തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ ഒരുഭാഗത്ത് അനുനയ നീക്കം തുടരുന്നതിനിടെ, സി.പി.ഐയുടെ ആവശ്യത്തെ പരസ്യമായി തള്ളിപ്പറഞ്ഞും ‘‘അതെല്ലാം കഴിഞ്ഞതാണല്ലോ’’ എന്ന പഴയ നിലപാട് ആവർത്തിച്ചും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.പി.ഐയുടെ ആവശ്യത്തെക്കുറിച്ച് വാർത്തസമ്മേളനത്തിലുയർന്ന ചോദ്യത്തോട് ‘‘അതെല്ലാം കഴിഞ്ഞല്ലോ, ഇപ്പോഴും ഞാൻ അവിടെ തന്നെയാണ് നിൽക്കുന്നത്’’ എന്നായിരുന്നു പിണറായിയുടെ പ്രതികരണം.
വിട്ടുവീഴ്ചയ്ക്ക് തയാറാവില്ലേ എന്ന ചോദ്യത്തിന്, ‘‘എന്തു വിട്ടുവീഴ്ചയാണ്, ആരാണ് വിട്ടുവീഴ്ച ചെയ്യേണ്ടത്, കേരളത്തിൽ ഏതെങ്കിലും കാലത്ത് ഇത്തരം ഒരു പ്രശ്നമുണ്ടായിട്ടുണ്ടോ? ഇല്ലാത്ത പ്രശ്നം എങ്ങനെ ചർച്ച ചെയ്യും’’ എന്ന് അദ്ദേഹം പ്രതികരിച്ചു. ബിനോയ് വിശ്വത്തെ എൽ.ഡി.എഫ് കൺവീനർ കണ്ട കാര്യം ചോദിച്ചപ്പോൾ, താനും ബിനോയ് വിശ്വത്തെ കാണുമെന്നും അത് വേറെ കാര്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃപദവിയിൽ സി.പി.ഐ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഒരുതവണ ഉഭയകക്ഷി ചർച്ച നടന്നെങ്കിലും കാര്യങ്ങൾ കരക്കടുക്കാതെ തുടരുന്നതിനിടെയാണ് പിണറായി വീണ്ടും സി.പി.ഐക്കെതിരെ തിരിഞ്ഞത്. തർക്കങ്ങൾ എൽ.ഡി.എഫ് സംവിധാനത്തെ സ്തംഭനാവസ്ഥയിലാക്കിയതോടെ മുന്നണിയിൽ അമർഷം പുകയുകയാണ്. പ്രതിപക്ഷം ഒരുമിച്ചുനിന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ വൈകുന്നത് മുന്നണിയെ ദുർബലപ്പെടുത്തുമെന്ന് തുറന്നടിച്ച് ആർ.ജെ.ഡി രംഗത്തെത്തി.
തെരഞ്ഞെടുപ്പിന് പിന്നാലെ ജൂൺ 15ന് ഇടതുമുന്നണി യോഗം ചേരാൻ തീരുമാനിച്ചെങ്കിലും ഇതുവരെ നടന്നില്ല. നിയമസഭയുടെ ആദ്യ സമ്മേളനം കഴിഞ്ഞിട്ടും നിയമസഭ കക്ഷിയോഗവും ചേർന്നില്ല. സർക്കാർ ധവളപത്രത്തിനെതിരെ ബദൽ ധവളപത്രം എൽ.ഡി.എഫിന്റെ പൊതുലേബലിലാണ് പ്രതീക്ഷിച്ചതെങ്കിലും എ.കെ.ജി പഠനഗവേഷണത്തിന്റെ പേരിലാണ് പുറത്തിറങ്ങിയത്. മറുഭാഗത്ത്, സി.പി.ഐ വിഴിഞ്ഞം വിഷയത്തിൽ ഒറ്റക്ക് സമരത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.