പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ: ഓർമയിലൊരു അന്താരാഷ്ട്ര വേദി

1986 ആഗസ്റ്റ് മാസം. ഹൈദരാബാദിൽ നടന്ന അന്തർദേശീയ ഇസ്‍ലാമിക് കോൺഫറൻസ്. സംഘടിപ്പിക്കുന്നത് ഇന്ത്യയിലെ ലിബിയൻ എംബസിക്ക് കീഴിലെ സാംസ്കാരിക വകുപ്പ്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പ്രൗഢമായ സംഗമത്തിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളിൽ പ്രമുഖനായിരുന്നു പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ. ആദ്യദിനത്തിലെ ഉദ്ഘാടന-അനുബന്ധ പരിപാടികൾ കഴിഞ്ഞ് രണ്ടാംദിന പരിപാടിയുടെ തുടക്കത്തിൽ ഉദ്ഘാടകൻ സമയത്തെത്തിയില്ല. സംഘാടകർ ആലിക്കുട്ടി മുസ്‍ലിയാരെ സമീപിച്ച് അദ്ദേഹത്തിന്റെ അവസരം ഉദ്ഘാടനമാണെന്ന് പറഞ്ഞു.

‘ആധുനിക വിഷയങ്ങൾക്ക് കർമശാസ്ത്രപരിഹാരം’ എന്ന വിഷയം ഉസ്താദ് സമർഥമായി അവതരിപ്പിച്ചു. അധ്യക്ഷതവഹിച്ച ലിബിയൻ അംബാസഡർ നന്നായി പ്രശംസിക്കുകയും പ്രബന്ധത്തിന്റെ കോപ്പി വാങ്ങി സൂക്ഷിക്കുകയുംചെയ്തു. ഈ വിഷയം തങ്ങൾ ലിബിയയിൽ ചർച്ചചെയ്യുമെന്നും ഇത്തരം ക്രിയാത്മക ചർച്ചകളാണ് ഈ കോൺഫറൻസിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം സദസ്സിനെ അറിയിച്ചു.

ഇത്തരം വേദികളിൽ സന്നിഹിതനായി സമസ്തയുടെ ഖ്യാതി വിശ്വപ്രശസ്തമാക്കുന്നതിൽ ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്‍ലിയാരുടെ സേവനം അദ്വിതീയമായിരുന്നു. 2013ൽ ആഫ്രിക്കൻ രാജ്യമായ സെനഗാലിലെ സൂഫീസംഗമത്തിൽ ശ്രദ്ധേയ പ്രഭാഷണം നടത്താൻ അദ്ദേഹത്തിന് അവസരമുണ്ടായി. 2012ൽ ലോക മുസ്‍ലിം കൂട്ടായ്മയായ റാബിത്വയുടെ ഫിഖ്ഹ്കൗൺസിലിൽ സംബന്ധിച്ചു. ഇന്ത്യൻ മുസ്‍ലിം കൂട്ടായ്മയായ മില്ലി കൗൺസിലിന്റെയും പേഴ്‌സനൽ ലോ ബോർഡിന്റെയും യോഗങ്ങളിൽ അദ്ദേഹം സമസ്തയെ പ്രതിനിധീകരിച്ചു.

1945ൽ പെരിന്തൽമണ്ണക്കടുത്ത തിരൂർക്കാട് കുന്നത്ത് തറവാട്ടിൽ ജനിച്ച അദ്ദേഹം സ്വപരിശ്രമത്താൽ വിവിധ ഭാഷകൾ സ്വായത്തമാക്കുകയും വിനയവും പാണ്ഡിത്യവും കൈമുതലാക്കി ഉയരങ്ങൾ കീഴടക്കുകയുംചെയ്ത പ്രതിഭാധനനായ പണ്ഡിതവര്യനാണ്. ഇരുമ്പുഴി ദർസിൽനിന്നാണ് പഠനത്തുടക്കം. പെരിന്തൽമണ്ണ സൈതാലി മുസ്‍ലിയാരായിരുന്നു ഗുരു. നാലു വർഷത്തിനുശേഷം പുത്തനങ്ങാടി പള്ളിയിൽ വളപുരം കെ.ടി. മുഹമ്മദ് മുസ്‍ലിയാരുടെ കീഴിൽ പഠനം തുടർന്നെങ്കിലും ദർസ് മുടങ്ങിയതിനാൽ പടിഞ്ഞാറ്റുമുറി ദർസിലേക്ക് നീങ്ങി. ശേഷം കായിമുസ്‍ലിയാർ എന്ന അബ്ദുൽഖാദിർ മുസ്‍ലിയാരുടെ അരിപ്ര ദർസിലേക്ക്. വീണ്ടും പടിഞ്ഞാറ്റുമുറിയിലെ പെരുമ്പലം ബാപ്പുട്ടി മുസ്‍ലിയാരുടെ കീഴിൽ ഓത്തുതുടർന്നു.

