തിരുവനന്തപുരം: ഹൈകോടതി ഉത്തരവ് പ്രകാരം സംസ്ഥാന വഖഫ് ബോർഡിന്‍റെ ഭരണനിർവഹണത്തിന് ജോയന്‍റ് സെക്രട്ടറിയെ നിയമിച്ച് സർക്കാർ ഉത്തരവ്. റവന്യൂ (എഫ്) വകുപ്പിൽ വഖഫ് വിഷയങ്ങളുടെ അധിക ചുമതലയുള്ള ജോ. സെക്രട്ടറി മദീന ബീഗത്തെയാണ് ഭരണനിർവഹണ ഉദ്യോഗസ്ഥയായി നിയമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇടതു സർക്കാറിന്റെ കാലത്ത് പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിന്‍റെ പ്രവർത്തനം ബുധനാഴ്ച ഹൈകോടതി ഉത്തരവിലൂടെ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ഉത്തരവിലെ നിർദേശപ്രകാരം ജോയന്‍റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥക്ക് ബോർഡിന്‍റെ ചുമതല നൽകിയത്.
ഫിഷറീസ് ആൻഡ് പോർട്സ് വകുപ്പിലെ ജോയന്‍റ് സെക്രട്ടറിയായ മദീന ബീഗത്തിന് റവന്യൂ (എഫ്) വിഭാഗത്തിൽ വഖഫ് വിഷയങ്ങളുടെ അധിക ചുമതലകൂടി നൽകി ഉത്തരവിറക്കിയ ശേഷമാണ് കോടതി നിർദേശിച്ച ഭരണനിർവഹണ ചുമതല നൽകിയത്. ഈ ഉദ്യോഗസ്ഥയുടെ നേരിട്ടുള്ള മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് വഖഫ് ബോർഡ് പ്രവർത്തിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. കേന്ദ്രസർക്കാർ ഭേദഗതി ചെയ്ത വഖഫ് നിയമത്തിൽ നിർദേശിച്ച അംഗങ്ങൾ ഇല്ലാതെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന ഹരജികളിലാണ് പ്രവർത്തനം കോടതി തടഞ്ഞത്. അതേസമയം, പ്രവർത്തനം തടഞ്ഞതിനെതിരെ വഖഫ് ബോർഡും അംഗം മുക്കം ഉമർ ഫൈസിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഇതിനുപുറമെ 22ന് ഹൈകോടതിയിലെ കേസും പരിഗണനക്കുണ്ട്. രണ്ടു കേസുകളിലുമുള്ള കോടതി നിർദേശങ്ങൾകൂടി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർതലത്തിലെ ധാരണ.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്‍റെ അവസാനകാലത്ത് ബോർഡ് പുനഃസംഘടിപ്പിച്ചതിൽ അപാകതകളുണ്ടെന്ന വിലയിരുത്തലും സർക്കാറിനുണ്ട്. ബോർഡ് പുനഃസംഘടിപ്പിച്ച സമയത്ത് മുതവല്ലിയല്ലാത്തയാളെ മുതവല്ലി ക്വോട്ടയിൽ നാമനിർദേശം ചെയ്തതാണ് ഒരു അപാകതയായി കാണുന്നത്. പ്രമുഖ ഇസ്ലാമിക പണ്ഡിതനെന്ന നിലയിൽ നാമനിർദേശം ചെയ്തത് അഭിഭാഷകനെയാണ്. വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഗവ. ജോയന്‍റ് സെക്രട്ടറിയെ നാമനിർദേശം ചെയ്യണമെന്ന വ്യവസ്ഥ പ്രകാരം നാമനിർദേശം ചെയ്തത് നിയമവകുപ്പിലെ അഡീഷനൽ സെക്രട്ടറിയെയാണ്.
രണ്ടു അമുസ്ലിം അംഗങ്ങൾ, ശിയ/സുന്നി വിഭാഗത്തിൽനിന്നും ബോറ/അഗാക്കാനി വിഭാഗങ്ങളിൽനിന്നും ഒന്നുവീതം അംഗങ്ങൾ എന്നിങ്ങനെ നാമനിർദേശം ചെയ്യണമെന്നാണ് ഭേദഗതി വരുത്തിയ വഖഫ് നിയമത്തിലുള്ളത്. ഇതിൽ അമുസ്ലിംകളെ നാമനിർദേശം ചെയ്യണമെന്ന വ്യവസ്ഥ സുപ്രീംകോടതിയിൽ തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾ ചോദ്യം ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച കേസിലെ വിധിക്ക് ശേഷമായിരിക്കും മുസ്ലിംകളല്ലാത്തവരെ നാമനിർദേശം ചെയ്യുന്നതിൽ സർക്കാർ തുടർനടപടിയെടുക്കുകയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.