വിദ്യാ ബാലകൃഷ്ണൻ

മൂന്ന് കോടി തന്നാൽ മ​ന്ത്രിയാക്കാമെന്ന് എലത്തൂർ എം.എൽ.എക്ക് ‘ഓഫർ’; വിളിവന്നത് പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽനിന്ന് എന്ന വ്യാജേന

കോഴിക്കോട്: ഓണത്തിനും പെരുന്നാളിനും ക്രിസ്‍മസിനുമൊക്കെ കണ്ണഞ്ചിപ്പിക്കുന്ന പല ഓഫറുകളും വ്യാപാരികൾ നൽകാറുണ്ട്. എന്നാൽ, മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാമെന്ന ‘ഓഫർ’ കിട്ടിയാലോ? എലത്തൂർ എം.എൽ.എ. വിദ്യാ ബാലകൃഷ്ണനാണ് ഈ വ്യാജ ’ഓഫർ’ കഴിഞ്ഞ ദിവസം കിട്ടിയത്. വയനാട് എം.പി പ്രിയങ്കഗാന്ധിയുടെ ഡൽഹിയിലെ ഓഫിസിൽനിന്ന് എന്നുപറഞ്ഞാണ് വ്യാജൻ വിളിച്ചത്.

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർ സെൽ അന്വേഷണം തുടങ്ങി.

ജൂലൈ ആറിനാണ് വാട്സ്ആപ്പ് കോൾ വന്നത്. രാജ്‌കുമാറാണെന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം. ജില്ലയിലെ ഒരു എം.പി.യാണ് ഫോൺ നമ്പർ തന്നതെന്ന് പറഞ്ഞു. വിളിയിൽ സംശയം തോന്നിയ എം.എൽ.എ, വിവരങ്ങൾ ലഭിക്കാൻ പണം തരാമെന്ന് വാഗ്ദാനം ചെയ്തു. പിന്നാലെ, ഫോൺ നമ്പർ നൽകിയെന്ന് പറഞ്ഞ എം.പി.യെ കാര്യങ്ങൾ അറിയിച്ചു. പാർട്ടി ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചിരുന്നുവെന്നും ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ ഫോൺ നമ്പർ വാങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് എം.പിയും എം.എൽ.എയും പാർട്ടി ആസ്ഥാനവുമായും പ്രിയങ്ക ഗാന്ധിയുടെ ഓഫിസുമായും ബന്ധപ്പെട്ടു. തങ്ങൾ അങ്ങനെ വിളിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ശനിയാഴ്ച സൈബർ സെല്ലിൽ പരാതി നൽകി. ഡൽഹിയിൽ നിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    
News Summary - Elathur MLA offered ministership for Rs 3 crore in fake call using Priyanka Gandhi’s name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.