ര​മേ​ശ്കു​മാ​ർ

ഏഴ് വർഷത്തെ നിയമപോരാട്ടത്തിന് വിജയം; മാല മോഷണ കേസിൽ നിരപരാധിത്വം തെളിയിച്ച് രമേഷ് കുമാർ

മാവേലിക്കര: 2019ൽ മാല മോഷണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 47 ദിവസം റിമാൻഡിൽ കഴിയേണ്ടിവന്ന ചെട്ടികുളങ്ങര സ്വദേശി രമേഷ് കുമാറിന് ഒടുവിൽ നീതി. ദീർഘകാല നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ചതിനെ തുടർന്ന് കോടതി രമേഷ് കുമാറിനെ കുറ്റവിമുക്തനാക്കി. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നിർമാല്യം തൊഴാനെത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്നാണ് 2019 നവംബർ 26-ന് മാവേലിക്കര പൊലീസ് രമേഷിനെ അറസ്റ്റ് ചെയ്തത്.

എന്നാൽ പിന്നീട് മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായ പ്രതി ഈ കുറ്റകൃത്യവും താനാണ് ചെയ്തതെന്ന് അന്വേഷണത്തിനിടെ സമ്മതിച്ചിട്ടും രമേഷിനെതിരായ കേസ് പിൻവലിക്കുകയോ പുനരന്വേഷണം നടത്തുകയോ ചെയ്തില്ല. മനുഷ്യാവകാശ കമീഷൻ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടും അന്വേഷണം അതേനിലയിൽ തുടർന്നു. വിചാരണക്കിടെ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചെങ്കിലും ഒരാളുടെ മൊഴിപോലും രമേഷ് കുമാറിനെ കുറ്റവുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞില്ല.

കേസിലെ ഏറ്റവും നിർണായകമായ തെളിവായ മോഷണം പോയതായി ആരോപിക്കപ്പെട്ട സ്വർണമാല പോലും കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. എസ്. ഹരിഗോവിന്ദ് സാക്ഷിമൊഴികളിലെയും അന്വേഷണത്തിലെയും ഗുരുതരമായ വൈരുധ്യങ്ങളും വീഴ്ചകളും കോടതിയുടെ ശ്രദ്ധയിൽപെടുത്തി. പ്രതിഭാഗത്തിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി, പ്രോസിക്യൂഷൻ കേസ് തെളിയിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടതായി കണ്ടെത്തി രമേഷ് കുമാറിനെ കുറ്റമുക്തനാക്കുകയായിരുന്നു.

Tags:    
News Summary - ഏഴ് വർഷത്തെ നിയമപോരാട്ടത്തിന് വിജയം; മാല മോഷണ കേസിൽ നിരപരാധിത്വം തെളിയിച്ച് രമേഷ് കുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.