തിരുവനന്തപുരം: സി.പി.ഐ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ‘ഡൽഹി ചലോ’ സമരത്തിന് കേരളത്തിൽനിന്ന് സ്പെഷൽ ട്രെയിൻ. കേരളത്തിൽനിന്നുള്ള 1452 സമരപ്രതിനിധികൾക്ക് പോകാനായി 20 ബോഗികളുള്ള തീവണ്ടി ഏഴുദിവസത്തേക്കാണ് സി.പി.ഐ വാടകയ്ക്കെടുത്തത്.
തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും തിരിച്ചുമാണ് സർവിസ് നടത്തുക. പാർട്ടി പ്രവർത്തകർ മാത്രമായിരിക്കും യാത്രക്കാർ. 18 തേഡ് ക്ലാസ് എ.സി. കമ്പാർട്ടുമെന്റുകളും രണ്ട് നോൺ എ.സി ബോഗികളും ഉണ്ടാകും. ഒരാൾക്ക് 9000 രൂപ ചെലവുവരും.
ആദ്യമായാണ് കേരളത്തിൽനിന്നൊരു രാഷ്ട്രീയപാർട്ടി തീവണ്ടി വാടകയ്ക്കെടുത്ത് സമരത്തിന് പോകുന്നത്. ഓഗസ്റ്റ് 29-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. സെപ്റ്റംബർ നാലിന് തിരിച്ചെത്തും. രണ്ടിടത്ത് മാത്രമാണ് നിർത്തുക. അധികമായുള്ള ഓരോ സ്റ്റോപ്പിനും 25,000 രൂപ റെയിൽവേയ്ക്ക് നൽകണം. പത്തുലക്ഷം രൂപ മുൻകൂറായി നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് സമരക്കാരെ എത്തിക്കാൻ രണ്ട് തീവണ്ടിയാണ് പാർട്ടി ബുക്ക് ചെയ്തത്.
'ഡൽഹി ചലോ, ബദലാവ് സരൂരി ഹേ' എന്ന മുദ്രാവാക്യവുമായി സെപ്റ്റംബർ ഒന്നിന് ഡൽഹി റാം ലീലാ മൈതാനത്താണ് റാലിയും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുന്നത്. വിലക്കയറ്റം അവസാനിപ്പിക്കുക, യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക, സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക, വനിതാ സംവരണം ഉടനടി നടപ്പിലാക്കുക, താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക, തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക, ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക, ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക, അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക എന്നീ എട്ട് ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.