കിൻഫ്രക്ക് ഭൂമി ഏറ്റെടുത്തതിനെ ന്യായീകരിച്ച് പിണറായി വിജയൻ; കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് വിഷമം?
കണ്ണൂർ: കിഫ്ബി ഫണ്ടിൽ നിന്ന് പണമെടുത്ത് കണ്ണൂരിൽ കിൻഫ്രക്കായി ഭൂമി ഏറ്റെടുത്തതിനെ ന്യായീകരിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. കേരളത്തിന്റെ ഭാവി മുന്നിൽ കണ്ടാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ കിൻഫ്രക്കായി ഭൂമി ഏറ്റെടുത്തതെന്നും പിണറായി വിജയൻ പറഞ്ഞു. സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലമുള്ളതുകൊണ്ടാണ് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത്. കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഒരു പ്രത്യേക വിഷമമെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ? ഒരു സർക്കാരിന് ചേരാത്ത നിലയിൽ ആരോപണങ്ങൾ ഉന്നയിക്കാൻ പാടുണ്ടോ? മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാട്ടിൽ വികസനം നടപ്പാക്കിയില്ലേ? യു.ഡി.എഫ് സർക്കാർ ആരെയെങ്കിലും ഒഴിവാക്കിയോ എന്നും പിണറായി വിജയൻ ചോദിച്ചു.
'വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും അടുത്താണ് ഇപ്പോൾ വികസനം ഉണ്ടാകുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങൾ എടുത്താൽ കണ്ണൂർ വിമാനത്താവളത്തിനടുത്താണ് കൂടുതൽ സ്ഥലമുള്ളത്. കേരളത്തിന്റെ ഭാവി മുന്നിൽ കണ്ടാണ് അവിടെ ഭൂമി ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ അതിനെ തെറ്റായി ചിത്രീകരിക്കുന്നു. സ്ഥലം ഏറ്റെടുത്തതിൽ അഞ്ചിരട്ടി ചെലവാക്കി എന്ന് പറയുന്നു. ഇതിനെല്ലാം കടുത്ത വാക്കുകളിൽ മറുപടി പറയേണ്ടതാണ്. കിഫ്ബിയുടെ മേശവലിപ്പിൽ നിന്നല്ല പണമെടുത്ത് നൽകുന്നത്,' എന്നും പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ തെറ്റായ വാദം ഉയർത്തുമ്പോൾ ഇവിടുത്തെ നിഷ്പക്ഷ മാധ്യമങ്ങൾ എന്തെങ്കിലും ചോദിച്ചോ? അതാണ് ഇന്നത്തെ അവസ്ഥ. ഇക്കാര്യങ്ങളെല്ലാം സർക്കാരാണ് നോക്കുന്നത്. പ്രത്യേകം ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയാണ് ഭൂമി ഏറ്റെടുത്തത്. ഇന്നത്തെയോ നാളത്തെയോ കാര്യം മാത്രമല്ല സർക്കാർ ചിന്തിക്കുക. അടുത്ത വർഷങ്ങളിലേക്ക് കൂടി ചിന്തിക്കും. സർക്കാരിന്റെ ആകെ കാര്യങ്ങൾക്ക് ഉതകുന്ന സ്ഥലമാണ് എടുത്തുവെക്കുന്നത്. അതിനെ തെറ്റായി ചിത്രീകരിക്കാൻ ശ്രമിച്ചു. സർക്കാർ താല്പര്യം അനുസരിച്ചായിരിക്കും കമ്മീഷൻ റിപ്പോർട്ട് നൽകിയതെന്നും പിണറായി ആരോപിച്ചു.
തെരഞ്ഞെടുപ്പ് പരാജയം കനത്ത തോതിൽ നേരിട്ടു. ആ സമയത്ത് വലതുപക്ഷം മതിമറന്ന് ആഘോഷിച്ചു. സി.പി.എം തകരുകയാണെന്ന പ്രചാരണം ഉണ്ടായി. എന്നാൽ തങ്ങൾ വിജയത്തിൽ മതിമറന്ന് ആഘോഷിക്കുകയോ പരാജയത്തിൽ നിരാശയിലാവുകയോ ചെയ്യാറില്ല. തിരുത്തി മുന്നോട്ടുപോകുന്നതിലാണ് ശ്രദ്ധ നൽകാറുള്ളത്. തിരിച്ചടി വലുതായിരുന്നുവെങ്കിലും എല്ലാം മറികടക്കാമെന്ന ആത്മവിശ്വാസമാണ് പാർട്ടിക്ക് ഉണ്ടായതെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.