‘സുന്നി സമൂഹത്തെ അപമാനിച്ചു’; വഖഫ് ബോര്‍ഡ് പുനഃസംഘടനയിൽ സർക്കാർ വാക്കുപാലിച്ചില്ലെന്ന് എപി വിഭാഗം സമസ്ത, ലീഗിനെതിരെയും ആഞ്ഞടിച്ച് ‘സിറാജ്’ മുഖപ്രസംഗം

കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കേരള മുസ്‌ലിംകളില്‍ ബഹുഭൂരിഭാഗം വരുന്ന സുന്നികളെ അത്യധികം വേദനിപ്പിക്കുന്നതും അവഹേളിക്കുന്നതുമാണെന്ന് എ.പി വിഭാഗം സമസ്ത.

ഭൂരിപക്ഷത്തിന്റെ താൽപര്യങ്ങളെ നിഷ്‌കരുണം ചവിട്ടിമെതിച്ച് ന്യൂനപക്ഷമായ ചില തീവ്രതാൽപര്യക്കാരുടെ കൈകളില്‍ വഖഫ് സ്വത്തുകളെ ഏല്‍പ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്തെന്ന് എ.പി വിഭാഗം മുഖപത്രമായ ‘സിറാജ്’ മുഖപ്രസംഗത്തിലൂ​ടെ ചോദിക്കുന്നു. ‘വഖഫ് ബോർഡ് പുനഃസംഘടന വഞ്ചനാപരം’ എന്ന തലക്കെട്ടിലാണ് ഇന്നത്തെ മുഖപ്രസംഗം ഇറങ്ങിയത്.

‘‘യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഘട്ടത്തില്‍ വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പുനഃസംഘടനയില്‍ സുന്നികളെ പ്രതിനിധീകരിക്കുന്ന സമസ്തക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പ് നല്‍കിയതാണ്. ഈ വാഗ്ദത്തം കാറ്റില്‍ പറത്തിയിരിക്കുകയാണ് സര്‍ക്കാര്‍. പുതിയ വഖഫ് ബോര്‍ഡിന്റെ ഘടന പരിശോധിക്കുമ്പോള്‍ സര്‍ക്കാറിന്റെ കപടമുഖം വ്യക്തമാകും. ഒരു ശതമാനം പോലും വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനോ പരിപാലിക്കാനോ അര്‍ഹതയില്ലാത്ത മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകള്‍ക്ക് ബോര്‍ഡില്‍ അംഗത്വം നല്‍കിക്കൊണ്ടാണ് വഖഫ് സ്വത്തിന്റെ ബഹുഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഇരു സമസ്ത വിഭാഗങ്ങളെയും പുറത്തുനിര്‍ത്തിയത്’’ -മുഖപ്രസംഗം വിമർശിച്ചു.

യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ചാണ് സര്‍ക്കാര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചതെന്നും ഇത് കേവലം പ്രാതിനിധ്യ നിഷേധമല്ല, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തെ അപമാനിക്കലാണെന്നും പത്രം കുറ്റപ്പെടുത്തുന്നു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കാനുള്ള സംവിധാനമല്ല വഖഫ് ബോര്‍ഡ്. വഖഫ് സ്വത്തുക്കളുടെ പരിപാലനം, അവയുടെ നിയമപരമായ സംരക്ഷണം, വരുമാനം ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, അനധികൃത കൈയേറ്റങ്ങളും ദുരുപയോഗങ്ങളും തടയല്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കാനുള്ളതാണ് ബോര്‍ഡ്. ബോര്‍ഡിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെയോ മറ്റൊരു വിഭാഗത്തോടുള്ള വിരോധത്തിന്റെയോ പ്രതിഫലനമായി മാറരുത് -എന്നും ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ വഖഫ് ബോര്‍ഡ് കൈകാര്യം ചെയ്യുന്ന മുസ്‌ലിം ലീഗിനെയും മുഖപ്രസംഗത്തിൽ വിമർശിക്കുന്നുണ്ട്. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ ഒരു പോലെയും നീതിപരമായും പരിഗണിക്കുന്നതിനു പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയാണെന്നാണ് ലീഗിനെ ഓർമപ്പെടുത്തുന്നത്.

തങ്ങളുടെ അനുയായികള്‍ക്കും താൽപര്യക്കാര്‍ക്കും ഭരണപരമായ സ്ഥാപനങ്ങളില്‍ സ്ഥാനങ്ങള്‍ നേടിക്കൊടുക്കുന്നതിനു പകരം എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുകയും വിശ്വാസം നേടിയെടുക്കുകയും പൊതുസ്വത്തുക്കളുടെ ശരിയായ സംരക്ഷണം ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുമാണ് പാര്‍ട്ടി നേതൃത്വം ചെയ്യേണ്ടതെന്നും ഉണർത്തുന്നു.

വഖഫ് സ്വത്തിന്റെ പവിത്രത സംരക്ഷിക്കാനും സുന്നി വിഭാഗത്തിന്റെ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കാനുമുള്ള ഈ പോരാട്ടത്തില്‍ കേരളത്തിലെ മുഴുവന്‍ ആദര്‍ശ വിശ്വാസികളും അണിനിരക്കേണ്ടതുണ്ടെന്നും തിരുത്തല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധമായില്ലെങ്കില്‍ തുടര്‍ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും മുന്നറിയിപ്പ് നൽകിയാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.