തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം ആഘോഷിക്കുന്ന ഷാഫി പറമ്പിൽ എം.പിയും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാറും -ചിത്രം: പി സന്ദീപ്

67 വോട്ടി​ന്റെ വില ഒരു കോർപറേഷൻ; കോഴിക്കോട് യു.ഡി.എഫിന് ഭരണം നഷ്ടമായത് തലനാരിഴക്ക്

കോഴിക്കോട്: വാവിട്ട വാക്കും, കൈവിട്ട കല്ലും പോലെ തന്നെയാണ് ഇ.വി.എമ്മിൽ കുത്തിയ വോട്ടും. ജനഹിതം വോട്ടിങ് മെഷീനിലായി കഴിഞ്ഞാൽ പിന്നെ നോക്കി നിൽക്കാനെ കഴിയൂ. അത് ഇപ്പോൾ ശരിക്കും അനുഭവിക്കുന്നവരാണ് കോഴിക്കോട് കോർപറേഷനിലെ യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കേരളത്തിലുടനീളം മിന്നുന്ന പ്രകടനം നടത്തി ആറിൽ നാല് കോർപറേഷൻ ഭരണവും ഇതര തദ്ദേശ സ്ഥാപനങ്ങളിലും തിളക്കമേറിയ വിജയം നേടിയപ്പോൾ, എൽ.ഡി.എഫിന് ഭരിക്കാൻ ലഭിച്ച ഏക കോർപറേഷനാണ് കോഴിക്കോട്.

അവസാനലാപ്പ് വരെ ത്രില്ലർ പോരാട്ടം കാഴ്ചവെച്ച ശേഷം, ഫോട്ടോ ഫിനിഷിൽ കളി ജയിച്ച ആശ്വാസത്തിലാണ് ​കോഴിക്കോട്ടെ എൽ.ഡി.എഫ് കോട്ടകൾ. എന്നാൽ, തലനാരിഴ വ്യത്യാസത്തിൽ ഭരണം കൈവിട്ടതിന്റെ നിരാശയിൽ കോൺഗ്രസ്-ലീഗ് ക്യാമ്പുകളും.

34 ഡിവിഷനുകൾ ജയിച്ചാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ഇടതു തന്നെ കോഴിക്കോട് ഭരിക്കും. യു.ഡി.എഫിന് 28 ഡിവിഷനുകളാണ് ലഭിച്ചത്. പത്തു സീറ്റിനപ്പുറം കേവലഭൂരിപക്ഷം കിട്ടുമായിരുന്ന യു.ഡി.എഫിന് ചുരുങ്ങിയത് നാല് സീറ്റിലെങ്കിലും ജയിച്ചിരുന്നെങ്കിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകാമായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയുള്ള വിലയിരുത്തൽ.

നാല് സീറ്റുകൾ ഒമ്പത് മുതൽ 22 വരെ വോട്ടുകൾക്ക് തോറ്റതിന്റെ കണക്കുകൾ മുന്നോട്ട് വെച്ചാണ് രാഷ്ട്രീയ ക്യാമ്പുകൾ ഈ വിലയിരുത്തൽ നടത്തുന്നത്.

സി.പി.എം ജയിച്ച ചെലവൂർ, അരക്കിണർ, ചെറുവണ്ണൂർ വെസ്റ്റ്, ബി.ജെ.പി ജയിച്ച പുതിയറ എന്നിവടങ്ങളിൽ നേരിയ വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥികൾ തോറ്റത്.

ചെലവൂരിൽ സി.പി.എമ്മിലെ പി. ഉഷാദേവി കോൺഗ്രസിലെ ഇ.കെ ഷിജിയെ തോൽപിച്ചത് 17 വോട്ട് വ്യത്യാസത്തിലാണ്.

