കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കാതെയുള്ള ടോൾ പിരിവ് നിർത്തലാക്കണം; ലോക്‌സഭയിൽ എം.കെ. രാഘവൻ എം.പി

ന്യൂഡൽഹി: ദേശീയപാത 66 കോഴിക്കോട് ബൈപാസിൽ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതിന് മുമ്പേ ടോൾ പിരിവ് ആരംഭിച്ചതിനെതിരെ ലോക്‌സഭയിൽ പ്രതിഷേധമറിയിച്ച് എം.കെ. രാഘവൻ എം.പി. ചട്ടം 377 പ്രകാരം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് വിഷയം സഭയിൽ ഉന്നയിച്ചത്.

പലയിടങ്ങളിലും നിർമാണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പാത പൂർണമായും പ്രവർത്തനസജ്ജമാകാത്ത സാഹചര്യത്തിൽ ടോൾ ഈടാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർവിസ് റോഡുകളുടെ അഭാവം പ്രദേശവാസികളുടെ യാത്രയെ സാരമായി ബാധിച്ചു. സർവിസ് റോഡുകളില്ലാത്തതിനാൽ ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ പ്രധാന പാതയിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിനു പുറമെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളെ പൂർണമായും വാണിജ്യ വാഹനങ്ങളായി കണക്കാക്കി ടോൾ ഈടാക്കുന്ന നടപടി തിരുത്തണമെന്നും ഇത്തരം വാഹനങ്ങൾക്ക് പ്രതിമാസ പാസ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

സർവിസ് റോഡുകളിൽ കാൽനടയാത്രക്കാർക്ക് ആവശ്യമായ നടപ്പാതകൾ ഇല്ലാത്തത് മുതിർന്ന പൗരന്മാർക്കും വിദ്യാർഥികൾക്കും വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. അതിനാൽ, പദ്ധതി പൂർണമായും പൂർത്തിയാകുകയും ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നത് വരെ ടോൾ പിരിവ് നിർത്തിവെക്കാൻ മന്ത്രാലയം തയാറാകണമെന്നും രാഘവൻ എം.പി ആവശ്യപ്പെട്ടു.

Tags:    
News Summary - Toll collection should be stopped until the construction of Kozhikode bypass completed -M.K. Raghavan MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.