'പാരാക്വാറ്റ്' കളനാശിനിക്ക് നിരോധനം; കരട് വിജ്ഞാപനം പുറത്തിറക്കി കാർഷിക മന്ത്രാലയം

ന്യൂഡൽഹി: കാർഷിക മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്നതും എന്നാൽ അതീവ അപകടകരവുമായ 'പാരാക്വാറ്റ് ഡൈക്ലോറൈഡ്' (Paraquat dichloride) എന്ന കളനാശിനി നിരോധിക്കാൻ കേന്ദ്രസർക്കാർ നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കി. ആരോഗ്യ വിദഗ്ധരുടെയും കാർഷിക ശാസ്ത്രജ്ഞരുടെയും ദീർഘകാലമായുള്ള ആവശ്യമായിരുന്നിത്.

ലോകമെമ്പാടുമുള്ള 70-ലധികം രാജ്യങ്ങൾ ഇതിനകം തന്നെ പാരാക്വാറ്റ് നിരോധിച്ചിട്ടുണ്ട്. അതീവ വിഷാംശമുള്ള ഈ രാസവസ്തുവിന് കൃത്യമായ മറുമരുന്നില്ല (Antidote) എന്നതാണ് ഇതിനെ ലോകത്തിലെ ഏറ്റവും അപകടകരമായ കാർഷിക രാസവസ്തുക്കളിലൊന്നായി മാറ്റുന്നത്. പാരാക്വാറ്റ് ശരീരത്തിൽ എത്തിയാൽ ശ്വാസകോശത്തിന് ഗുരുതരമായ തകരാറുകൾ സംഭവിക്കുന്നു.

ഇത് ശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് രോഗിയെ എത്തിക്കും. വൃക്ക, കരൾ, കണ്ണുകൾ, ചർമ്മം എന്നിവയെയും ഇത് സാരമായി ബാധിക്കുന്നു. അബദ്ധവശാലോ അല്ലാതെയോ ഇത് ഉള്ളിലെത്തിയാൽ മരണസാധ്യത വളരെ കൂടുതലാണ്. പാരാക്വാറ്റ് ഉപയോഗിക്കുന്ന കർഷകരും തൊഴിലാളികളുമാണ് ഇതിന്റെ പ്രധാന ഇരകൾ.

കരട് വിജ്ഞാപന പ്രകാരം, പാരാക്വാറ്റ് ഡൈക്ലോറൈഡിന്റെ ഇറക്കുമതി, ഉൽപ്പാദനം, വിൽപ്പന, ഗതാഗതം, വിതരണം, ഉപയോഗം എന്നിവ പൂർണമായും നിരോധിക്കും. നിലവിൽ പാരാക്വാട്ടിന് നൽകിയിട്ടുള്ള എല്ലാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും റദ്ദാക്കപ്പെടും. രജിസ്ട്രേഷൻ ഉള്ള നിർമാതാക്കൾക്കും ഡീലർമാർക്കും തങ്ങളുടെ സർട്ടിഫിക്കറ്റുകൾ രജിസ്ട്രേഷൻ കമ്മിറ്റിക്ക് മുമ്പാകെ സറണ്ടർ ചെയ്യാൻ മൂന്ന് മാസത്തെ സാവകാശം കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം അധികാരം നൽകിയിട്ടുണ്ട്.

ഔദ്യോഗികമായി ഒമ്പത് വിളകളിൽ (ചായ, ഉരുളക്കിഴങ്ങ്, പരുത്തി, റബ്ബർ, കാപ്പി, നെല്ല്, ചോളം, ഗോതമ്പ്, മുന്തിരി) മാത്രമാണ് പാരാക്വാറ്റ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ, വിളവെടുപ്പിന് തൊട്ടുമുമ്പ് ചെടികൾ വേഗത്തിൽ ഉണങ്ങാൻ വേണ്ടി മറ്റ് വിളകളിലും ഇത് വ്യാപകമായി ദുരുപയോഗം ചെയ്തു വരുന്നുണ്ട്. ഇത്തരത്തിൽ രാസവസ്തുക്കൾ ഭക്ഷണശൃംഖലയിൽ എത്തുന്നതും വലിയൊരു ആശങ്കയാണ്.

പാരാക്വാറ്റിന്റെ നിരോധനം മറ്റ് അപകടകരമായ കീടനാശിനികൾക്കെതിരെയുള്ള നടപടികളുടെ തുടക്കമാകുമെന്നാണ് സൂചന. ഗ്ലൈഫോസേറ്റ് (Glyphosate), 2,4-ഡി (2,4-D), ഡൈമെത്തോയേറ്റ് (Dimethoate) തുടങ്ങിയ ലോകമെമ്പാടും നിരോധിക്കപ്പെട്ടതോ നിയന്ത്രണത്തിലുള്ളതോ ആയ പല കീടനാശിനികളും ഇപ്പോഴും ഇന്ത്യയിൽ ഉപയോഗത്തിലുണ്ട്. ഇവയുടെ കാര്യത്തിലും സർക്കാർ വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതൊരു കരട് വിജ്ഞാപനമായതിനാൽ, 2026 ജൂലൈ 13 മുതൽ 30 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട കക്ഷികൾക്കും ഈ നിരോധനത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാവുന്നതാണ്. ഇതിനുശേഷം മാത്രമേ അന്തിമ വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിക്കുകയോള്ളൂ.

Tags:    
News Summary - Ban on the deadly herbicide 'Paraquat'; Ministry of Agriculture issues draft notification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.