നവ്യ ബേക്കേഴ്സ് മാനേജിങ് ഡയറക്ടർ ബിജു ജോസഫ് ബസ് വാങ്ങാൻ 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറുന്നു
കെഎസ്ആർടിസിക്ക് അങ്കമാലിയിൽ നിന്ന് രണ്ടാമതൊരു ബസ് കൂടി
അങ്കമാലി: കെഎസ്ആർടിസിക്ക് ബസ് സംഭാവന ചെയ്ത് വീണ്ടും അങ്കമാലി. നവ്യ ബേക്കേഴ്സാണ് രണ്ടാമതൊരു ബസ് കൂടി നൽകുന്നത്. നവ്യ ബേക്കേഴ്സ് മാനേജിങ് ഡയറക്ടർ ബിജു ജോസഫ് ബസ് വാങ്ങാൻ 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.
കേരളത്തിൽ ആദ്യമായി കെഎസ്ആർടിസിക്ക് ബസ് സംഭാവന ചെയ്ത സ്വകാര്യ വ്യക്തി അങ്കമാലി സ്വദേശി കെ.ടി. ജോസ് ആയിരുന്നു. റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമയായ ജോസ്, ബസ് വാങ്ങാനായി മുഖ്യമന്ത്രിക്ക് ചെക കൈമാറുകയായിരുന്നു.
ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവിസ് നടത്തണമെന്ന നിർദേശം ജോസ് മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ ഉറപ്പുനൽകുകയും ചെയ്തു.
ജോസിനു ശേഷം കൂടുതൽ പേർ ബസ് വാങ്ങാൻ പണം സംഭാവന നൽകിയിട്ടുണ്ട്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോപറേറ്റിവ് സൊസൈറ്റി ബസ് വാങ്ങാനായി 40 ലക്ഷം രൂപ നൽകി. തുക മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.
നിലവിൽ കെ.എസ്.ആർ.ടി.സിയുടെ കീഴിൽ 5,300 ബസുകളാണ് സർവിസ് നടത്തുന്നത്. ഇത് പടിപടിയായി ഉയർത്തി സർവിസ് വിപുലീകരിക്കുക എന്നതാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, സൊസൈറ്റികൾ എന്നിവക്ക് കെ.എസ്.ആർ.ടി.സിക്കായി ബസുകൾ സംഭാവന ചെയ്യാമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. കൂടാതെ എം.എൽ.എമാർക്ക് ആസ്തി വികസന തുക ഉപയോഗിച്ച് അവരുടെ മണ്ഡലത്തിലേക്ക് ബസുകൾ വാങ്ങി നൽകാമെന്നും സർക്കാർ ഉത്തരവിറക്കിയിരുന്നു. പരമാവധി മൂന്ന് ബസുകൾ വരെ എം.എൽ.എമാർക്ക് വാങ്ങി നൽകാം.
അഡ്വ. കെ. പ്രവീൺ കുമാറാണ് എം.എൽ.എമാരിൽ നിന്നും ആദ്യം ബസ് വാങ്ങാൻ സംഭാവന നൽകിയത്. പിന്നീട്, മാണി സി. കാപ്പൻ, ജി. സുധാകരൻ ഉൾപ്പെടെയുള്ളവർ സംഭാവന നൽകാൻ തയാറായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.