എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ

എ.ഡി.ജി.പിക്കായി ‘രക്ഷാപ്രവർത്തനം’; എസ്.ഐ.ടി റിപ്പോർട്ട് മടക്കി ഡി.ജി.പി; വ്യക്തതയും തുടരന്വേഷണവും വേണമെന്ന്

തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് ഡി.ജി.പി മടക്കി. റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കുറച്ചുകൂടി വ്യക്‌തത വേണമെന്നും അക്കാര്യങ്ങൾ അന്വേഷിക്കണമെന്നുമാണ് ഡി.ജി.പിയുടെ നിലപാട്.

ആരോപണവിധേയനായ എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാറിനെ രക്ഷിക്കാൻ അണിയറയിൽ ശ്രമം നടക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ഡി.ജി.പി രവാഡ ചന്ദ്രശേഖറിന്‍റെ നടപടി. എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സമർപ്പിച്ച റിപ്പോർട്ട് മൂന്നാഴ്ചക്കുശേഷമാണ് വ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടി മടക്കിയത്. വ്യക്തത വേണ്ട ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചത്. വ്യക്തത ആവശ്യമുള്ള ഭാഗങ്ങളിൽ തുടരന്വേഷണം നടത്താനും നിർദേശം നൽകി. കഴിഞ്ഞമാസം 23ന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചശേഷമാണ് നടപടി. എത്രയുംവേഗം തുടരന്വേഷണം പൂർത്തിയാക്കി വീണ്ടും റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

അതേസമയം, എസ്.ഐ.ടിക്ക് നേതൃത്വം നൽകിയ എസ്.പി സ്ഥലംമാറിപ്പോയിട്ടുണ്ട്. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ആദ്യ മന്ത്രിസഭായോഗത്തിലാണ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതി നിർദേശപ്രകാരമായിരുന്നു ഇത്. എസ്.ഐ.ടി വേഗത്തിൽ അന്വേഷണം നടത്തി മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഞ്ച് സുരക്ഷാജീവനക്കാർക്കെതിരെ ആദ്യം റിപ്പോർട്ട് നൽകിയിരുന്നു. അതിനുപിന്നാലെയാണ് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ, കേസ് ആദ്യം അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥർ, എ.ഡി.ജി.പി ഓഫിസിലെ രണ്ട് ഗ്രേഡ് എസ്.ഐ.മാർ എന്നിവർക്ക് കേസ് അട്ടിമറിയിൽ പങ്കുണ്ടെന്ന റിപ്പോർട്ടും സമർപ്പിച്ചത്.

ഇതിൽ സർക്കാർ നടപടി സ്വീകരിക്കാത്തത് വിവാദങ്ങൾക്ക് കാരണമായി. എ.ഡി.ജി.പി അജിത്ത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള ഒളിച്ചുകളിയാണിതെന്നും ആരോപണമുണ്ട്. റിപ്പോർട്ട് മടക്കിയതുൾപ്പെടെ ചോദ്യങ്ങളോട് ബുധനാഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയം.

‘എ.ഡി.ജി.പി വയനാട്ടിൽ’; വ്യക്തത വേണമെന്ന് ഡി.ജി.പി

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ മർദിച്ച സംഭവത്തിന്‍റെ കേസ് ഡയറി തിരുത്തിയെന്ന് പറയപ്പെടുന്ന സമയത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എം.ആർ. അജിത്കുമാർ വയനാട്ടിലായിരുന്നെന്നും അതിനാൽ ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് ഡി.ജി.പി രവാഡ ചന്ദ്രശേഖർ എസ്.ഐ.ടി റിപ്പോർട്ട് മടക്കിയത്.

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എ.ഡി.ജി.പി വയനാട്ടിലായിരുന്നപ്പോഴാണ് എ.ഡി.ജി.പിയുടെ ഓഫിസിൽവെച്ച് കേസ് ഡയറി തിരുത്തിച്ചതെന്ന മൊഴിയുടെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് ഡി.ജി.പി നിർദേശിച്ചത്. വ്യക്തത വരുത്തിയില്ലെങ്കിൽ കേസ് ഡയറി തിരുത്തിയെന്ന ആക്ഷേപത്തിൽ അജിത്കുമാറിന്‍റെ നേരിട്ടുള്ള പങ്ക് വ്യക്തമാകില്ല.

ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുംമുമ്പ് പഴുതടച്ച റിപ്പോർട്ട് വേണമെന്നാണ് ഡി.ജി.പിയുടെ ആവശ്യം. എന്നാൽ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായിരുന്ന അജിത്കുമാർ വയനാട് ഡ്യൂട്ടിയിലായിരുന്നപ്പോഴും കേസ് ഡയറി തിരുത്താൻ നിരന്തരം നിർബന്ധിച്ചിരുന്നെന്ന് കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുൾപ്പെടെ മൊഴി നൽകിയിരുന്നു. കേസ് ഡയറി തിരുത്തിക്കാൻ മാത്രം എ.ഡി.ജി.പി തന്‍റെ ഓഫിസിൽ എത്തിയെന്ന് അദ്ദേഹത്തിന്‍റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു.

Tags:    
News Summary - 'Rescue operation' for ADGP; DGP returns SIT report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.