ദോഹ/ചാവക്കാട്: മിനിറ്റുകളുടെ ഇടവേളയിൽ നടന്ന ബന്ധുക്കളുടെ രണ്ട് മരണം ചാവക്കാട്ടെ കുടുംബത്തെയും നാട്ടുകാരെയും പ്രവാസികളെയും ഒരുപാലെ സങ്കടക്കടലിലാക്കി. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.പി മൻസൂർ അലിയുടെ പിതാവ് വട്ടേക്കാട് അമ്പലത്തിൽ അബ്ദുൽ മജീദാണ് ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ മരിച്ചത്. റോഡിൽ തെന്നി വീണ് കാലിൽ എല്ല് പൊട്ടി ചികിത്സയിൽ കഴിയവെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
ഇതേസമയം, മൻസൂറിന്റെ മാതൃ സഹോദരൻ പൈങ്കണ്ണിയൂർ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ ഹസ്സനാർ മാസ്റ്ററുടെ മകൻ അബ്ദുൾ ഖാദർ ഖത്തറിൽ വെച്ച് ഹൃദയാഘാതം മൂലവും മരിച്ചു. ജോലിസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ താമസസ്ഥലത്ത് അന്വേഷിച്ചപ്പോഴാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അബ്ദുൽ മജീദിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രി എട്ടിന് വട്ടേക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും
അബ്ദുൽ ഖാദറിന്റെ മൃതദേഹം ഖത്തറിൽനിന്ന് മരണാനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സുലൈഖയാണ് അബ്ദുൽ മജീദിന്റെ ഭാര്യ. സുഫൈജ മകളാണ്. മരുമക്കൾ : റഫീഖ്, സീന. സൈറ ബാനുവാണ് അബ്ദുൽ ഖാദറിന്റെ ഭാര്യ. മക്കൾ: സഹൽ, സർത്താജ്, ഷമ്മു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.