അരക്കിണർ വാർഡാണ് മറ്റൊന്ന്. സി.പി.എമ്മിലെ ബീരാൻകോയ മുസ്‍ലിം ലീഗിലെ സി. നൗഫലിനെ തോൽപിച്ചത് 19 വോട്ടിന്.

ചെറുവണ്ണൂർ വെസ്റ്റാണ് മറ്റൊരു ഡിവിഷൻ. ഇവിടെ സി.പി.എമ്മിലെ എം.പി ഷഹർബാൻ യു.ഡി.എഫ് സ്വതന്ത്ര സൗദ കൊല്ലേരിത്താഴത്തെ തോൽപിച്ചത് വെറും 22 വോട്ടിന്. ബി.ജെ.പി ജയിച്ച പുതിയറയിൽ കോൺഗ്രസി​ന്റെ ഷേർളി പ്രമോദ് ഒമ്പത് വോട്ടിനും തോറ്റു. ഈ നാല് വാർഡളിലെ ആകെ വോട്ട് ​വ്യത്യാസം 67 വോട്ടുകൾ. ഇവിടെ, ഫലം മറിഞ്ഞാൽ, യു.ഡി.എഫിന് കോർപറേഷൻ സീറ്റ് നില 32 ആയി ഉയരുകയും, എൽ.ഡി.എഫിന് 31ലേക്ക് ചുരുങ്ങുകയും ചെയ്യും. കേവല ഭൂരിപക്ഷത്തിലെത്തില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ കോഴിക്കോട് കോർപറേഷൻ ഭരിക്കാമായിരുന്നുവെന്നോർത്ത് നെടുവീർപ്പിടുകയാണിപ്പോൾ നേതൃത്വവും പ്രവർത്തകരും.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാറും ഇക്കാര്യം വ്യക്തമാക്കി.

നാല് സീറ്റുകൾ യു.ഡി.എഫിനൊപ്പം വന്നിരുന്നുവെങ്കിൽ എൽ.ഡി.എഫിനും മുകളിൽ സീറ്റുകൾ നേടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലെ വലിയ അട്ടിമറിയിലൂടെ കോഴിക്കോട് കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള സുവർണാവസരം കപ്പിനും ചുണ്ടിനുമിടയിലാണ് യു.ഡി.എഫിന് ഇപ്പോൾ നഷ്ടമായത്.

പുതിയങ്ങാടിയിൽ 62ഉം, പാളയത്ത് 73ഉം, പൂളക്കടവിൽ 92 വോട്ടിനുമാണ് യു.ഡി.എഫിന് സീറ്റുകൾ നഷ്ടമായത്. ഇവ കൂടി ലഭിച്ചാൽ കക്ഷി നില 35ലും എത്തിക്കാമായിരുന്നു.

2010ൽ 34 സീറ്റ് നേടിയതായിരുന്നു കോഴിക്കോട് കോർപറേഷൻ ചരിത്രത്തിലെ യു.ഡി.എഫിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. ഈ വർഷം, ജില്ലാ പഞ്ചായത്തിലും കുടുതൽ ഗ്രാമഞ്ചായത്തുകളിലും വിജയച്ചതി​ന്റെ ആശ്വാസത്തിനിടയിലാണ് കോർപറേഷനിലെ ഈ കണക്കുകളിലെ കളികൾ.

യു.ഡി.എഫിന് ​നിസ്സാര വോട്ടിന് നഷ്ടമായ വാർഡുകൾ

  • ചെലവൂർ- 17 വോട്ട് തോൽവി (ജയം സി.പി.എം)
  • അരക്കിണർ- 19 വോട്ട് തോൽവി (ജയം സി.പി.എം)
  • ചെറുവണ്ണൂർ വെസ്റ്റ് 22 വോട്ട് തോൽവി (ജയം സി.പി.എം)
  • പുതിയറ -ഒമ്പത് വോട്ട് തോൽവി (ജയം ബി.ജെ.പി)
Tags:    
News Summary - UDF lost majority in Kozhikode Corporation by 67 votes.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.