നമ്മുടെ മക്കളും കൊച്ചുമക്കളും കേരളത്തിൽ സൗഹാർദത്തോടെ ജീവിക്കണം, വർഗീയമായി ഭിന്നിപ്പിക്കാൻ ഒരാളെയും സമ്മതിക്കില്ല -വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ ഒരു ശക്‍തിയെയും സമ്മതിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. വരുംകാലത്തും കേരളത്തിൽ ​നമ്മുടെ മക്കളും കൊച്ചുമക്കളും സൗഹാർദത്തോടെ ജീവിക്കണം. അത് തകർക്കാൻ ഒരു ശക്തിയെയും സമ്മതിക്കില്ല. എന്തുവിലകൊടുത്തും അത്തരം ശക്തികളെ എതിർക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘മന്ത്രിസഭ രൂപീകരണം സംബന്ധിച്ച് ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗം ചർച്ച ചെയ്യും. കെ.സി. വേണുഗോപാൽ വൈകീട്ട് വരും. ചെന്നിത്തല ഇവിടെ ഉണ്ട്. കെ.പി.സി.സി പ്രസിഡന്റ്, എ.ഐ.സി.സി പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി തീരുമാനമെടുക്കും. ചെന്നിത്തല എന്റെ ലീഡറാണ്. ഉറപ്പായും ഞാൻ അദ്ദേഹത്തെ കാണും. പിണറായിയെ വിളിച്ചിരുന്നു. അദ്ദേഹത്തെയും കാണും. ​

നല്ല ടീം ഉണ്ടാക്കും. ഒറ്റക്ക് ഒരാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. മുസ്‍ലിം ലീഗ് യു.ഡി.എഫിന്റെ നിർണായക ഘടക കക്ഷിയാണ്. വിജയത്തിൽ സുപ്രധാന പങ്കാണ് ലീഗ് വഹിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ലീഗിനെ വർഗീയമായി മുദ്രകുത്താൻ എതിരാളികൾ ശ്രമിച്ചിട്ടുണ്ട്. അവരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് വിദ്വേഷ കാമ്പയിൻ കേരളത്തിൽ ഉണ്ടാക്കാനാണ്.

ഇന്ത്യൻ യുനിയൻ മുസ്‍ലിം ലീഗ് ദുർബലമായാൽ ആ സ്​പേസ് വർഗീയ ശക്തികൾ കൊണ്ടുപോകും. അതിനെ തടുത്തുനിർത്തുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ലീഗ്. ലീഗിനെ എതിർക്കുന്നവർ അത് മനസ്സിലാക്കണം. ചാപ്പയടി രാഷ്ട്രീയത്തോട് ഒരു കോംപ്രമൈസുമില്ല. വിദ്വേഷ പ്രചാരണത്തോടും സെക്യുലർ നിലപാടിനോടും ഒരു കോംപ്രമൈസുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് ചെയ്തിട്ടില്ല, പിന്നല്ലേ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട്. കേരളത്തെ ഭിന്നിപ്പിക്കാൻ സമ്മതിക്കില്ല. വരുംകാലത്ത് ​നമ്മുടെ മക്കളും കൊച്ചുമക്കളും സൗഹാർദത്തോടെ ജീവിക്കുന്ന കേരളം വേണം. അത് തകർക്കാൻ ഒരു ശക്തിയെയും സമ്മതിക്കില്ല. എന്തുവിലകൊടുത്തും അത്തരം ശക്തികളെ എതിർക്കും. സാമുദായിക സംഘടനകൾ അത്തരം കാര്യങ്ങൾ പറയരുതെന്നാണ് എന്റെ വിനയപൂർവമുള്ള അഭ്യർഥന. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, വ്യക്തിപരമായി എന്നെ ഇഷ്ടമല്ലെങ്കിൽ പറഞ്ഞോളൂ. എന്റെ സ്വഭാവം ഇഷ്ടമല്ലാതിരിക്കാം, എന്നോട് അനിഷ്ടമുണ്ടാകാം. ഞാനത് കറക്ട് ചെയ്യാം. പക്ഷേ, ആരും വർഗീയത പറയരുത്’ -വി.ഡി. സതീശൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.