എ.ഐ ചിത്രം
ഭൂമിയുടെ രേഖ കൈക്കലാക്കി കോടികളുടെ വായ്പ തട്ടിപ്പ്; നിരവധി പേർക്ക് വസ്തു നഷ്ടമായി; പൊലീസ് അന്വേഷണം തുടങ്ങി
കൊച്ചി: സിബിൽ സ്കോറിന്‍റെ പേരിലും മറ്റ് കാരണങ്ങളാലും ബാങ്ക് വായ്പ നിഷേധിക്കപ്പെടുന്നവരെ വലയിലാക്കി വൻ വായ്പ തട്ടിപ്പ്. പൊതുമേഖല ബാങ്കുകൾ അടക്കമുള്ളവയിലെ ഉന്നതരുടെയടക്കം ഒത്താശയോടെ സംസ്ഥാന വ്യാപകമായി 700 കോടിയോളം ഇത്തരത്തിൽ തട്ടിയെടുത്തതായി കരുതുന്നു. പരാതികളെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പ് സംഘത്തിന്‍റെ ചതിയിൽ കുടുങ്ങിയ പാലാരിവട്ടം സ്വദേശിയുടെ പേരിൽ സംഘം വൻ തുക വായ്പയെടുത്ത് 49 കോടിയിലേറെ രൂപയുടെ ബാധ്യത ഉണ്ടാക്കിയെന്ന പരാതിയിൽ പാലാരിവട്ടം പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതിയായ ജെന്നി വർഗീസ് എന്നയാൾക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഈ ബാങ്ക് കേന്ദ്രീകരിച്ച് മാത്രം 40 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ബാങ്കും അന്വേഷണം ആരംഭിച്ചു.
സിബിൽ സ്കോറിന്‍റെ പേരിൽ ബാങ്ക് വായ്പ നിഷേധിക്കപ്പെടുന്നവരുടെ വിവരങ്ങൾ ബാങ്ക് ജീവനക്കാർ തന്നെ തട്ടിപ്പ് സംഘത്തിന് ചേർത്തിനൽകിയെന്നും സംശയിക്കുന്നു. വായ്പ ഏറെ അത്യാവശ്യമായ ഇത്തരക്കാരെ സമീപിക്കുന്ന സംഘം ചെറിയ സാമ്പത്തിക സഹായങ്ങൾ ചെയ്ത് ഇരകളുടെ വസ്തു പ്രമാണങ്ങൾ കൈക്കലാക്കുകയും പിന്നീട് ഇവ ബാങ്കുകൾക്ക് ഈട് നൽകി വൻ തുക വായ്പയെടുക്കുകയുമായിരുന്നു പതിവ്.
ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങി ജപ്തി നോട്ടീസ് ലഭിക്കുമ്പോൾ മാത്രമാണ് വസ്തുവിന്‍റെ യഥാർഥ ഉടമകൾ ചതിവ് അറിയൂ. ഇത്തരത്തിൽ പൊതുപ്രവർത്തകൻ കൂടിയായ കോലഞ്ചേരി സ്വദേശി എൽദോ പോളിന്‍റെ രണ്ട് ഏക്കറോളം സ്ഥലത്തിന്‍റെ രേഖകൾ കൈവശപ്പെടുത്തി സംഘം വൻതുക തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ കേസിൽ ജെന്നി വർഗീസ് ഒന്നാം പ്രതിയും ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുതിർന്ന ഉദ്യോഗസ്ഥൻ രണ്ടാം പ്രതിയുമാണ്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോലഞ്ചേരി ശാഖ ഉദ്ഘാടനം ചെയ്തത് ജെന്നി വർഗീസാണെന്നും ആരോപണമുണ്ട്.
സഹായമായി 1.7 കോടി; കൈക്കലാക്കിയത് 50 കോടിയുടെ സ്വത്ത്
സിബിൽ സ്കോർ മോശമായതിനാൽ വായ്പ നിഷേധിക്കപ്പെട്ട ഘട്ടത്തിലാണ് എൽദോ പോൾ തട്ടിപ്പ് സംഘത്തിന്‍റെ കെണിയിൽ വീണത്. ഒരു കോടിയുടെ വായ്പ ബാങ്കിൽനിന്ന് ശരിയാക്കി നൽകാമെന്ന ഉറപ്പിലാണ് രണ്ട് ഏക്കർ സ്ഥലത്തിന്‍റെ രേഖകൾ എൽദോയിൽനിന്ന് വാങ്ങിയെടുത്തത്. ഇതിനിടെ, വായ്പ വൈകിയതോടെ സംഘം വായ്പ ശരിയാകും വരെയുള്ള അടിയന്തര ആവശ്യത്തിന് നൽകിയ 30 ലക്ഷം രൂപ തിരികെ നൽകി രേഖകൾ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.
പിന്നീട് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കാക്കനാട് ശാഖയിൽനിന്ന് 30 കോടിയുടെ ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് എൽദോ ചതി തിരിച്ചറിഞ്ഞത്.
ബിസിനസ് ആവശ്യത്തിന് എടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാതെ വിഷമിച്ച ഘട്ടത്തിലാണ് പാലാരിവട്ടം സ്വദേശിയെ സംഘം കുടുക്കിയത്. ബാങ്ക് ബാധ്യത തീർക്കാൻ 1.7 കോടി നൽകിയ സംഘം ഇദ്ദേഹത്തിന്‍റെ 50 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് തട്ടിയെടുത്തത്. ഇവ ഉപയോഗിച്ച് സംഘം എടുത്ത വായ്പ മൂലം ഇദ്ദേഹത്തിന് നിലവിൽ കനറാ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയിൽ 49 കോടിയുടെ ബാധ്യതയാണുള്ളത്.
വയനാട് സ്വദേശികളുടെ വസ്തുക്കൾ ഈട് നൽകി സംഘം കൊച്ചിയിലെ എച്ച്.ഡി.എഫ്.സി ബാങ്കിൽനിന്ന് വൻ തുക ബിസിനസ് വായ്പ എടുത്തതായും പരാതിയുണ്ട്. വായ്പ അനുവദിക്കും മുമ്പ് ജാമ്യം നിൽക്കുന്ന വസ്തു ഉടമകളും വായ്പ എടുക്കുന്നവരും ബാങ്കിൽ നേരിട്ട് ഹാജരായി ഒപ്പിടണമെന്നാണ് നിയമം എന്നിരിക്കെ വസ്തു ഉടമകൾ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്തുപോലും ഒപ്പ് രേഖപ്പെടുത്തി എങ്ങനെ വായ്പ അനുവദിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. ബാങ്ക് ജീവനക്കാരുടെ കൂടി ഒത്താശയോടെയാണ് തട്ടിപ്പുകൾ നടന്നതെന്ന സംശയം ബലപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.