അഴീക്കോട് മണ്ഡലത്തിൽ നിലവിലെ എം.എൽ.എ. കെ.വി. സുമേഷിനെ പ്രദേശത്തുകാർ പൂക്കുടയുമായി സ്വീകരിച്ചാനയിക്കുന്നു
അഴീക്കോട്: എം.വി. രാഘവന്റെ കാലം മുതൽ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മണ്ഡലമാണ് അഴീക്കോട്. ഇത്തവണയും തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ അഴീക്കോട് മണ്ഡലം വീണ്ടും രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
മണ്ഡലത്തിൽ രണ്ടുതവണ സാന്നിധ്യം ഉറപ്പിച്ച യു.ഡി.എഫ് ഇത്തവണ നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശക്തമായ പ്രചാരണത്തിലൂടെയാണ് മുന്നേറുന്നത്. നേരത്തേ തന്നെ പ്രചാരണരംഗത്ത് സജീവമായതിനാൽ വ്യാപകമായ കുടുംബയോഗങ്ങളും മണ്ഡലത്തിൽ ഇരട്ടപ്രചാരണവും നടത്താൻ കഴിഞ്ഞത് എൽ.ഡി.എഫിന് നേട്ടമായതായി വിലയിരുത്തപ്പെടുന്നു.
അഴീക്കോട് മണ്ഡലത്തിലെ പ്രചാരണത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരിം ചേലേരി വോട്ടഭ്യർഥിക്കുന്നു
എം.എൽ.എ കെ.വി. സുമേഷ് നേടിയെടുത്ത ജനകീയതയും വികസന പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് രംഗത്തെത്തുന്നത്. ഏകദേശം 5962 കോടി രൂപ ചെലവിൽ 443 പദ്ധതികൾ നടപ്പാക്കിയതായാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. നീർക്കടവ് മേഖലയിലെ മിനി ഫിഷ് ലാൻഡിങ് സെന്റർ, ചാൽ ബീച്ചിന്റെ ബ്ലൂ ഫ്ലാഗ് പദവി, പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി, ചിറക്കൽ ചിറ നവീകരണം, തീരദേശ ഹൈവേ വികസനം, സർക്കാർ സ്കൂളുകളുടെ നവീകരണം, ചെറുശ്ശേരി സ്മാരക നിർമാണം എന്നിവ ഉൾപ്പെടുന്ന മികച്ച വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നതാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.
എന്നാൽ, മണ്ഡലത്തിലെ വികസന മുരടിപ്പാണ് യു.ഡി.എഫ് പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്. അഴീക്കോട്, ചിറക്കൽ മേഖലകളിലെ കൈത്തറി വ്യവസായത്തിന്റെ തകർച്ചയും കൈത്തറി ഗ്രാമത്തിന്റെ ശോച്യാവസ്ഥയും അവർ ഉയർത്തിക്കാണിക്കുന്നു. കൂടാതെ, വർഷങ്ങളായി പൊളിച്ചിട്ട നിലയിൽ തുടരുന്ന അഴീക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുനർനിർമാണത്തിൽ ഉണ്ടായ വീഴ്ചയും പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം പുരോഗതിയില്ലാതെ നിൽക്കുന്നതും ഇ.എസ്.ഐ ആശുപത്രിയുടെ തകർച്ചയും എം.എൽ.എയുടെ പരാജയമായാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
അഴീക്കോട് പോർട്ടിന്റെ നവീകരണം എൽ.ഡി.എഫ് ചൂണ്ടിക്കാണിക്കുമ്പോൾ, കഴിഞ്ഞ അഞ്ച് വർഷമായി ഒരു കപ്പൽ പോലും എത്താത്തത് എന്ത് വികസനമാണെന്ന് യു.ഡി.എഫ് ചോദിക്കുന്നു.
കെ.വി. സുമേഷിന് ലഭിക്കുന്ന സ്വീകരണങ്ങളിൽ കാണുന്ന വലിയ ജനപങ്കാളിത്തം, നാട്ടുകാരും കുടുംബങ്ങളും അദ്ദേഹത്തെ തങ്ങളിൽ ഒരാളായി കാണുന്ന സമീപനവും വോട്ടായി മാറുമെന്നാണ് എൽ.ഡി.എഫിന്റെ വിശ്വാസം. എന്നാൽ, ഭരണവിരുദ്ധ വികാരം മണ്ഡലത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ അത് എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന് കാണേണ്ടതുണ്ട്.
ബി.ജെ.പി സ്ഥാനാർഥി കെ.കെ. വിനോദ് കുമാർ തെയ്യത്തിൽനിന്ന് അനുഗ്രഹം വാങ്ങുന്നു
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.വി. സുമേഷ് നേടിയ 6141 വോട്ടിന്റെ ഭൂരിപക്ഷം മൂന്നിരട്ടിയാക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്.ഇതിനിടെ, യു.ഡി.എഫ് സ്ഥാനാർഥിയായ അഡ്വ. കരിം ചേലേരി ആദ്യമായി മത്സരിക്കുമ്പോഴും, മുൻ എം.എൽ.എ കെ.എം. ഷാജി ആരംഭിച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ട് വെച്ചാണ് പ്രചരണം ശക്തമാക്കുന്നത്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്, യു.ഡി.എഫ് ജില്ല കൺവീനർ എന്നീ നിലകളിൽ നേടിയ ജനപിന്തുണയും സി.എച്ച് സെന്ററിലൂടെ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും അനുകൂലമായി വരുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാർഥി കരിം ചേലേരി.
കൈത്തറി മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ ജോലി ചെയ്ത വ്യക്തിയായതിനാൽ ആ മേഖലയുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയ ആളാണ് താനെന്നും, വിജയിച്ചാൽ കൈത്തറി ഗ്രാമത്തിന്റെ നവീകരണത്തിനും തകർന്ന ഹാൻവീവ് വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനും മുൻഗണന നൽകുമെന്നും കരിം ചേലേരി വ്യക്തമാക്കുന്നു. കൂടാതെ, ചിറക്കൽ കോവിലകത്തെ പൈതൃക ഗ്രാമമാക്കി മാറ്റുന്നതും ആരോഗ്യകേന്ദ്രങ്ങളുടെ നവീകരണവും വാഗ്ദാനങ്ങളിലുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫ് നേടിയ 21,857 വോട്ടുകളുടെ ഭൂരിപക്ഷവും, തദ്ദേശ തെരഞ്ഞെടുപ്പിൽ നാറാത്ത് പഞ്ചായത്ത് പിടിച്ചെടുത്തതും, പാപ്പിനിശ്ശേരി, ചിറക്കൽ, വളപട്ടണം, അഴീക്കോട് പഞ്ചായത്തുകളിലെ അംഗസംഖ്യ വർധനയും കോർപറേഷനിലെ നേട്ടങ്ങളും ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന് അനുകൂല സാഹചര്യമായി അവർ വിലയിരുത്തുന്നു. കൂടാതെ, സി.പി.എമ്മിലെ വിഭാഗീയതയും അവരുടെ പ്രതീക്ഷ ശക്തമാക്കുന്നു.
ബി.ജെ.പി സ്ഥാനാർഥിയായ കെ.കെ. വിനോദ് കുമാറും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ടുകൾ നേടാനുള്ള ലക്ഷ്യത്തോടെ പ്രചാരണരംഗത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.