പ്രതിപക്ഷ വിമർശനവും പാളയത്തിൽ പടയും; മന്ത്രിമാർ ജാഗ്രത പുലർത്തണമെന്ന് ലീഗ് നിർദേശം

കോഴിക്കോട്: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറി ഒരുമാസം പിന്നിട്ടപ്പോഴേക്കും വിവാദങ്ങൾ പുകയുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ശനിയാഴ്ച കോഴിക്കോട് ചേരും. അധികാരമേറ്റ നാൾമുതൽ സർക്കാറിനെ വിവാദങ്ങളിൽ കുരുക്കാൻ സി.പി.എം കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നതിനിടെ, അതിന് വളംനൽകുന്ന രീതിയിൽ യു.ഡി.എഫിൽതന്നെ അപസ്വരങ്ങൾ ഉയരുന്നത് ലീഗ് നേതൃത്വം ഗൗരവമായാണ് കാണുന്നത്. ഇക്കാര്യം മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്താനും ജാഗ്രതയോടെ പ്രവർത്തിക്കുന്നതിന് നിർദേശം നൽകാനും വെള്ളിയാഴ്ച പാണക്കാട് സാദിഖലി തങ്ങൾ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ചു.

ചെറിയ വീഴ്ചപോലും പർവതീകരിക്കാൻ പാളയത്തിനകത്തുതന്നെ ശ്രമം തകൃതിയായ സാഹചര്യത്തിൽ സംസാരത്തിലും പ്രവൃത്തിയിലും സൂക്ഷ്മത പുലർത്തണമെന്ന് സാദിഖലി തങ്ങൾ മന്ത്രിമാരോട് നിർദേശിച്ചു. ലീഗ് നേതാക്കളിൽനിന്നോ പോഷക സംഘടനകളിൽനിന്നോ സർക്കാറിനെതിരെ പരസ്യപ്രതികരണങ്ങൾ ഉണ്ടാകാതിരിക്കാൻ ശനിയാഴ്ച ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ജില്ല ഭാരവാഹികളുടെയും എം.എൽ.എമാരുടെയും യോഗത്തിൽ കർശന നിർദേശമുണ്ടാകും.

സർക്കാറിനെതിരായ വിമർശനങ്ങൾ ലീഗിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിലും മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുമായി ബന്ധപ്പെട്ട് ചില അപസ്വരങ്ങൾ പല ഭാഗങ്ങളിൽനിന്നും ഉയർന്ന സാഹചര്യത്തിൽ അക്കാര്യത്തിലും യോഗത്തിൽ വ്യക്തതവരുത്തും. ഇപ്പോൾ സർക്കാറിനെതിരെ ഉയരുന്ന വിവാദങ്ങളിൽ രണ്ട് തലങ്ങളുണ്ടെന്നാണ് നേതൃത്വം കരുതുന്നത്. തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പാർട്ടിക്കകത്ത് ശക്തമായ ചേരിതിരിവും വിഭാഗീയതയും സൃഷ്ടിച്ച സാഹചര്യത്തിൽ, പ്രവർത്തകരുടേത് ഉൾപ്പെടെ ശ്രദ്ധതിരിക്കാൻ കടുത്ത സർക്കാർ വിമർശന പ്രോപഗണ്ടയിലൂടെ സാധിക്കുമെന്ന് സി.പി.എം വിശ്വസിക്കുന്നു. കോൺഗ്രസിനകത്ത് വി.ഡി. സതീശനെതിരെയുള്ള പടയൊരുക്കമാണ് രണ്ടാമത്തെ കാര്യം. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ ലീഗിന് ശക്തമായ റോളുണ്ട്. കടുത്ത പോരാട്ടങ്ങൾക്കൊടുവിലാണ് മുഖ്യമന്ത്രി കസേരയിൽ തീരുമാനമായത് എന്നതിനാൽ അതിന്‍റെ അലയൊലികൾ അടങ്ങില്ലെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്.

സർക്കാറിന്, പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക് അലോസരം സൃഷ്ടിക്കാനുള്ള അവസരങ്ങൾ ഒരുവിഭാഗം ഉപയോഗപ്പെടുത്തുമെന്നതിനാൽ രണ്ടുകൂട്ടരെ ഒരുപോലെ നേരിടേണ്ട സാഹചര്യമുണ്ടാകുമെന്ന് നേരത്തെതന്നെ കണക്കുകൂട്ടിയതാണ്. അതുപക്ഷേ, ഇത്ര നേരത്തെ തുടങ്ങുമെന്ന് കരുതിയിരുന്നില്ല. സർക്കാർ രൂപവത്കരണവും സ്റ്റാഫ് നിയമനവുമെല്ലാമായി സംഘടന സംവിധാനം പൂർണമായും ഭരണനിർവഹണ കാര്യങ്ങളിൽ ശ്രദ്ധചെലുത്തിയതിനാൽ പ്രതിപക്ഷം ഏകപക്ഷീയമായി ഗോളടിക്കുന്ന സാഹചര്യമുണ്ട്.

ഭരണകാര്യങ്ങൾ ഏതാണ്ട് റെയിലിൽ കയറിയ സാഹചര്യത്തിൽ സംഘടന കാര്യങ്ങളിൽ ശ്രദ്ധചെലുത്താനും പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ പ്രതിരോധിക്കാനും പ്രവർത്തകരെ സജ്ജമാക്കുന്നതിനുള്ള നടപടികളും ഇന്നത്തെ യോഗത്തിലുണ്ടാകും. പി.എം ശ്രീ, വഖഫ് ബോർഡ് വിഷയങ്ങളിൽ പാർട്ടിയെ പ്രതിക്കൂട്ടിലേറ്റുന്നതിലും നേതൃത്വം യോഗത്തിൽ വിശദീകരണം നൽകും.

Tags:    
News Summary - Opposition criticism and fighting in the camp; League asks ministers to be vigilant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.