പിണറായി വിജയൻ, കെ. മുരളീധരൻ

‘കോടതിക്കെതിരായ പരാമർശം ഗൗരവമുള്ളത്’ -കെ. മുരളീധരനെതിരെ പിണറായി; ശബരിമല സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്നും ആരോപണം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിനെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമവും എതിര്‍ക്കപ്പെടണമെന്നും ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതി ഇടപെടലുകൾ മൂലം സർക്കാറിന് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്നും മറ്റുമുള്ള ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും പിണറായി കുറ്റപ്പെടുത്തി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഹൈകോടതി നിശ്ചയിച്ച പ്രത്യേക സംഘം അന്വേഷിക്കുന്ന കേസിൽ, പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോർഡ് സ്പെഷൽ ഗവ. പ്ലീഡർ പദവി പുതുതായി സൃഷ്ടിച്ച് യു.ഡി.എഫ് സർക്കാര്‍ നിയമിച്ചു. വ്യാപക പ്രതിഷേധങ്ങളെ തുടർന്നാണ് അത് റദ്ദുചെയ്യേണ്ടിവന്നത്. പ്രതിഭാഗം വക്കീലിന് പ്രോസിക്യൂഷന്‍ ഏല്‍പ്പിച്ചാല്‍ കേസ് നല്ലരീതിയില്‍ നടത്താനാകും എന്ന വിചിത്ര ന്യായമാണ് അന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞത്.

പ്രതിപക്ഷത്തുള്ളപ്പോൾ ദേവസ്വം വിഷയങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണങ്ങൾ സ്വാഗതം ചെയ്തവര്‍ അധികാരത്തിലെത്തിയപ്പോൾ കോടതിയുടെ ഇടപെടല്‍ സംബന്ധിച്ച നിലപാട് തന്നെ മാറ്റുകയാ​ണെന്നും പ്രതിപക്ഷ നേതാവ് വിമർ​ശിച്ചു.

കോടതിയുടെ മേൽനോട്ടത്തെ തങ്ങളുടെ സൗകര്യപൂര്‍വം സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും അല്ലാത്തപ്പോൾ തടസ്സങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം വ്യക്തമാണ്. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന രീതിയിൽ മന്ത്രിമാർ സംസാരിക്കുന്നതും ഉചിതമായ രീതിയല്ല. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ ബാധ്യതപ്പെട്ട ഒരു മന്ത്രിയിൽ നിന്ന് കോടതിക്കെതിരായി ഉണ്ടായ ഈ പരാമർശം ഗൗരവമായി കാണണമെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട ഭരണപരവും ആചാരപരവുമായ പല വിഷയങ്ങളിലും കോടതിയുടെ ഇടപെടൽ കാരണം സർക്കാറിന് ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെന്ന് കെ. മുരളീധരൻ നേരത്തേ പ്രസ്താവിച്ചിരുന്നു. ശബരിമല വിഷയങ്ങളിൽ കോടതിയുടെ നിരന്തര ഇടപെടൽ ഭരണനിർവഹണത്തിന് തടസ്സമാകുന്നുവെന്ന വിമർശനവും ഉയർത്തി.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിഭാഗം അഭിഭാഷകനെ സ്പെഷൽ ഗവ. പ്ലീഡറായി നിയമിച്ചപ്പോൾ, ‘പ്രതിഭാഗം അഭിഭാഷകന് തന്നെ പ്രോസിക്യൂഷൻ ചുമതല നൽകിയാൽ കേസ് നല്ല രീതിയിൽ നടത്താൻ കഴിയും’ എന്നാണ് മുരളീധരൻ പ്രതികരിച്ചത്. 

Tags:    
News Summary - Pinarayi Targets Government Over Sabarimala Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.