മരിച്ച ഷെഹന

അടൂരിലെ യുവതിയുടെ മരണം; ആത്മഹത്യയെന്ന് പരിശോധനാ ഫലം; സുഹൃത്തായ യുവാവ് കസ്റ്റഡിയിൽ തുടരുന്നു

അടൂർ: അടൂരിലെ യുവതിയുടെ മരണം ആത്മഹത്യയെന്ന് പരിശോധനാ ഫലം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജനാണ് പരിശോധന നടത്തിയത്.

സംഭവത്തിൽ യുവതിയുടെ സുഹൃത്തും ഏഴംകുളം സ്വദേശിയുമായ യുവാവ് കസ്റ്റഡിൽ തുടരുകയാണ്. ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഷെഹനയുടെ മരണത്തിൽ യുവാവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുമോ എന്നത് കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ചയാണ് വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) യെ വീട്ടിനുള്ളിലെ ഹാളിൽ സ്റ്റെയറിന്‍റെ പിടിയിൽ ഒരു ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ആളാണ് കസ്റ്റഡിയിൽ ഉള്ള യുവാവ്. സംഭവമറിഞ്ഞ് ആളുകൾ എത്തുമ്പോൾ ഷെഹനയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഷാൾ കഴുത്തിൽ കുരുങ്ങിയപ്പോൾ കഴുത്തിലെ ഞരമ്പുകൾ പൊട്ടി മുക്കിൽ കൂടി എത്തിയ രക്തമെന്നാണ് മൃതദേഹപരിശോധനയിൽ നിന്നും മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. യുവാവ് സുഹൃത്തുക്കളുമൊത്ത് മൊബൈൽ ഫോണിൽ എടുത്ത ചിത്രത്തെ പറ്റിയുള്ള തർക്കമാണ് ഉണ്ടായതെന്നാണ് പറയുന്നത്.

തർക്കത്തിനിടയിൽ ഷെഹന മുറിക്ക് പുറത്തേക്ക് പോയി. ഈ സമയം താൻ മുറിക്കുള്ളിൽ ഇരിക്കുമ്പോൾ ഒരു ശബ്ദം കേട്ട് ചെന്നു നോക്കുമ്പോഴാണ് ഷെഹന തൂങ്ങി നിൽക്കുന്നത് കണ്ടതെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി. അടൂർ ഡിവൈ.എസ്.പി. വി.എസ്. പ്രദീപ്കുമാർ, സി.ഐ. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്.

ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് സംഭവസ്ഥലം സന്ദർശിച്ചു. എന്നാൽ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ പറയുന്നു.

Tags:    
News Summary - Death of a young woman in Adoor; Young man remains in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.