ദർസ് പഠനത്തിന് വിരാമമിട്ട് 1964ൽ ജാമിഅ അനൂരിയ്യ അറബിക് കോളജിൽ ചേർന്നു. 1968ൽ ഫൈസി ബിരുദമെടുത്ത് മീനാർകുഴിയിൽ മുദരിസായി സേവനംതുടങ്ങി. 1976 വരെ അവിടെ തുടർന്നു. 1970ൽ അൻവാറുൽ ഇസ്‍ലാം അറബിക് കോളജ് സ്ഥാപിക്കാൻ നേതൃത്വം നൽകി. 1976ൽ ചെമ്മങ്കടവ് മുദരിസായി. അക്കാലത്താണ് മലപ്പുറം സുന്നി മഹാസമ്മേളനം സമസ്ത നടത്തിയത്. ഇതിന്റെ നേതൃനിരയിൽ തിളങ്ങിനിന്നു.

താൻ പഠിച്ച ജാമിഅ നൂരിയ്യയിൽ 1979ൽ അധ്യാപകനായി നിയമിക്കപ്പെട്ടു. 1986ൽ സമസ്ത മുശവറ അംഗവും 2003ൽ ജാമിഅ പ്രിൻസിപ്പലുമായി. 2003ൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും 2006ൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ്ചെയർമാനുമായി. 2005 ഏപ്രിലിൽ കുറ്റിപ്പുറം നിളാതീരത്ത് നടന്ന എസ്.വൈ.എസ് സുവർണജൂബിലിക്ക് ജനറൽ സെക്രട്ടറിയെന്ന നിലയിൽ നേതൃത്വം നൽകി. 2013ൽ കാസർകോട്ട് നടന്ന എസ്.വൈ.എസ് അറുപതാം വാർഷിക സമ്മേളനത്തിന് സംഘടന ജനറൽ സെക്രട്ടറി എന്നതിനു പുറമെ കാസർകോട് സംയുക്ത ഖാദി എന്ന നിലയിലും അദ്ദേഹം ചുക്കാൻപിടിച്ചു.

സംഘടനയുടെ ആദർശത്തിൽ ഉറച്ചുനിൽക്കുന്നതോടൊപ്പം വിവിധ ചിന്താധാരക്കാരുമായി വ്യക്തിബന്ധം പുലർത്താൻ അദ്ദേഹം സൗമനസ്യം കാണിച്ചു.

ഹജ്ജ് വേളയിൽ അദ്ദേഹത്തിന്റെ സ്വഭാവമഹിമയും സ്നേഹവും പലതവണ അടുത്തറിഞ്ഞ ഓർമകൾ കണ്ണുകളെ ഈറനണിയിക്കുന്നു. മുസ്‍ലിം രാഷ്ട്രീയ സംഘശക്തിയോട് ചേർന്നുനിൽക്കാനും സാമുദായിക പ്രശ്‌നങ്ങളിൽ ശക്തമായ ഇടപെടൽ നടത്താനും അദ്ദേഹം പ്രത്യേക താൽപര്യം കാണിച്ചിരുന്നു.

വിജ്ഞാനം മനുഷ്യനെ വിനയാന്വിതനാക്കുമെന്ന തത്ത്വം ജീവിതത്തിലൂടെ ഉസ്താദ് അന്വർഥമാക്കി. പുഞ്ചിരിതൂകുന്ന മുഖവുമായി ചെറിയവരോടുപോലും വലിയ പരിഗണന കാണിച്ച ആ മഹാമനീഷി പണ്ഡിതരിൽ വ്യതിരിക്തൻ തന്നെയാണെന്ന് ആർക്കും ബോധ്യപ്പെടും. സമസ്തയുടെ സമുന്നത നേതാവും പൊതുസമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വവുമായിരുന്ന മഹാന്റെ വിടവ് സമസ്തക്ക് തീരാനഷ്ടമാണ്. അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.

Tags:    
News Summary - A memorable international venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.