തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ കേരള പൊലീസിൽനിന്ന് മധ്യപ്രദേശ് പൊലീസ് കൂടുതൽ വിവരങ്ങൾ തേടും. വിവാഹം നടത്തിയതിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് കേരള പൊലീസ്. എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നാണ് പറയുന്നത്. എന്നാൽ, കേരളത്തിൽ രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ ശേഖരിക്കാനാണ് മധ്യപ്രദേശ് പൊലീസ് ഉദ്ദേശിക്കുന്നത്.
ഇതിനായി കേരള പൊലീസുമായി ഉടൻ ആശയവിനിമയം നടത്തും. പെൺകുട്ടി ഹാജരാക്കിയ രേഖകളുൾപ്പെടെ പരിശോധിച്ചശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്നകാര്യം തീരുമാനിക്കുക.
അതിനിടെ, തമ്പാനൂർ പൊലീസിന്റെ ഭാഗത്ത് ഒരു വീഴ്ചയുമുണ്ടായില്ലെന്ന റിപ്പോർട്ട് കേരള പൊലീസ് ഡി.ജി.പിക്ക് കൈമാറി. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർഥത്തിലുള്ളതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. യു.ഐ.ഡി.എ.ഐ സൈറ്റ് പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതേ ആധാർ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലുമുള്ളത്. എന്നാൽ, ജനന സർട്ടിഫിക്കട്ട് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു. ഈമാസം 22ന് ന്യൂഡൽഹിയിൽ ഹാജരാകാൻ ദേശീയ പട്ടികവർഗ കമീഷൻ കേരളം, മധ്യപ്രദേശ് ഡി.ജി.പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആ സമയത്ത് ഈ റിപ്പോർട്ടും ഹാജരാക്കും.
തിരുവനന്തപുരം: വിവാഹ വിവാദത്തില്‍ വീണ്ടും ദുരൂഹത. പെൺകുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് എസ്.ടി കമീഷന്റെ നിര്‍ദേശ പ്രകാരം മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയത് പെണ്‍കുട്ടിയുടെ വിവാഹശേഷമാണെന്ന വിവരവും പുറത്തുവരുന്നു. ജനന സര്‍ട്ടിഫിക്കറ്റ് സർക്കാർ നല്‍കിയത് 2025 ജൂണിലാണ്. ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് പെൺകുട്ടിക്ക് ആധാറും പാന്‍കാര്‍ഡും കിട്ടിയതും. ഈ രേഖകളിലെല്ലാം 18 വയസ്സ് പൂര്‍ത്തിയായിരുന്നു. പെണ്‍കുട്ടിക്ക് മധ്യപ്രദേശില്‍ വോട്ടവകാശവുമുണ്ട്. ഇതെല്ലാം കേസിന് പിന്നിലെ ദുരൂഹത വർധിപ്പിക്കുകയാണ്. വിവാഹത്തിന് പെൺകുട്ടി ഹാജരാക്കിയത് വ്യാജരേഖകളെന്ന വാദം കേരള പൊലീസും തള്ളുകയാണ്. വിവാഹ രജിസ്ട്രേഷനായി ഹാജരാക്കിയ ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ യഥാർഥത്തിലുള്ളതാണെന്നാണ് തിരുവനന്തപുരം റൂറല്‍ എസ്.പി, ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോര്‍ട്ടിലും പറയുന്നത്. വിവാഹ രജിസ്ട്രേഷനായി പൂവാര്‍ പഞ്ചായത്തില്‍ അപേക്ഷ നല്കിയപ്പോള് ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകളായി സമര്‍പ്പിച്ചത്. ഇവ പരിശോധിച്ചപ്പോള്‍ വ്യാജമല്ലെന്ന് സ്ഥിരീകരിച്ചെന്നും രേഖ പ്രകാരം 18 വയസ്സ് പൂര്‍ത്തിയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.