വി.പി. സത്യൻ
പാനൂർ: ലോകം വീണ്ടും ഫുട്ബാൾ ആവേശത്തിൽ മുഴുകുമ്പോൾ ഇന്ത്യൻ ഫുട്ബാളിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിരോധ താരവും മാതൃക നായകനുമായ വി.പി. സത്യന്റെ ഓർമകൾക്ക് ഇന്ന് ഇരുപത് വർഷം. 2006 ജൂലൈ 18ന് അപ്രതീക്ഷിതമായി ജീവിതയാത്ര അവസാനിച്ചെങ്കിലും ഇന്ത്യൻ ഫുട്ബാളിന്റെ ചരിത്രത്തിലും കേരളത്തിന്റെ കായിക സംസ്കാരത്തിലും അദ്ദേഹം തീർത്ത അടയാളങ്ങൾ മായാതെ നിലനിൽക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ മേക്കുന്നിന്റെ മണ്ണിൽ നിന്ന് ദേശീയ ടീമിന്റെ നായക സ്ഥാനത്തേക്ക് ഉയർന്നുവന്ന സത്യന്റെ ജീവിതം പ്രതിഭയും കഠിനാധ്വാനവും അർപ്പണബോധവും ചേർന്ന വിജയഗാഥയാണ്. ഗ്രാമീണ മൈതാനങ്ങളിൽ ആരംഭിച്ച യാത്ര ഇന്ത്യൻ ദേശീയ ടീമിന്റെ ജഴ്‌സിയണിയുകയും രാജ്യത്തെ നയിക്കുകയും ചെയ്യുന്ന ഉയരങ്ങളിലെത്തി.
1983ൽ സന്തോഷ് ട്രോഫിയിലൂടെ കേരള സീനിയർ ടീമിലെത്തിയ സത്യൻ 1985ൽ ധാക്ക സാഫ് ഗെയിംസിലൂടെയാണ് ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നെഹ്റു കപ്പ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ തുടങ്ങി നിരവധി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ആറുതവണ ദേശീയ ടീമിനെ നയിച്ച അദ്ദേഹം നാല് സാഫ് ഗെയിംസിൽ കളിച്ച ഏക ഇന്ത്യൻ ഫുട്ബാളർമാരിൽ ഒരാളാണ്.
പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന സത്യൻ, ആവശ്യമായപ്പോൾ മധ്യനിരയിലും തിളങ്ങി. കളിക്കളത്തിലെ അച്ചടക്കവും പോരാട്ടവീര്യവും നേതൃത്വമികവും അദ്ദേഹത്തെ സഹതാരങ്ങൾക്കും എതിരാളികൾക്കും ഒരുപോലെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാക്കി.
കേരള പൊലീസിനുവേണ്ടി നടത്തിയ മികച്ച പ്രകടനങ്ങൾക്ക് ശേഷം മുഹമ്മദൻ സ്പോർട്ടിങ്, മോഹൻ ബഗാൻ തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായും അദ്ദേഹം ബൂട്ട് കെട്ടി. പിന്നീട് കേരള പൊലീസിലേക്ക് മടങ്ങിയെത്തി കളിക്കാരനായും പരിശീലകനായും സേവനമനുഷ്ഠിച്ചു.
കേരള ഫുട്ബാളിന്റെ ചരിത്രത്തിലും സത്യന്റെ പേര് സ്വർണലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1973ന് ശേഷം 19 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 1992ൽ സന്തോഷ് ട്രോഫി കേരളത്തിലേക്ക് തിരിച്ചെത്തിയത് സത്യന്റെ നായകത്വത്തിലായിരുന്നു. ആ നേട്ടം ഇന്നും കേരള ഫുട്ബാളിന്റെ അഭിമാന നിമിഷങ്ങളിലൊന്നായി ഓർക്കപ്പെടുന്നു. 1992ലെ എ.ഐ.എഫ്.എഫ്. 'പ്ലെയർ ഓഫ് ദ ഇയർ' പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. എന്നാൽ, സത്യന്റെ ഏറ്റവും വലിയ നേട്ടം കിരീടങ്ങളല്ല, ഇന്ത്യൻ ഫുട്ബാളിൽ അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളാണ്.
സത്യന്റെ സ്മരണ നിലനിർത്താൻ മേക്കുന്നിൽ പ്രവർത്തിക്കുന്ന വി.പി. സത്യൻ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സ്മാരക മന്ദിരം ഇന്ന് യുവതലമുറയുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകുന്ന കേന്ദ്രമാണ്. ഫുട്ബാൾ പരിശീലനം ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിന്റെ പാരമ്പര്യം പുതിയ തലമുറയിലേക്ക് കൈമാറുകയാണ് ട്രസ്റ്റ്. ചരമവാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച മേക്കുന്നിൽ വിപുലമായ അനുസ്മരണ പരിപാടികളും ഫുട്ബാൾ ടൂർണമെന്റും സംഘടിപ്പിച്ചിട്ടുണ്ട്. മുൻ താരങ്ങളും കായികപ്രേമികളും നാട്ടുകാരും ചേർന്ന് തങ്ങളുടെ പ്രിയ ക്യാപ്റ്റന് ആദരാഞ്ജലി അർപ്പിക്കും. രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യൻ ഫുട്ബാളിൽ വി.പി. സത്യൻ എന്ന പേര് വെറും ഓർമയല്ല, പോരാട്ടവീര്യത്തിന്റെയും അച്ചടക്കത്തിന്റെയും നേതൃപാടവത്തിന്റെയും പ്രതീകമാണ്. ഇന്ത്യൻ ഫുട്ബാളിന്റെ ചരിത്രം എഴുതപ്പെടുന്നിടത്തോളം കാലം ആ പേര് മായാതെ നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.