തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ഒന്നാംപ്രതി അന്നത്തെ ജില്ലാ കലക്ടർ - വി.എസ് സുനിൽകുമാർ

തൃശൂർ: പൂരം അലങ്കോലപ്പെട്ടതിൽ ഒന്നാം പ്രതി അന്നത്തെ ജില്ലാ കലക്ടറാണെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. ഇതേ കലക്ടർക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചക്കകം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചതോടെ അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം നടക്കുമ്പോൾ ജില്ലാ കലക്ടറുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു.

സത്യംപറഞ്ഞാൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇതിൽ പ്രതിസ്ഥാനത്ത് വരികയാണെങ്കിൽ ഒന്നാംപ്രതിയായി വരേണ്ടത് അന്നത്തെ ജില്ലാ കലക്ടർ തന്നെയാണ്. തൃശൂർ പൂരം അലങ്കോലപ്പെടാനുള്ള അവസരം ഉണ്ടായത് കലക്ടറുടെ നിസംഗത കാരണമാണ്. അന്ന് ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടപ്പോൾ നിങ്ങൾ അങ്ങോട്ടേക്ക് വരേണ്ടെന്നാണ് കലക്ടർ പറഞ്ഞത്. പക്ഷെ സംഭവിച്ചത് മറിച്ചാണെന്നും സുനിൽകുമാർ ആരോപിച്ചു.

പൂരം നടത്തിപ്പിന്റെ പ്രധാന ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും ജില്ലാ കലക്ടർക്കുമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ മന്ത്രിമാർക്കോ രാഷ്ട്രീയനേതാക്കൾക്കോ അത്തരം കാര്യങ്ങളിൽ ഇടപെടാൻ പരിമതിയുണ്ടായിരുന്നു.

അന്ന് പുലർച്ചെ മൂന്നരക്ക് ശേഷം താനും മന്ത്രി രാജനും ഇടപെട്ടാണ് വെടിക്കെട്ട് നടത്തിയത്. കലക്ടർ യോഗത്തിനെത്തിയില്ല. പൂരം അലങ്കോലപ്പെടുന്നെങ്കിൽ അങ്ങനെയാവട്ടെ എന്ന് അദ്ദേഹം കരുതിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹം മാറിയപ്പോൾ അത് വ്യക്തമാണ്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തെ കുറ്രപ്പെടുത്തുന്നതിൽ തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂർ പുരം അടുത്തിരിക്കെ ഒരുവിവാദത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ തിരുവമ്പാടി ദേവസ്വം പ്രതിയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നതിനോട് യോജിക്കാനാകില്ല.

പൂരം കലക്കലിൽ നടന്ന രാഷ്ട്രീയ ഗൂഢാലോചനയാണ് പുറത്തുവരേണ്ടത്. ആ ഗൂഢാലോചന നടത്തിയിട്ടുള്ളത് അതിന്റെ രാഷ്ട്രീയമായ ലാഭം കൊയ്തിട്ടുള്ള ആ പ്രസ്ഥാനവും അതിന്‍റെ ആളുകളുമാണ്. അവർക്ക് സഹായകമായ നിലപാടുകൾ ദേവസ്വത്തിലെ ചില ആളുകൾ എടുത്തിട്ടുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും അതുണ്ടായെന്നും വി.എസ്. സുനിൽകുമാർ വ്യക്തമാക്കി.

Tags:    
News Summary - The then district collector is the prime accused in the Thrissur Pooram riots.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.