സ്വീകരിക്കാന് തയ്യാറാണെന്ന് ഭർത്താവ്; അനുമോൾ കുടുംബത്തോടൊപ്പം മടങ്ങി
കോഴിക്കോട്: തൊട്ടില്പാലം മൊയിലോത്തറ സര്ക്കാര് എല്.പി സ്കൂള് അധ്യാപികയായ കെ. അനുമോളെ കാണാതായ സംഭവത്തില് നാടകീയമായ അന്ത്യം. കുടുംബത്തോടൊപ്പം പോകണമെന്ന അനുമോളുടെ ആഗ്രഹവും, കഴിഞ്ഞതെല്ലാം മറന്ന് അവളെ സ്വീകരിക്കാന് തയ്യാറായ ഭര്ത്താവിന്റെയും കുടുംബത്തിന്റെയും വലിയ മനസും ഒത്തുചേര്ന്നതോടെ വലിയൊരു നിയമപ്രശ്നവും കുടുംബപ്രതിസന്ധിയുമാണ് ഒഴിവായത്.
തൊട്ടില്പാലത്തുനിന്ന് കാണാതായ അനുമോളെയും ഒപ്പമുണ്ടായിരുന്ന വടകര സ്വദേശി അബ്ദുള് സമദിനെയും കാണാതായി 12ാം ദിവസമാണ് പാലക്കാട് കസബ പൊലീസ് സ്റ്റേഷന് പരിധിയില് നിന്നും പൊലീസ് കണ്ടെത്തിയത്. അബ്ദുൽ സമദ് ഈയിടെ എടുത്ത പുതിയ സിം കാര്ഡിന്റെ സിഗ്നല് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൊട്ടില്പാലം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് എത്തിയത്. ശനിയാഴ്ച രാവിലെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില് എടുത്തത്. വ്യാഴാഴ്ച ഹൈക്കോടതിയില് ഹേബിയസ് കോര്പ്സ് ഹര്ജി പരിഗണിക്കാനിരിക്കെയാണ് ഈ പൊലീസിന്റെ നീക്കം.
കോഴിക്കോട് എത്തിച്ച ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് വൈദ്യപരിശോധനക്ക് വിധേയരാക്കി. തുടര്ന്ന് നാദാപുരം ഡിവൈ.എസ്.പി ഓഫിസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യുകയും അനുമോള്ക്ക് കൗണ്സിലിങ് നല്കുകയും ചെയ്തു. അനുമോളെയും സമദിനെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇരു കുടുംബങ്ങളും പൊലീസില് പരാതി നല്കിയിരുന്നു.
തുടര്ന്ന് ഒരേ സമയം സമദിനെ വടകര കോടതിയിലും അനുമോളെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി. ഇരുവരും ഒന്നിച്ച് കോടതിയില് ഹാജരാകാനുള്ള സാധ്യത ഒഴിവാക്കാനാണ് പൊലീസ് ഈ വഴി സ്വീകരിച്ചത്. കല്ലാച്ചി കോടതിയില് ഹാജരാക്കിയ അനുമോള്, തനിക്ക് കുടുംബത്തോടൊപ്പമാണ് പോകേണ്ടതെന്ന് കോടതിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. തുടര്ന്ന് പ്രായമായ അച്ഛന്, അമ്മ, ഭര്ത്താവ്, മക്കള് എന്നിവര്ക്കൊപ്പം അനുമോള് വീട്ടിലേക്ക് മടങ്ങി. സമദിനെയും വടകര കോടതി കുടുംബത്തോടൊപ്പം വിട്ടയച്ചു.
മക്കളെ ഉപേക്ഷിച്ചതിന് ജുവൈനല് ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്ക്കെതിരെ കേസെടുക്കാന് പൊലീസ് പ്രാഥമികമായി ആലോചിച്ചിരുന്നു. 15ഉം 10ഉം വയസ്സുള്ള കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല് ഈ വകുപ്പ് ചുമത്തിയാല് ഇരുവരെയും ജയിലില് അടക്കേണ്ടി വരികയും, അനുമോളുടെ സര്ക്കാര് ജോലി നഷ്ടപ്പെടാനും സസ്പെന്ഷനും കടുത്ത അച്ചടക്ക നടപടികള്ക്കും ഇടയാക്കുകയും ചെയ്യുമായിരുന്നു. എന്നാല് കഴിഞ്ഞതെല്ലാം മറന്ന് അനുമോളെ സ്വീകരിക്കാന് കുടുംബം തയാറായതോടെ പൊലീസ് കടുത്ത വകുപ്പുകള് ചുമത്തുന്നതില് നിന്നും പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.