽ നിലകൊണ്ടു. എങ്കിലും അവൻ സംസാരിക്കുന്നത് തമിഴാണെന്ന് സൊസൈറ്റി ഭാരവാഹികൾ തിരിച്ചറിഞ്ഞു. തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ്, തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുള്ള മുത്തയ്യ എന്ന മാധ്യമപ്രവർത്തകനുമായി ഇവർ ബന്ധപ്പെട്ടു.
മുത്തയ്യ നടത്തിയ അന്വേഷണത്തിലാണ്, ഈ ജൂലൈ ഒന്നിന് സ്വന്തം ഗ്രാമത്തിന് 25 കിലോമീറ്റർ മാത്രം അകലെയുള്ള പൂമലൈപട്ടി ആനൈക്കുളം ഗ്രാമത്തിൽവെച്ച് പ്രകാശത്തിന്റെ അമ്മ സുന്ദരിയെ കണ്ടെത്തുന്നത്. "നിങ്ങളുടെ മകൻ ജീവിച്ചിരിപ്പുണ്ട്" എന്ന വാർത്ത കേട്ടപ്പോൾ ആ അമ്മയ്ക്ക് വിശ്വസിക്കാനായില്ല. ഉടൻതന്നെ കോയമ്പത്തൂർ ജില്ല കളക്ടർ പവൻ കുമാർ ജി കിരിയാപ്പനവരെ കണ്ട് സുന്ദരി സഹായം അഭ്യർഥിച്ചു. ഒരു അമ്മയുടെ വേദന മനസ്സിലാക്കിയ കലക്ടർ, പട്യാല ഡെപ്യൂട്ടി കമീഷണറുമായും സൊസൈറ്റിയുമായും ബന്ധപ്പെട്ട് മകനെ തിരികെയെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി.
ജൂലൈ 27ന് അമ്മ സുന്ദരിയും സഹോദരൻ പ്രഭുവും മാധ്യമപ്രവർത്തകൻ മുത്തയ്യയും പട്യാലയിലെത്തി. ചണ്ഡീഗഡ് തമിഴ് സംഗത്തിന്റെ സഹായത്തോടെ, അധികൃതരുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ ആ സുദിനമെത്തി. 23 വർഷങ്ങൾക്ക് ശേഷം, അമ്മ പ്രകാശിനെ കെട്ടിപ്പുണർന്നു. "ഈ ലോകത്തോട് വിടപറയുന്നതിന് മുമ്പ് എന്റെ മകനെ എനിക്ക് കാണാൻ കഴിഞ്ഞല്ലോ. ഇത് കേവലം ഒരു കൂടിക്കാഴ്ചയല്ല, മറിച്ച് എന്റെ മകന് ദൈവം നൽകിയ രണ്ടാം ജന്മമാണ്..." ആനന്ദക്കണ്ണീരോടെ ആ അമ്മ പറയുമ്പോൾ മകൻ അനുഭവിച്ച യാതനകളും അലിഞ്ഞില്ലാതാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.