തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിൽ ജാതിയധിക്ഷേപത്തെ തുടർന്ന് മരിച്ച വിദ്യാർഥി നെടുമങ്ങാട്ടെ നിതിന്‍ രാജിന്റെ വീട്ടിൽ കോളജിൽ നിന്ന് ഒരാൾ പോലും വരാത്തത് സംശയാസ്പദമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നിതിൻ രാജിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിതിൻരാജിനെ പീഡിപ്പിക്കുന്ന നിലയിലുള്ള സംഭവങ്ങൾ അവിടെ ഉണ്ടായി എന്നാണ് ബന്ധുക്കൾ പറഞ്ഞത്. ഡിപ്പാർട്ട്മെന്റ് ഹെഡ് ആയ റാം ആണ് ജാതി പറഞ്ഞ് ആക്ഷേപിച്ചത്. നിതിൻ രാജന്റെ പിതാവ് രാജൻ അവിടെ ചെല്ലുമ്പോൾ അവർക്ക് മാന്യമായ പരിഗണന കൊടുക്കാനോ പരാതികൾ കേൾക്കാനോ തയ്യാറായിട്ടില്ല. വീട്ടിൽ വന്ന് തിരിച്ചു പോയ നിതിന് ഹോസ്റ്റൽ റൂം കൊടുത്തില്ല. സിക്ക് റൂമിലാണ് നിതിൻ രാജ് കഴിയേണ്ടി വന്നത്.
നീതിപൂർവമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കണം എന്നാണ് നിതിൻ രാജിന്റെ കുടുംബം ആവശ്യപ്പെടുന്നത്. പൊലീസ് സൂപ്രണ്ടുമായി ഞാൻ സംസാരിച്ചിരുന്നു. അന്വേഷണത്തിന് വേണ്ടി സ്പെഷ്യൽ ടീമിനെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. ജാതി പറഞ്ഞ് ആക്ഷേപിച്ചത് സംബന്ധിച്ചും ആത്മഹത്യ പ്രേരണ സംബന്ധിച്ചും അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞിട്ടുണ്ട്.
ഇതിൽ വളരെ ഗൗരവമുള്ള ഒരു വിഷയമായി എനിക്ക് തോന്നിയത്, മരണശേഷം ഈ കോളജിൽ നിന്ന് ഒരാൾ പോലും ഈ വീട്ടിൽ വന്നിട്ടില്ല എന്നതാണ്. മരണപ്പെട്ട കുട്ടിയുടെ വീട്ടിൽ ഒരാൾ പോലും വരാത്തത് കൂടുതൽ സംശയം വർധിപ്പിക്കുന്നു. സാധാരണഗതിയിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായാൽ ആ കോളജിലെ മുഴുവൻ വിദ്യാർഥികളും അനുശോചനം രേഖപ്പെടുത്താൻ ആ വീട്ടിൽ വരും. എന്നാൽ, ഇവിടെ ഒരു വിദ്യാർഥി പോലും വന്നില്ല. അതിന്റെ അർഥം, വിദ്യാർഥികൾ പോകാൻ പാടില്ല എന്ന് മാനേജ്മെന്റ് കർശന നിർദേശം കൊടുത്തിരിക്കുകയാണ്. പ്രഫഷണൽ കോളജുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ആയുധമാണ് ഇന്റേണൽ അസസ്മെന്റ് മാർക്ക്. ഇത് പറഞ്ഞാണ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് എന്നാണ് മനസ്സിലാകുന്നത്.
രണ്ടോ മൂന്നോ വ്യക്തികൾ ചേർന്ന് നടത്തുന്ന അൺഎയ്ഡഡ് മാനേജ്മെൻറ് കോളജാണ് അത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. അതിൽ എന്തെങ്കിലും പിശകുണ്ടോ എന്ന വിവരം അറിയില്ല. മുഖ്യമന്ത്രി തിരുവനന്തപുരത്ത് വന്നാൽ ഉടൻ അദ്ദേഹത്തെ കാണുന്നതിനുള്ള സംവിധാനം ഒരുക്കാമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
വാടക വീട്ടിലാണ് നിതിൻ രാജിന്റെ കുടുംബം താമസിക്കുന്നത്. കൂലിവേല പണിക്കാണ് രാജൻ പോകുന്നത്. സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കമാണെങ്കിലും നിതിൻ രാജ് പഠിക്കാൻ നല്ല മിടുക്കനാണ്. അവന് മെറിറ്റിലാണ് ഈ കോളജിൽ പ്രവേശനം കിട്ടിയത്. നിതിനിലായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. മകന്റെ വേർപാടോടെ ആ കുടുംബം അനാഥമായി..’ -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.