ന്യൂഡൽഹി: ജീവൻ രക്ഷാമരുന്നുകളുടെ ലഭ്യതയും ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ പരിഗണിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. സ്തനാർബുദ ബാധിതയായ കേരളത്തിലെ ഒരു സ്ത്രീ ചികിത്സക്കാവശ്യമായ മരുന്നുകളുടെ അമിതവില ചോദ്യം ചെയ്ത് കേരള ഹൈകോടതിയെ സമീപിച്ച കേസുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ നടപടി. ഹൈകോടതിയിൽ കേസ് പരിഗണനയിലിരിക്കെ സ്ത്രീ മരിച്ചിരുന്നു.
പേറ്റന്റ് സംരക്ഷണമുള്ള കാൻസർ മരുന്നുകളുടെ അമിത വിലയും അവയുടെ ലഭ്യതയും സംബന്ധിച്ച കേസ് കേരള ഹൈകോടതിയിൽ പരിഗണനയിലാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. കേസിൽ നോട്ടീസ് അയച്ചതിനൊപ്പം, വിഷയം എത്രയും വേഗം തീർപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള ഹൈകോടതി ചീഫ് ജസ്റ്റിസിനോട് നിർദേശിക്കുകയും ചെയ്തു.
എറണാകുളം സ്വദേശിനിയാണ് 2022ൽ കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കാൻസർ ചികിത്സക്ക് ആവശ്യമായ മരുന്നുകളുടെ അമിതവില സാധാരണ രോഗികൾക്ക് ചികിത്സ ലഭ്യമാകുന്നതിൽ വലിയ തടസ്സമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹരജിക്കാരിയുടെ മരണത്തിന് പിന്നാലെ വിഷയത്തിന്റെ പൊതുപ്രാധാന്യം കണക്കിലെടുത്ത് കേരള ഹൈക്കോടതി കേസ് സ്വമേധയാ തുടരാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.